വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തിൽ ഇന്ത്യ അമേരിക്കൻ നയതന്ത്രജ്ഞനെ രണ്ടു തവണ വിളിച്ച് വരുത്തി കടുത്ത പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
'കരാറിലുള്ളതായി ഇറാൻ പ്രചരിപ്പിക്കുന്നവയൊന്നും യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. അവാസ്തവമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്ക് കടക്കുകയായിരുന്ന ഇന്ത്യൻ കപ്പലുകൾക്ക് നേരെ നടത്തിയ ഡ്രോൺ ആക്രമണം ലക്ഷ്യം കണ്ടില്ലെന്നും നടപടി അംഗീകരിക്കാനാകില്ലെന്നും ട്രംപ്' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
കഴിഞ്ഞ നാലുദിവസത്തിനിടെ ഇന്ത്യൻ നാവികരടങ്ങിയ മൂന്ന് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
ഒമാൻ തീരത്തുവെച്ച് യു.എസ്. നാവികസേനയുടെ മിസൈലേറ്റ് തീപിടിച്ച ഒരു ചരക്കുകപ്പലിൽനിന്ന് മൂന്ന് ഇന്ത്യൻ നാവികരെ കാണാതായിരുന്നു. ഇവർ മരിച്ചതായി പിന്നീട് വിവരം ലഭിച്ചു. ഇതിന് പിന്നാലെ യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി. വ്യാഴാഴ്ചയും ആക്രമണമുണ്ടായെന്ന് ചൂണ്ടിക്കാട്ടി യുഎസ് സ്ഥാനപതി കാര്യാലയത്തിന്റെ ചുമതലയുള്ള ജെയ്സൺ മീക്സിനെ വിദേശകാര്യ മന്ത്രാലയം ഇന്ന് വീണ്ടും വിളിച്ചുവരുത്തിയിരുന്നു.
'ഒമാൻ ഉൾക്കടലിൽ ഇന്ത്യൻ നാവികരുമായി യാത്ര ചെയ്യുന്ന ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ യുഎസ് നാവികസേനയുടെ തുടർച്ചയായ ആക്രമണങ്ങളിൽ അദ്ദേഹത്തോട് ശക്തമായി പ്രതിഷേധമറിയിച്ചു' വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പിന്നാലെയാണ് ഇറാനാണ് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന വാദവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. സമാധാന കരാർ സംബന്ധിച്ച് ഇറാൻ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചുള്ള പോസ്റ്റിലാണ് ട്രംപ് ഇന്ത്യൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
രേഖാമൂലം അംഗീകരിച്ച നിബന്ധനകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് വ്യാജവാർത്തകളായി പുറത്ത് വരുന്നതെന്ന് ഇറാനിയൻ മാധ്യമങ്ങളെ വിമർശിച്ച് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാന്റെ ആസ്തികൾ വിട്ടുകിട്ടും, ഹോർമുസ് ഇറാന്റെ നിയന്ത്രണത്തിൽ തന്നെയായിരിക്കും തുടങ്ങിയ റിപ്പോർട്ടുകൾ കരാറിലേതായി ഇറാനിയൻ മാധ്യമങ്ങളിൽ വന്നിരുന്നു. അതേസമയം കരാറിനോട് അടുത്തെത്തിയിട്ടുണ്ടെന്ന സൂചന ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നൽകുകയുണ്ടായി.
'ഇസ്ലാമാബാദ് ധാരണാപത്രം മുമ്പൊരിക്കലും ഇത്രയടുത്ത് വന്നിട്ടില്ല. ഇതിന്റെ അന്തിമരൂപം പൂർത്തിയാകുന്നതുവരെ, മാധ്യമങ്ങൾ ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. ഞങ്ങളുടെ ഉത്തരവാദിത്തത്തോടെയും സുതാര്യവുമായ സമീപനത്തിന് അനുസൃതമായി, എല്ലാ വിശദാംശങ്ങളും യഥാസമയം പൊതുജനങ്ങളുമായി പങ്കുവെക്കും' അരാഗ്ചി എക്‌സിൽ കുറിച്ചു.
Content Highlights: Donald Trump accuses Iran of orchestrating drone attacks on Indian ships in the Hormuz Strait., India summoned the US diplomat to express strong protest following the loss of Indian sailors., Three Indian ships were targeted within four days near the Oman coast., Iran's Foreign Minister Abbas Araghchi urges media to avoid speculation regarding the Islamabad Accord., Diplomatic friction persists despite ongoing negotiations for a peace agreement.
Published: 12 Jun 2026, 08:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented