ആങ്കറേജ് (അലാസ്‌ക): യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ യുഎസിന്റെ സമ്മര്‍ദം മുറുകുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച അവസാനിച്ചു. അന്തിമ കരാറിലെത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ തന്നെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടച്ചിട്ടമുറിയില്‍ മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇരു നേതാക്കന്‍മാരുടെയും വാര്‍ത്താ സമ്മേളനം.
അന്തിമ കരാറിലേക്ക് എത്താനായിട്ടില്ലെന്നും എന്നാല്‍ ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകാതെ തന്നെ ആ ലക്ഷ്യത്തിലെത്താനാകും. ചര്‍ച്ചയിലുണ്ടായ ധാരണകളെ കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായും നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പുതിനുമായി നേരിട്ടുള്ള ചര്‍ച്ച തുടരുമെന്ന സൂചനയും ട്രംപ് നല്‍കി.
ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കുന്ന നീക്കങ്ങള്‍ക്ക് യുക്രൈനോ യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള സമാധാനം ഉണ്ടാവണമെങ്കില്‍ ഈ സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലാതാവണം. യുക്രൈന്‍ തങ്ങളുടെ സഹോദര രാജ്യമാണ്. യുക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ താന്‍ പ്രസിഡന്റ് ട്രംപിനോട് യോജിക്കുന്നു. ഇന്ന് തങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണകള്‍ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പാത തുറക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും പുതിന്‍ പറഞ്ഞു.
തികച്ചും പരസ്പര ബഹുമാനത്തോടെയുള്ള അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്ന് ഇരു നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ചയിലെ വിശദാംശങ്ങളിലേക്ക് ഇരുവരും കടന്നില്ല. സാധാരണഗതിയില്‍ ാജ്യത്തിനകത്ത് വെച്ച് വിദേശ ഭരണാധികാരികളോടൊപ്പം നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ആദ്യം സംസാരിച്ച് തുടങ്ങുന്നതാണ് പൊതുവായരീതി. എന്നാല്‍ ഇവിടെ പുതിനാണ് ആദ്യം സംസാരിച്ച് തുടങ്ങിയതെന്നതും കൗതുകമായി. അലാസ്‌കയിലെ സോവിയറ്റ് സൈനികരുടെ കുഴിമാടങ്ങളില്‍ റീത്ത് സമര്‍പ്പിച്ച ശേഷമാണ് പുതിന്‍ തന്റെ വിമാനത്തിലേക്ക് മടങ്ങിയത്.
ചര്‍ച്ചയില്‍ ട്രംപിനൊപ്പം അമേരിക്കന്‍ വിദേശ സെക്രട്ടറി മാര്‍ക്കോ റുബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പുതിനൊപ്പം വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്‌റോവും പങ്കെടുത്തു. ഉപദേശകരില്ലാതെ അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്ക് ചര്‍ച്ച നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിനും ട്രംപും കാണുന്നത്.
നേരത്തെ അലാസ്‌കന്‍ നഗരമായ ആങ്കറേജിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്‌സണ്‍ (ജെബിഇആര്‍) സേനാതാവളത്തില്‍ എത്തിയ ഇരുവരും ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വ്യോമത്താവളത്തില്‍ നേരിട്ടെത്തിയാണ് ട്രംപ് പുതിനെ സ്വീകരിച്ചത്. ട്രംപിന്റെ ഔദ്യോഗിക വാഹനമായ 'ബീസ്റ്റ്' കാറില്‍ കയറിയാണ് പുതിന്‍ ചര്‍ച്ചാ വേദിയിലേക്ക് പോയത്.
കനത്തസുരക്ഷാവലയത്തിലാണ് ട്രംപ്-പുതിന്‍ ഉച്ചകോടി നടന്നത്. ചര്‍ച്ചനടക്കുന്ന മുറിക്കുപുറത്ത് തുല്യഎണ്ണം യുഎസ്-റഷ്യന്‍ സുരക്ഷാ ഏജന്റുമാര്‍ നിലയുറപ്പിച്ചിരുന്നു. യുക്രൈന്‍ യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനവാതില്‍ തുറന്നേക്കുമെന്ന പ്രത്യാശയോടെ പുറപ്പെടുംമുന്‍പ് 'ഏറെ നിര്‍ണായകം' എന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ കുറിച്ചിരുന്നു. ചര്‍ച്ച അനുകൂലമല്ലാതിരിക്കാനുള്ള സാധ്യത 25 ശതമാനമേയുള്ളൂവെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ഒരുകാലത്ത് റഷ്യയുടെ ഭാഗമായിരുന്ന, നിലവില്‍ യുഎസ് സംസ്ഥാനമായ അലാസ്‌കയിലേക്ക് വാഷിങ്ടണില്‍നിന്ന് ഏഴുമണിക്കൂര്‍ യാത്രയുണ്ട്. ആറുവര്‍ഷത്തിനുശേഷമാണ് ട്രംപും പുതിനും നേരില്‍ ചര്‍ച്ചനടത്തുന്നത്. റഷ്യയുടെ കര അതിര്‍ത്തിയില്‍നിന്ന് ബെറിങ് കടലിടുക്കുവഴി അലാസ്‌കയിലേക്ക് 90 കിലോമീറ്റര്‍ ദൂരമേയുള്ളൂ.
പഴയസോവിയറ്റ് യൂണിയനെ അനുസ്മരിപ്പിച്ചുകൊണ്ട് 'യുഎസ്എസ്ആര്‍' എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്‌റോവ് അലാസ്‌കയിലെത്തിയത്. 1922 മുതല്‍ 1991 വരെ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു യുക്രൈന്‍. റഷ്യന്‍ സാമ്രാജ്യം വിപുലീകരിക്കുകയെന്ന പുതിന്റെ 'ഗ്രേറ്റര്‍ റഷ്യ' അജന്‍ഡയുമായി ചേര്‍ത്തുവായിക്കേണ്ട പ്രകോപനപരമായ സൂചനയാണിതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. യുക്രൈന്‍ യുദ്ധമവസാനിപ്പിക്കാന്‍ ഊര്‍ജസ്വലമായ ശ്രമമാണ് നടത്തുന്നതെന്നു പറഞ്ഞ് പുതിന്‍ ബുധനാഴ്ച ട്രംപിനെ പുകഴ്ത്തിയിരുന്നു.
യുക്രൈന്റെ നാറ്റോപ്രവേശനശ്രമങ്ങളില്‍ പ്രകോപിതരായി 2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനില്‍ അധിനിവേശമാരംഭിച്ചത്.
ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധി സംഘാംഗങ്ങൾ
റഷ്യ
പുതിനൊപ്പം റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയി ലാവ്‌റോവ്, പ്രതിരോധമന്ത്രി ആന്ദ്രേ ബെലോസോവ്, ധനമന്ത്രി ആന്റൺ സിലുവനോവ്, വിദേശനിക്ഷേപകാര്യങ്ങൾക്കുള്ള പുതിന്റെ ദൂതൻ കിറിൽ ദിമിത്രിയേവ്, പുതിന്റെ സഹായി യൂറി ഉഷകോവ് എന്നിവർ. യുദ്ധം തുടങ്ങിയശേഷമുള്ള പുതിന്റെ പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള ആദ്യ സന്ദർശനമാണിത്. യുഎസിലേക്ക് 10 വർഷത്തിനിടെ ആദ്യത്തേതും. യുദ്ധത്തിന്റെപേരിൽ അന്താരാഷ്ട്രകോടതിയുടെ അറസ്റ്റുവാറന്റ് നേരിടുന്നതിനാൽ സഖ്യകക്ഷികളായ രാജ്യങ്ങളിലല്ലാതെ പുതിൻ പോയിട്ടില്ല.
യുഎസ്
ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ, യുക്രൈൻ, ഗാസ യുദ്ധങ്ങളിലെ സമാധാനശ്രമം നടത്തുന്ന ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വാണിജ്യസെക്രട്ടറി ഹൊവാർഡ് ലുട്‌നിക്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, മാധ്യമസെക്രട്ടറി കരോലിൻ ലീവിറ്റ് തുടങ്ങിയവർ
Content Highlights: Trump clarifies his meeting with Putin is not to negotiate for Ukraine
Published: 16 Aug 2025, 06:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented