വാഷിങ്ടണ്‍: ആറുമാസത്തിനകം ആറു യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസിനെ നശിപ്പിക്കുക എന്നതാണ് ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ നാട്ടിലേക്ക് തിരികെക്കൊണ്ടുവരാനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ്, യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ട്രംപിന്റെ പ്രതികരണം.
ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ശേഷിക്കുന്ന ബന്ദികളുടെ തിരിച്ചുവരവ് നമുക്ക് കാണാനാവൂ എന്ന് അദ്ദേഹം കുറിച്ചു. 'അത് എത്ര വേഗത്തില്‍ നടക്കുന്നുവോ അത്രയും വിജയസാധ്യത കൂടും. ഓര്‍ക്കുക, ചര്‍ച്ചകള്‍ നടത്തി നൂറുകണക്കിന് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലിലേക്കും (അമേരിക്കയിലേക്കും) വിട്ടയച്ചത് ഞാനാണ്. വെറും ആറുമാസത്തിനുള്ളില്‍ ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് ഞാനാണ്', ട്രംപ് അവകാശപ്പെട്ടു.
'ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇല്ലാതാക്കിയതും ഞാനാണ്. കളിക്കുന്നുവെങ്കില് ജയിക്കാന്‍വേണ്ടി കളിക്കുക, അല്ലെങ്കില്‍ കളിക്കാതിരിക്കുക. ഈ വിഷയത്തില്‍ നിങ്ങള്‍ നല്കിയ ശ്രദ്ധയ്ക്ക് നന്ദി', 12 ദിവസം നീണ്ട ഇസ്രയേല്‍-ഇറാന് സംഘര്‍ഷത്തെ പരാമര്‍ശിച്ച് അദ്ദേഹം കുറിച്ചു.
മേയില്‍ ഇന്ത്യ-പാക് സംഘര്‍ഷത്തിന് അറുതി വരുത്തിയെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു. 27 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന് സിന്ദൂര്‍ താന്‍ ഇടപെട്ടാണ് നിര്‍ത്തിയതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇതോടെയാണ് യുദ്ധത്തിന്റെ അന്തകനെന്ന് കൂടുതല്‍ വേദികളില്‍ സ്വയം അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയത്. ഇന്ത്യ ഇത് പലവട്ടം നിഷേധിച്ചെങ്കിലും ട്രംപ് അവകാശവാദം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതേസമയം, പാകിസ്താന് ഈ അവകാശവാദത്തെ അംഗീകരിക്കുകയും ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് നിലപാടെടുക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിന്തുണയും ട്രംപിനുണ്ട്.
പിന്നാലെ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് ആക്രമണത്തിന് ഉത്തരവിട്ടുകൊണ്ട് ഇസ്രയേല്‍-ഇറാന് സംഘര്‍ഷത്തിലും ട്രംപ് ഇടപെട്ടു. പിന്നാലെ ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. അടുത്തിടെ അര്‍മേനിയ-അസര്ബൈജാന് സമാധാന ഉടമ്പടിക്ക് ട്രംപ് മധ്യസ്ഥത വഹിച്ചിരുന്നു. തായ്ലാന്ഡ്-കംബോഡിയ വെടിനിര്‍ത്തല്‍ കരാറിനായി സമ്മര്‍ദം ചെലുത്തിയതും സെര്‍ബിയ-കൊസോവോ, ഈജിപ്ത്-എത്യോപ്യ, റുവാണ്ട-മോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങൾ ലഘൂകരിച്ചതും താനാണെന്നാണ് ട്രംപിന്റെ അവകാശവാദം.
അതേസമയം, ഗാസയില്‍ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണാര്‍ഥത്തില്‍ വിജയിച്ചില്ല. നിലവില്‍ റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി അലാസ്കയില്‍ അടച്ചിട്ട മുറിയില്‍ മൂന്നുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ അന്തിമ കരാര്‍ രൂപപ്പെട്ടില്ലെങ്കിലും വലിയ പുരോഗതിയുണ്ടായെന്ന് ട്രംപ് അറിയിച്ചു. യുക്രൈനും യൂറോപ്പും ഇടപെട്ട് ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കരുതെന്ന് പുതിനും വ്യക്തമാക്കി. ചര്‍ച്ചയുടെ വിശദാംശങ്ങളിലേക്ക് ഇരുനേതാക്കളും കടന്നില്ല.
ട്രംപിനൊപ്പം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പങ്കെടുത്തു. പുതിനൊപ്പം വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്റോവും പങ്കെടുത്തു. ആറു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരു രാഷ്ട്രനേതാക്കളും പരസ്പരം കാണുന്നത്.
Content Highlights: Trump Claims Six Wars Resolved in Six Months
Published: 18 Aug 2025, 08:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented