വാഷിങ്ടൺ: സൗദി അറേബ്യയ്ക്ക് യുദ്ധവിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്നതിനുള്ള സാധ്യതാ കരാറിന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകി. ഏകദേശം 2430 കോടി യു.എസ് ഡോളർ (ഏകദേശം 2.33 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ഈ ഫോറിൻ മിലിറ്ററി സെയിൽ പാക്കേജിൽ രണ്ട് 48 എഫ്-35 വിമാനങ്ങളും 49 പ്രാറ്റ് ആൻഡ് വിറ്റ്‌നി എഫ് 135-പി.ഡബ്ല്യു-100 എൻജിനുകളും ഉൾപ്പെടുന്നു. ഇതിൽ 48 എൻജിനുകൾ വിമാനങ്ങളിൽ ഘടിപ്പിച്ചവയും ഒരെണ്ണം അധികമായി നൽകുന്നതുമാണ്.

To advertise here,

സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ, കൃത്യതയുള്ള നാവിഗേഷൻ ഉപകരണങ്ങൾ, ക്രിപ്റ്റോഗ്രാഫിക് ഉപകരണങ്ങൾ, ഇലക്ട്രോണിക് വാർഫെയർ ഡാറ്റാബേസ് പിന്തുണ, പരിശീലന സിമുലേറ്ററുകൾ, സോഫ്റ്റ്‌വെയർ, ലോജിസ്റ്റിക്സ് പിന്തുണ എന്നിവയും ഈ പാക്കേജിൽ ഉൾപ്പെടുന്നു. ഈ വിൽപനയിലൂടെ നോൺ-നാറ്റോ സഖ്യകക്ഷിയായ സൗദി അറേബ്യയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിലൂടെ യു.എസിന്റെ വിദേശനയവും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളും കൈവരിക്കാൻ സഹായിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

സൗദി അറേബ്യയുടെ വ്യോമാക്രമണ-പ്രതിരോധ ശേഷികൾ വർദ്ധിപ്പിക്കുമെങ്കിലും ഈ വിൽപന, മേഖലയിലെ സൈനിക സന്തുലിതാവസ്ഥ മാറ്റില്ലെന്ന് യു.എസ് അറിയിച്ചു. ലോക്ക്ഹീഡ് മാർട്ടിൻ എയറോനോട്ടിക്സ് കമ്പനിയും പ്രാറ്റ് ആൻഡ് വിറ്റ്‌നി മിലിറ്ററി എൻജിൻസുമാണ് ഇതിന്റെ പ്രധാന കരാറുകാർ.

അതേസമയം, ഈ വിൽപന നടപ്പിലാക്കുന്നതിനായി കൂടുതൽ യു.എസ് ഗവൺമെന്റ് പ്രതിനിധികളെയോ കരാറുകാരുടെ പ്രതിനിധികളെയോ സൗദി അറേബ്യയിലേക്ക് നിയോഗിക്കേണ്ടതില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.