രണ്ടാംഭരണത്തിന്റെ തുടക്കംമുതൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൈക്കൊള്ളുന്ന വഴിവിട്ട നടപടികൾ പലതും തോന്നിവാസമാണെന്നും അമിതാധികാരപ്രവണതയാണെന്നും പക്വതയില്ലാത്ത, അഹങ്കാരം നിറഞ്ഞ എടുത്തുചാട്ടമാണെന്നുമാണ് പൊതുവെ ലോകം കരുതുന്നത്. അമേരിക്കയിൽ പോലും അങ്ങനെ തന്നെ. വെനസ്വേലയിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനികാക്രമണത്തിലൂടെ തട്ടിക്കൊണ്ടു പോയതു മുതൽ ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ഭീഷണി വരെ, പിഴത്തീരുവകൾ ചുമത്തി ആഗോള വ്യാപാരപങ്കാളികളോട് മര്യാദയില്ലാതെ പെരുമാറുന്നതും ഇറാൻ സർക്കാരിനെ അട്ടിമറിക്കാൻ നാട്ടുകാരെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നതും യുക്രൈൻ യുദ്ധത്തിൽ റഷ്യക്ക് അനുകൂലമായി സംസാരിക്കുന്നതും വരെ.

To advertise here,

സ്വന്തം സഖ്യകക്ഷികളെയും ജനാധിപത്യമൂല്യങ്ങളെയും ദുർബലപ്പെടുത്തുന്ന സ്വാർത്ഥമതിയായ ട്രംപ്, അപകടകാരിയായ ഏകാധിപതിയാണെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. ഒട്ടും പ്രവചിക്കാനാവാത്ത രീതിയിൽ പെരുമാറുന്ന ഈ മനുഷ്യന്റെ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടോയെന്ന് ലോകം ചോദിക്കുന്നു. എന്നാൽ, ഇതിനുപിന്നിൽ വ്യക്തമായ ഒരു ചിന്താപദ്ധതിയുണ്ടെന്ന് കരുതുന്നവരും കുറവല്ല. ആ പദ്ധതിക്കുപിന്നിൽ അമേരിക്കയിലെ നിഗൂഢരാഷ്ട്രം അഥവാ ഡീപ് സ്റ്റേറ്റ് ആണെന്ന് അവർ ശക്തിയുക്തം വാദിക്കുന്നു. എക്‌സ് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ വരുന്ന നിരവധിയായ ഇത്തരം വിപരീതവീക്ഷണങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഇപ്പോൾ കൂടുതൽ ശ്രദ്ധനേടുകയാണ്.

ലോകം കാണുന്നത് ചൈനയ്ക്ക് മേധാവിത്വമുള്ള ലോകക്രമം വരാനുള്ള പഴുതുകളെ അമേരിക്ക അടയ്ക്കുന്നതാണ് എന്നും, ഈ ലക്ഷ്യം നേടാൻ ട്രംപിനെ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചത് ഡീപ് സ്റ്റേറ്റാണെന്നും വാദിക്കുന്നവരുണ്ട്. പാനമ കനാലും വെനസ്വേലയും നിയന്ത്രണത്തിലാക്കിയ യുഎസ് വൈകാതെ തെക്കേ അമേരിക്ക മുഴുവൻ കൈപ്പിടിയിലൊതുക്കും. യുഎസ് സ്വന്തം തട്ടകം ഭദ്രമാക്കുകയും മെല്ലെ മെല്ലെ ചൈനയെ വളയുകയുമാണ്- അവർ പറയുന്നു.

കോൾബിയുടെ 'നിഷേധിക്കൽ തന്ത്രം' 

അതിവേഗം അമേരിക്കയ്ക്ക് വെല്ലുവിളിയായി വളർന്ന കമ്യൂണിസ്റ്റ് വ്യാളിയെ ഒറ്റപ്പെടുത്തി ദുർബലപ്പെടുത്താനുള്ള 'ഡീപ് സ്റ്റേറ്റ്' പദ്ധതി ട്രംപ് കൃത്യമായി നടപ്പാക്കുകയാണെന്ന വാദം ശക്തമാണ്. ഭൗമരാഷ്ട്രീയത്തിലെ ചില നിർണായകമായ വഴിത്തിരിവുകൾ മാസങ്ങൾക്കു മുമ്പ് പ്രവചിച്ച് ശ്രദ്ധേയനായ അരവിന്ദിനെ (@aravind on X) പോലുള്ളവർ ഈ നീക്കങ്ങൾ ബെയ്ജിങിന്റെ സ്വാധീനം കുറയ്ക്കാനുള്ള വിശാലശ്രമങ്ങളുടെ ഭാഗമായി കാണുന്നു. പെന്റഗണിലെ നയരൂപീകരണത്തിന്റെ കേന്ദ്രബിന്ദുവായ അ്രണ്ടർ സെക്രട്ടറി എൽബ്രിജ് കോൾബി 2021-ൽ രചിച്ച 'നിഷേധിക്കൽ തന്ത്രം: വൻശക്തിസംഘർഷങ്ങളുടെ കാലത്തെ അമേരിക്കൻ പ്രതിരോധം' (The Srategy of Denial: American Defense in an Age of Great Power Conflict) എന്ന പുസ്തകം ഇന്നത്തെ അമേരിക്കൻ പ്രതിരോധനയത്തിന്റെ അടിസ്ഥാനരേഖയാണ്.

തന്ത്രപരമായ മുൻഗണനകൾക്ക് പ്രാമുഖ്യം നൽകുന്ന കോൾബി രാജ്യതന്ത്രം വേദനാജനകമായ തിരഞ്ഞെടുപ്പുകളുടേതാണെന്ന് വ്യക്തമാക്കുന്നു.
വാങ്ങൽശേഷി അടിസ്ഥാനത്തിൽ നോക്കിയാൽ ആഗോള ജിഡിപിയുടെ പകുതിയോളം കൈകാര്യം ചെയ്യുന്ന ഏഷ്യയിൽ ചൈന ആധിപത്യം സ്ഥാപിച്ചാൽ അത് ലോക സാമ്പത്തികക്രമത്തെയും അമേരിക്കയുടെ നിലനിൽപ്പിനെയും ബാധിക്കുമെന്ന് കോൾബി വാദിക്കുന്നു. ഓരോ രാജ്യങ്ങളെയായി പിടിച്ചെടുക്കുന്ന ചൈനീസ് രീതി ('സീക്വൻഷ്യൽ സ്ട്രാറ്റജി') യുഎസ് തടയണം. തായ്‌വാൻ വീണാൽ സഖ്യകക്ഷികൾക്ക് അമേരിക്കയിൽ വിശ്വാസം നഷ്ടപ്പെടുകയും ചൈനയുടെ ആധിപത്യം ശക്തിപ്പെടുകയും ചെയ്യും. അതിനാൽ, ചൈനയ്ക്ക് തായ്‌വാൻ പിടിച്ചെടുക്കാൻ സാധിക്കാത്ത വിധം യുഎസ് സൈനികശേഷി വർദ്ധിപ്പിക്കണമെന്ന് കോൾബി പറയുന്നു. ഈ ലക്ഷ്യം കൈവരിക്കാൻ യൂറോപ്പിലെ സൈനികവിന്യാസം കുറച്ച് ഏഷ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. എന്തുകൊണ്ടാണ് അമേരിക്ക യൂറോപ്യൻ രാജ്യങ്ങളോട് പ്രതിരോധത്തിന് കൂടുതൽ പണം നീക്കിവെക്കാൻ ആവശ്യപ്പെടുന്നതെന്നും നാറ്റോയ്ക്ക്‌ വലിയ പ്രാധാന്യം കൊടുക്കാത്തതെന്നും വ്യക്തമല്ലേ? 

ഈ തന്ത്രത്തിന്റെ രണ്ടാംഭാഗത്താണ് ഗ്രീൻലൻഡ്‌ വരുന്നത്. അമേരിക്കയുടെ ഏഷ്യയിലെ പ്രതിരോധം വിജയിക്കണമെങ്കിൽ സ്വന്തം മേഖല- പാശ്ചാത്യ അർധഗോളം- സുരക്ഷിതമായിരിക്കണം. ഗ്രീൻലൻഡ്‌ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പ്രവേശനകവാടമാണ്. റഷ്യൻ, ചൈനീസ് അന്തർവാഹിനികൾക്ക് അമേരിക്കൻ തീരത്തേക്ക് എത്താനുള്ള പാത നിയന്ത്രിക്കാൻ ഗ്രീൻലൻഡ്‌ വഴി സാധിക്കും. അവിടെ സ്ഥാപിച്ചിട്ടുള്ള റഡാറുകളും സൈനിക താവളങ്ങളും ഒരു 'വടക്കൻ കവചമായി' പ്രവർത്തിക്കുന്നു. അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കാൻ അത്യന്താപേക്ഷിതമായ അപൂർവ്വ മൂലകങ്ങളുടെ വൻശേഖരം ഗീൻലൻഡിലുണ്ട്. ഈ മേഖലയിൽ കുത്തകയുള്ള ചൈന, അമേരിക്കയുടെ തീരുവഭീഷണിയെ മറികടക്കാൻ അപൂർവ മൂലകങ്ങളുടെ കയറ്റുമതി താൽക്കാലികമായി നിർത്തിവെച്ചത് പാശ്ചാത്യലോകത്തെ ഞെട്ടിച്ചിരുന്നു. ചൈന തീരുമാനിച്ചാൽ പോർവിമാനങ്ങളുടെ നിർമാണം പോലും സ്തംഭനത്തിലാക്കാൻ പറ്റുമെന്ന സ്ഥിതിയാണിപ്പോൾ. ഗ്രീൻലൻഡിനെ യുഎസ് സ്വന്തമാക്കിയാൽ ആ കുത്തക പൊളിക്കാനാവും. 

അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ പുറത്തുനിന്നുള്ള ശത്രുക്കൾ ഇടപെടുന്നത് തടയുന്ന മൺറോ സിദ്ധാന്തത്തെ കൂടുതൽ അക്രമോത്സുകമാക്കി 'ഡോൺറോ' ആക്കി പരിഷ്‌കരിച്ച ട്രംപ് (വെനസ്വേലയിൽ അതാണ് കണ്ടത്) ആർട്ടിക് മേഖലയിൽ പൂർണ്ണ നിയന്ത്രണം ഉറപ്പാക്കുന്നത് വഴി, പസിഫിക് സമുദ്രത്തിലെ സുരക്ഷിതതാവളമായി അമേരിക്കയെ മാറ്റാനുള്ള ശ്രമത്തിലാണ്.

ഡീപ് സ്റ്റേറ്റിന്റെ മാർഗരേഖ

ഈ അമേരിക്കൻ 'ഗൂഢപദ്ധതി' പലപ്പോഴും അടിസ്ഥാനരഹിത ഗൂഢാലോചനകളുമായി ബന്ധപ്പെടുത്താറുണ്ട്. എങ്കിലും അത് അമേരിക്കയിലെ ദേശീയ സുരക്ഷാസ്ഥാപനങ്ങളുടെ (പ്രതിരോധം, ഇന്റലിജൻസ്, തിങ്ക് ടാങ്കുകൾ) ദീർഘകാല ലക്ഷ്യങ്ങളുടെ വ്യാഖാനത്തിന് കൂടുതൽ യോജിക്കുന്നവയാണ്. ചൈനയെ ചെറുത്ത് പുതിയ ശീതയുദ്ധം ജയിക്കുന്നതിനെപ്പറ്റിയുള്ള ഹെറിറ്റേജ് ഫൗണ്ടേഷന്റെ പുസ്തകത്തിൽ ('Winning the New Cold War: A Plan for Countering China') വിശദമായ മാർഗരേഖ നൽകുന്നുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (CCP) ഉയർത്തുന്ന ഭീഷണികളെ ഇല്ലാതാക്കാൻ സാമ്പത്തിക പ്രതിരോധശേഷി, സഖ്യരൂപീകരണം, ആക്രമിക്കാനുള്ള ധൈര്യം എതിരാളിക്കുണ്ടാകാത്ത തരത്തിൽ ശക്തി സ്വരൂപിക്കൽ എന്നിവ വേണമെന്ന് മാർഗരേഖ ഉപദേശിക്കുന്നു. കോൾബിയുടെ കണക്കുകൂട്ടലിൽ തായ്‌വാനാണ് പസിഫിക് സമുദ്രത്തിലെ തന്ത്രപരമായി ഏറ്റവും പ്രധാനപ്പെട്ട മേഖല. ഈ രാജ്യത്തെ പിടിച്ചെടുക്കുന്നതിൽ നിന്നും ചൈനയെ തടയാൻ സാധിച്ചാൽ അവരുടെ ക്രമാനുഗത പിടിച്ചെടുക്കൽ തന്ത്രത്തെ മെരുക്കാൻ യുഎസ്സിനാവും.

ഈ ആശയത്തെ പൂർണമാക്കുന്നതാണ് 2025-ലെ നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി (NSS). വിതരണശൃംഖല വൈവിധ്യവൽക്കരിക്കുകയും പടിഞ്ഞാറൻ അർദ്ധഗോളത്തിലെ പ്രധാനമേഖലകളിൽ നിന്ന ചൈനയെ ഒഴിവാക്കുകയും വേണമെന്നാണ് അതിന്റെ ശുപാർശ. കോൾബിയുടെ ചട്ടക്കൂട് ഈ ആശയത്തിന് വിശകലനത്തിന്റെ ആഴം നൽകുന്നു. തന്ത്രത്തെ രേഖീയ മാർഗങ്ങളായല്ല, പരസ്പരബന്ധിതമായ 'സ്‌പൈറലുകളായാണ്' അദ്ദേഹം കാണുന്നത്. ഓരോ നടപടിയും മേഖലകളിലുടനീളം തുടർചലനങ്ങൾ സൃഷ്ടിക്കുന്നു. ഏഷ്യയിൽ സഖ്യങ്ങൾ രൂപീകരിച്ച് ബീജിംഗിന്റെ ഏഷ്യയിലെ മേധാവിത്വ വികാസത്തിന് വേണ്ടിവരുന്ന ചെലവുകൾ വർധിപ്പിക്കണം. ചൈനയുടെ വാർഷികസൈനിക ബജറ്റ് 2010 മുതൽ ഏഴു ശതമാനം വെച്ചു വർധിക്കുന്നതും ബെൽറ്റ് റോഡ് സംരംഭം (BRI) 140 ലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതും ആശങ്കകളെ സാധൂകരിക്കുന്നു. അതിനാൽ, നിർണായകമായ ആസ്തികൾ സുരക്ഷിതമാക്കാതെ യുഎസിനു മുന്നിൽ മറ്റു മാർഗമില്ലെന്ന് ട്രംപ് അനുകൂലികൾ വാദിക്കുന്നു.  

തീരുവകളും വെനസ്വേലയും യുക്രൈനും 

ചൈനീസ ഇറക്കുമതികൾക്ക് ശരാശരി 19 ശതമാനം തീരുവ ഏർപ്പെടുത്തിയത് ഉപഭോക്തൃ ചെലവുകൾ വർധിക്കാൻ കാരണമാവുമെന്നും അന്താരാഷ്ട്ര സഖ്യങ്ങളിൽ പിരിമുറുക്കമുണ്ടാക്കുന്നുവെന്നും വിമർശനമുണ്ട്. ചൈനയിൽ നിന്നും വിതരണശൃംഖലകൾ മെല്ലെ മാറ്റിസ്ഥാപിക്കുന്നതിന്റെ തുടക്കമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷേ, റഷ്യൻഎണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഇറക്കുമതിക്കുള്ള തീരുവ വലിയ തോതിൽ വർധിപ്പിച്ചതിന് ന്യായീകരണമില്ല. പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക വിദഗ്ധർ ചൈനയ്ക്കുള്ള അധികത്തീരുവ കാരണം യുഎസ്സിന് പ്രതിവർഷം 200 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാവുമെന്ന് കണക്കാക്കുന്നു. എന്തായാലും ഹ്രസ്വകാലത്തേക്ക ചില തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും വിതരണശൃംഖലയുടെ സുരക്ഷയുടെ കാര്യത്തിൽ ദീർഘകാല നേട്ടമുണ്ടാവുമെന്ന് കരുതപ്പെടുന്നു. 

വെനസ്വേലയിലെ സൈനികനടപടി സാമ്രാജ്യത്വ അമിതാധികാരപ്രകടനമായി വിമർശിക്കപ്പെട്ടെങ്കിലും അത് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളുടെ നിയന്ത്രണം യുഎസ്സിന് ഉറപ്പുവരുത്തി. ഇത് കരാക്കാസുമായുള്ള ചൈനയുടെ തന്ത്രപരമായ പങ്കാളിത്തത്തിന് നേരിട്ട ആഘാതമാണ്. അമേരിക്കൻ സൈനിക ഇടപെടലിന് മുമ്പ് ദിവസവും അഞ്ചുലക്ഷം ബാരൽ എണ്ണ അവിടെനിന്നും ചൈന ഇറക്കുമതി ചെയ്തിരുന്നു. ഉപരോധങ്ങളെ ഒഴിവാക്കി ചൈന 60 ബില്യൺ ഡോളർ വെനസ്വേലയിൽ നിക്ഷേപിച്ചിരുന്നു. വളരെ വലിയ ഊർജാവശ്യങ്ങളാണ് ചൈനയ്ക്കുള്ളത്. ലാറ്റിനമേരിക്കൻ അടിസ്ഥാനസൗകര്യ മേഖലകളിൽ നിന്ന് വിദേശകമ്പനികളെ ഒഴിവാക്കുന്നതു വഴി ട്രംപ് ചൈനയ്ക്ക് അവരുടെ ഊർജ്ജത്തിന്റെ ജീവനാഡി നിഷേധിക്കുകയാണ്. ഈ നടപടി ചൈനയുടെ ക്രമാനുഗതതന്ത്രം തടസ്സപ്പെടുത്തുമെങ്കിലും, ബലപ്രയോഗത്തിന്റെ അമിതോപയോഗം ലാറ്റിനമേരിക്കൻ സഖ്യകക്ഷികളെ അകറ്റാനിടയുണ്ടെന്ന് വിമർശകർ പറയുന്നു.

യുക്രൈൻ യുദ്ധം സംബന്ധിച്ച് റഷ്യയുമായി ചർച്ചകൾ നടത്തുമ്പോൾ തന്നെ അമേരിക്ക മോസ്‌കോയെ ബീജിംഗിൽ നിന്ന് വേർപെടുത്താൻ ലക്ഷ്യമിടുന്നു. റഷ്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായ ചൈന സൈബീരിയൻ അതിർത്തി പ്രദേശങ്ങളിൽ 50 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. റഷ്യയുടെ വിദൂരപൂർവ പ്രദേശത്ത് ലക്ഷക്കണക്കിന് ചൈനീസ് തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഈയിടെ ചിലയിടങ്ങളിൽ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്, ആ ആഖ്യാനം പ്രചരിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ചോർന്ന ഒരു എഫ്എസ്ബി (റഷ്യൻ ചാരസംഘടന) രേഖയിൽ റഷ്യയിൽ ചൈന വ്യാപകമായി ചാരവൃത്തി നടത്തുന്നതായും അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പറയുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. യുക്രൈൻ യുദ്ധവും ഉപരോധവും കാരണമുള്ള ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ മാറിയാൽ റഷ്യ മാറിച്ചിന്തിക്കുമെന്ന് അമേരിക്ക മനസ്സിലാക്കുന്നുണ്ട്.

ഇന്ത്യയ്ക്കു ചുറ്റും തങ്ങളുടെ സ്വാധീനമേഖലകളുണ്ടാക്കാൻ ശ്രമിക്കുന്ന ചൈനയുടെ ‘മുത്തുമാല സിദ്ധാന്തം’ അവർക്കെതിരെ അമേരിക്ക പയറ്റുന്ന കാഴ്ചയാണിപ്പോൾ. 

ആദ്യം പാകിസ്താൻ (ഇമ്രാൻ ഖാനെ അട്ടിമറിച്ചു), പിന്നെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ... പട്ടിക ഇനിയും നീളും. ചൈനയെ പൂർണമായും വളഞ്ഞുകഴിഞ്ഞാൽ യുഎസിന്റെ ലക്ഷ്യമെന്താവും? അത് അടുത്ത ഭാഗത്തിൽ.