ലണ്ടൻ: 2026-ലെ വേനൽക്കാലത്ത് ഇംഗ്ലണ്ടിൽ കടുത്ത ഉഷ്ണതരംഗം മൂലം 5,000-ത്തിലധികം ആളുകൾ മരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട്. 2016-ൽ വിവരശേഖരണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. റിപ്പോർട്ടുകൾ പ്രകാരം, ആകെ 5,258 മരണങ്ങളാണ് വേനൽക്കാലത്തെ കടുത്ത ചൂടുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. 2022-ൽ 2,985 പേരായിരുന്നു മരിച്ചത്.
ജൂൺ 21 മുതൽ 28 വരെയുള്ള ദിവസങ്ങളിലാണ് ഉഷ്ണതരംഗം മൂലം ഏറ്റവും കൂടുതൽ ആളുകൾക്ക് മരണം സംഭവിച്ചത്. ഈ ചുരുങ്ങിയ കാലയളവിൽമാത്രം 2,401 മരണങ്ങൾ സംഭവിക്കുകയും താപനില 38 ഡിഗ്രി സെൽഷ്യസുവരെ ഉയരുകയും ചെയ്തു. കടുത്ത ചൂടിനൊപ്പം മഴയുടെ ലഭ്യതക്കുറവ് കൂടിയായപ്പോൾ വെയിൽസിലുടനീളവും ഇംഗ്ലണ്ടിന്റെ മൂന്നിൽ രണ്ട് ഭാഗങ്ങളിലും രൂക്ഷമായ വരൾച്ച അനുഭവപ്പെട്ടു. ഇതിനുപുറമേ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കാട്ടുതീ വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തു.
2026 യുകെയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമായിരുന്നു. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ശരാശരി താപനില 20 ഡിഗ്രി സെൽഷ്യസോ അതിലധികമോ രേഖപ്പെടുത്തിയ 41 ദിവസങ്ങൾ ഉൾപ്പെടുന്ന ഏഴ് ഉഷ്ണതരംഗ ഘട്ടങ്ങളാണ് രാജ്യം നേരിട്ടത്. മെയ് മാസത്തിൽ ക്യൂ ഗാർഡൻസിൽ 35.1 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ജൂണിൽ നോർഫോക്കിലെ ലിംഗ്വുഡിൽ താപനില 38.0 ഡിഗ്രി സെൽഷ്യസിലെത്തി. ഓഗസ്റ്റ് പകുതിയോടെ ഗ്ലൗസെസ്റ്റർഷെയറിലെ ഹാർട്ട്പുരി കോളേജിൽ രേഖപ്പെടുത്തിയ 38.2 ഡിഗ്രി സെൽഷ്യസാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്.
ഉയർന്ന അന്തരീക്ഷമർദ്ദം മൂലം ചൂടുള്ള കാറ്റ് പ്രദേശത്ത് തങ്ങിനിൽക്കുന്ന 'ഹീറ്റ് ഡോം' പ്രതിഭാസമാണ് മെയ്, ജൂൺ മാസങ്ങളിലെ കടുത്ത ചൂടിന് കാരണമായത്. വേനൽക്കാലത്തുണ്ടായ ഈ കടുത്ത ചൂട് പൊതുജനാരോഗ്യത്തെ വലിയ തോതിൽ ബാധിച്ചതായി പ്രിൻസിപ്പൽ എൻവയോൺമെന്റൽ ഹെൽത്ത് സയന്റിസ്റ്റ് ഡോ. റോസ് തോംസണെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലം വരുംവർഷങ്ങളിൽ ഉഷ്ണതരംഗങ്ങൾ കൂടുതൽ ദൈർഘ്യമേറിയതും തീവ്രവുമായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Published: 25 Nov 2026, 09:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented