നിയമം പാലിക്കാന്‍ തയ്യാറാണെന്നാണ് ചൈനയിലെ കാര്‍ നിര്‍മാതാക്കള്‍ പറയുന്നത്. ടൊയോട്ട ഹിഡന്‍ ഹാന്‍ഡിലുകള്‍ക്കായി മെക്കാനിക്കല്‍ ബാക്കപ്പുകള്‍ വികസിപ്പിക്കുന്നുണ്ട്.

ടെസ്ല കാര്‍ | File Photo - AP, AFP
പുതിയ വാഹനങ്ങളില്‍ കണ്ടുവരുന്ന ഹിഡന്‍ ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് അന്ത്യം കുറിച്ചേക്കാവുന്ന ഒരു പുതിയ ദേശീയ നയത്തിന്റെ കരട് രൂപം പുറത്തിറക്കി ചൈനയിലെ വ്യവസായ, വിവരസാങ്കേതിക മന്ത്രാലയം. എല്ലാ കാറുകളുടെയും ടെയില്‍ഗേറ്റുകള്‍ ഒഴികെയുള്ള ഡോറുകളില്‍ പുറത്തുനിന്ന് കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഹാന്‍ഡിലുകള്‍ ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് പുതിയ ചട്ടം. ഇതിന് നിശ്ചിത അളവില്‍ കൈ കടത്താനുള്ള സ്ഥലവും മെക്കാനിക്കല്‍ റിലീസ് സംവിധാനവും വേണമെന്നും നിര്‍ദേശമുണ്ട്.
ഈ നിര്‍ദ്ദേശം നടപ്പിലാക്കുകയാണെങ്കില്‍ ടെസ്ല പ്രചാരത്തിലാക്കുകയും പിന്നീട് ഇവികളുടെയടക്കം മുഖമുദ്രയായി മാറുകയും ചെയ്ത പൂര്‍ണ്ണമായും വാഹനത്തിന്റെ ബോഡിയോട് ചേര്‍ന്നിരിക്കുന്ന ഇലക്ട്രോണിക് ഡോര്‍ ഹാന്‍ഡിലുകള്‍ ചൈനയില്‍ നിരോധിക്കപ്പെടും. ഈ ഹാന്‍ഡിലുകള്‍ വാഹനത്തിന്റെ ബോഡിയോട് ചേര്‍ന്ന് മറഞ്ഞിരിക്കുകയും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മാത്രം പുറത്തേക്ക് വരുകയും ചെയ്യുന്നവയാണ്. വായുവിന്റെ പ്രതിരോധം കുറച്ച് വാഹനങ്ങളുടെ മൈലേജ് വര്‍ദ്ധിപ്പിക്കാനും കാറുകള്‍ക്ക് ഒരു ഫ്യൂച്ചറിസ്റ്റിക് രൂപം നല്‍കാനുമാണ് ഇവ രൂപകല്‍പ്പന ചെയ്തത്.
വാഹന സുരക്ഷ വര്‍ദ്ധിപ്പിക്കുക, സുരക്ഷാ സാങ്കേതികവിദ്യകള്‍ മെച്ചപ്പെടുത്തുക, ജീവന്‍ രക്ഷിക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹിഡന്‍ ഡോര്‍ ഹാന്‍ഡിലുകള്‍ അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഷവോമി SU7 ഉള്‍പ്പെട്ട ഒരു അപകടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ അപകടസമയത്ത് പ്രത്യേകിച്ച് സെന്‍സറുകള്‍ പരാജയപ്പെടുകയോ വൈദ്യുതി നഷ്ടപ്പെടുകയോ ചെയ്താല്‍ ഡോറുകള്‍ തുറക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എടുത്തു കാണിച്ചിരുന്നു.
കൂട്ടിയിടികളിലോ തീപിടുത്തങ്ങളിലോ ഹിഡന്‍ ഹാന്‍ഡിലുകള്‍ കുടുങ്ങിപ്പോകാനും രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമാക്കാനും സാധ്യതയുണ്ടെന്നാണ് ചൈനയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഗ്രേറ്റ് വാള്‍ മോട്ടോര്‍ ചെയര്‍മാന്‍ വെയ് ജിയാന്‍ജുനടക്കം ഈ ഡിസൈനിന്റെ വിശ്വാസ്യതയെ വിമര്‍ശിച്ചിട്ടുണ്ട്. നിലവില്‍ ചൈനയില്‍ പുറത്തിറങ്ങുന്ന ഇവികള്‍ അടക്കമുള്ള 100 വാഹനങ്ങളില്‍ ഏകദേശം 60 ശതമാനത്തിലും ഇത്തരം ഹാന്‍ഡിലുകളാണ് ഉള്ളത്. നിയോ ES8, ലി ഓട്ടോ i8, ഷവോമി YU7, എക്‌സ്‌പെങ് P7 തുടങ്ങിയ മോഡലുകളിലെല്ലാം ഇവയുണ്ട്.
വാഹനത്തിന്റെ ലോക്കിംഗ് സംവിധാനമോ ബാറ്ററിയോ തകരാറിലായാലും, ഉപകരണങ്ങളുടെ സഹായമില്ലാതെ ഡോറുകള്‍ തുറക്കാന്‍ കഴിയണമെന്ന് കരട് നിര്‍ദ്ദേശിക്കുന്നു.ഹിഡന്‍ ഹാന്‍ഡിലുകള്‍ 5-10 കിലോമീറ്റര്‍ വരെ റേഞ്ച് മെച്ചപ്പെടുത്തുമെങ്കിലും അവയുടെ ഫ്യൂച്ചറിസ്റ്റിക് ആകര്‍ഷണീയത സുരക്ഷാപരമായ അപകടസാധ്യതകളെ മറികടന്നേക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രായമായവര്‍ പരമ്പരാഗത ഹാന്‍ഡിലുകളാണ് ഇഷ്ടപ്പെടുന്നതെന്ന് ഡീലര്‍മാര്‍ പറയുന്നു.
നിയമം പാലിക്കാന്‍ തയ്യാറാണെന്നാണ് ചൈനയിലെ കാര്‍ നിര്‍മാതാക്കള്‍ പറയുന്നത്. ടൊയോട്ട ഹിഡന്‍ ഹാന്‍ഡിലുകള്‍ക്കായി മെക്കാനിക്കല്‍ ബാക്കപ്പുകള്‍ വികസിപ്പിക്കുന്നുണ്ട്. അതേസമയം, കരട് തയ്യാറാക്കുന്നതില്‍ പങ്കാളിയായ ഗീലിയും ലീപ്മോട്ടോറും നിയമം പാലിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. പുതിയ മോഡലുകള്‍ നിയമം പ്രാബല്യത്തില്‍ വന്ന് ഏഴ് മാസത്തിനകവും നിലവിലുള്ള മോഡലുകള്‍ 19 മാസത്തിനകവും അത് നടപ്പാക്കേണ്ടിവരും. നിയമം അന്തിമമാക്കുന്നതിന് മുമ്പ് ചൈനീസ് മന്ത്രാലയം പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നുണ്ട്.
Content Highlights: China`s proposed national standard may ban hidden door handles in cars, citing safety concerns and emergency access difficulties. Read about the potential impact on NEVs and automakers
Published: 16 Oct 2025, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented