ടൊറന്റോ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ലോകത്തെ ഭീതിയിലാഴ്ത്തവേ സമ്പന്നരാജ്യങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ കൂട്ടായ്മയായ ജി-7 ഉച്ചകോടിക്ക് കാനഡയില്‍ തുടക്കമായിരിക്കുകയാണ്. ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തെങ്കിലും അദ്ദേഹം നേരത്തെ അമേരിക്കയിലേക്ക് തിരിച്ചു. വാഷിംഗ്ടണില്‍ അദ്ദേഹത്തിന് 'പ്രധാനപ്പെട്ട കാര്യങ്ങള്‍' ചെയ്യാനുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.
ട്രംപിന്റെ നേരത്തെയുള്ള മടക്കം ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടാണ് എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണടക്കം രാവിലെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തള്ളുകയും മാക്രോണ്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞുകൊണ്ട് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ മടക്കത്തിന് പിന്നില്‍ വെടിനിര്‍ത്തലുമായി ബന്ധമില്ലെന്ന് അറിയിച്ച ട്രംപ് അതിനേക്കാള്‍ വളരെ വലിയ കാര്യത്തിനാണെന്നും വ്യക്തമാക്കിയിരിക്കുകയാണ്. കാത്തിരുന്ന് കാണാമെന്നും ട്രംപ് പറയുന്നു. കാനഡയില്‍നിന്ന് എയര്‍ഫോഴ്‌സ് വണ്ണില്‍ കയറിയതിന് പിന്നാലെ ട്രൂത്ത് സോഷ്യയിലാണ് ട്രംപ് തന്റെ മടക്കം സംബന്ധിച്ച് പ്രതികരണം നടത്തിയത്.
'പബ്ലിസിറ്റി തേടുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ നിന്ന് ഞാന്‍ വാഷിങ്ടണിലേക്ക് തിരിച്ചുപോകുന്നത് ഇസ്രായേലിനും ഇറാനും ഇടയിലുള്ള 'വെടിനിര്‍ത്തല്‍' സംബന്ധിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞു. അത് തെറ്റാണ്. ഞാന്‍ ഇപ്പോള്‍ വാഷിങ്ടണിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന് അറിയില്ല, അതിന് വെടിനിര്‍ത്തല്‍ കരാറുമായി യാതൊരു ബന്ധവുമില്ല. അതിനേക്കാള്‍ വളരെ വലുതാണ്. മനഃപൂര്‍വ്വമോ അല്ലാതെയോ, ഇമ്മാനുവല്‍ എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. കാത്തിരിക്കൂ' - ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇസ്രായേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ട്രംപ് വാഗ്ദാനം ചെയ്തതായി മാക്രോണ്‍ നേരത്തെ പറഞ്ഞിരുന്നു.
ഇതിനിടെ ഇറാന്റെ ആണവ പദ്ധതിക്ക് ഒരു 'യഥാര്‍ത്ഥ അന്ത്യം' ഉണ്ടാകണമെന്ന് താനാഗ്രഹിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എയര്‍ഫോഴ്സ് വണ്ണില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.
'ഞാന്‍ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല, ഇറാന്‍ ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നത്. ഇറാനെതിരായ ആക്രമണത്തിന്റെ വേഗം ഇസ്രായേല്‍ കുറയ്ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ നിങ്ങള്‍ അത് തിരിച്ചറിയും.' ട്രംപ് പറഞ്ഞു. മേഖലയിലെ യുഎസ് താല്‍പ്പര്യങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഇറാനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Trump says 'we’re looking at better than a ceasefire' as Iran and Israel exchange more strikes
Published: 17 Jun 2025, 03:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented