ധാക്ക: ഡിസംബറോടെ ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെ കർശന മുന്നറിയിപ്പുമായി ബംഗ്ലാദേശ് ഭരണകൂടം. ഹസീന രാജ്യത്തേക്ക് മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഒബെയ്ദ് വ്യക്തമാക്കി.
കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ പാലിച്ചുകൊണ്ട് ശിക്ഷിക്കപ്പെട്ട കുറ്റവാളിയായ ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറണമെന്നും അവർ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും അവർ ചെയ്ത പ്രവൃത്തികൾക്ക് ഫലം അനുഭവിക്കേണ്ടിവരുമെന്നും റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
2024 ഓഗസ്റ്റ് അഞ്ചിനാണ് വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രക്ഷോഭത്തിനിടെ ഏകദേശം 1400 പേർ കൊല്ലപ്പെട്ടതായാണ് യു.എൻ കണക്ക്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളുടെ പേരിൽ ഹസീനയുടെ അഭാവത്തിൽ വിചാരണ നടത്തുകയും കോടതി അവരെ കുറ്റക്കാരിയായി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഈ വിധി രാഷ്ട്രീയ പകപോക്കലാണെന്നാണ് ഹസീനയുടെ നിലപാട്.
ഡിസംബറിൽ മടങ്ങിവരുമെന്ന് ഓഗസ്റ്റിൽ പ്രഖ്യാപിച്ച ഹസീന, പുതിയ പാസ്പോർട്ടിനും തിരിച്ചറിയൽ കാർഡിനുമായി അപേക്ഷിച്ചെങ്കിലും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ രണ്ട് അപേക്ഷകളും നിരസിച്ചു.
അതേസമയം, അവാമി ലീഗ് പാർട്ടിയുടെ പ്രവർത്തകർ ഹസീനയ്ക്ക് പിന്തുണയുമായി തെരുവിലിറങ്ങിയതോടെ രാജ്യത്ത് സംഘർഷം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ രാജ്യത്തെ 28 ജില്ലകളിലായി വാഹനങ്ങൾക്കുനേരെ ബോംബേറുകളും തീവെപ്പുകളും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാപകമായ ആക്രമണങ്ങളിൽ പോലീസുകാർക്കും സാധാരണക്കാർക്കും പരിക്കേറ്റു. രാഷ്ട്രീയമായി പാപ്പരായ ഹസീനയുടെ പാർട്ടിയുടെ നിലനിൽപ്പിനായുള്ള തന്ത്രമാണ് ഈ അക്രമങ്ങളെന്ന് ഷാമ ഒബെയ്ദ് ആരോപിച്ചു.
ഹസീനയെ കൈമാറുന്നതിനായി ഇന്ത്യ ചില വ്യവസ്ഥകൾ മുന്നോട്ടുവെച്ചെന്ന റിപ്പോർട്ടുകളോടും മന്ത്രി പ്രതികരിച്ചു. ഹസീനയെ തിരികെകൊണ്ടുവരാൻ വിമാനം അയക്കുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ബംഗ്ലാദേശിന്റെ അന്തസ്സിനും ആത്മാഭിമാനത്തിനും താല്പര്യങ്ങൾക്കും കോട്ടംതട്ടാത്ത തരത്തിലുള്ള നയതന്ത്ര ബന്ധമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹസീനയെ കൈമാറണമെന്ന ധാക്കയുടെ ആവശ്യം പരിഗണനയിലാണെന്നാണ് ഇന്ത്യയുടെ നിലപാട്.
Content Highlights: Bangladesh warns former PM Sheikh Hasina will be arrested immediately if she returns., Dhaka demands India extradite Hasina based on the extradition treaty., Hasina's passport and ID card applications were rejected by the government., Clashes and violence erupt across 28 districts involving Awami League supporters.
Published: 23 Nov 2026, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented