വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റക്കാര്‍ക്കതിരെയുള്ള നടപടികളിലുള്ള പ്രതിഷേധം ആറാം ദിവസത്തിലേക്ക്. ബുധനാഴ്ച രാവിലെ ഒഴിവാക്കിയ കര്‍ഫ്യൂ, പ്രക്ഷോഭങ്ങള്‍ വ്യാപിച്ചതോടെ ലോസ് ആഞ്ജലിസില്‍ വീണ്ടും ഏര്‍പ്പെടുത്തി. ഓസ്റ്റിന്‍, ടെക്‌സസ്, ഷിക്കാഗോ, ന്യൂയോര്‍ക്ക്, ഡാലസ്, ഡെന്‍വര്‍ എന്നീ നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. കൂടുതല്‍ ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ പ്രക്ഷോഭങ്ങളില്‍ പങ്കാളികളാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് ഭരണകൂടം നിയന്ത്രണ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 79-ാം ജന്മദിനവും ആഘോഷപരിപാടികളായി ഉള്ളതിനാല്‍ അന്നേ ദിവസം കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
ഇതിനോടകം 400 ലധികം പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. മതിയായ രേഖകളില്ലാത്ത 330 കുടിയേറ്റക്കാര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അക്രമസംഭവങ്ങളില്‍ പങ്കെടുത്ത 157 പേരും അറസ്റ്റിലായിട്ടുണ്ട്. പോലീസുകാരെ ആക്രമിച്ചവരും ഇക്കൂട്ടത്തിലുണ്ട്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനായി 700 മറീനുകളുള്‍പ്പെടെ ആയിരക്കണക്കിന് സൈനികരെയാണ് ഭരണകൂടം നിയോഗിച്ചിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെ അക്രമസംഭവങ്ങളില്‍ പങ്കെടുക്കുന്നവരെ തടഞ്ഞുവെക്കാനും ആക്രമണങ്ങള്‍ നിയന്ത്രിക്കാനുമാണ് ഭരണകൂടം സൈനികസഹായം തേടിയിരിക്കുന്നത്.
അക്രമാസക്തരായ പ്രക്ഷോഭകാരികളിൽനിന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ജലിസിനെ മോചിപ്പിക്കാനാണ് നാഷണൽ ഗാർഡിനെയും മറീനുകളെയും ഇറക്കിയതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, തങ്ങൾക്ക് ആ മോചനം ആവശ്യമില്ലെന്ന് നഗരവാസികൾ തിരിച്ചടിച്ചു. വേണ്ടിവന്നാൽ 1807-ലെ കലാപനിയമം പ്രയോഗിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.യുഎസിൽ സായുധകലാപമോ ആഭ്യന്തരയുദ്ധമോ ഉണ്ടായാൽ സായുധസേനയെ ഉപയോഗിച്ച് അടിച്ചമർത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമമാണത്.
രാജ്യത്ത് ജനാധിപത്യം അതിക്രമം നേരിടുകയാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞു. ട്രംപ് സൈന്യത്തെ വിന്യസിച്ചത് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഫെഡറൽ കോടതിയിൽ അടിയന്തരഹർജി നൽകി. അനധികൃതകുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിന്റെ ഭാഗമായി കുടിയേറ്റകാര്യവിഭാഗം നടത്തിയ വ്യാപകറെയ്ഡാണ് കഴിഞ്ഞ വ്യാഴാഴ്ച പ്രതിഷേധം തുടങ്ങാൻ കാരണം. പ്രക്ഷോഭം അടിച്ചമർത്താൻ നാഷണൽ ഗാർഡിലെ 4000 പേരെയും 700 മറീനുകളെയുമാണ് ട്രംപ് ഇറക്കിയിരിക്കുന്നത്.
Content Highlights: Sixth day of protests against Trump administration`s anti-immigrant policies
Published: 12 Jun 2025, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented