വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായുള്ള കൂടിക്കാഴ്ച ലോകമൊട്ടാകെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ മറ്റൊരു രസകരമായ ചർച്ചകൂടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ട്രംപുമായി ചർച്ച നടത്തിയത് പുതിനല്ലെന്നും അത് അപരന്മാരിൽ ഒരാളാണെന്നുമാണ് വാദം.
പുതിന്റെ രൂപവും നടത്തവുമാണ് സാമൂഹികമാധ്യമങ്ങളിൽ ഇത്തരമൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയത്. അലാസ്കയിൽ എത്തിയ വ്യക്തിക്ക് കൂടുതൽ വീർത്ത കവിളുകളുണ്ടെന്നാണ് ഒരു കണ്ടെത്തൽ. ട്രംപിനെ കാണുമ്പോൾ റഷ്യൻ പ്രസിഡന്റ് പതിവിലും കൂടുതൽ ഉന്മേഷവാനായി കാണപ്പെട്ടതാണ് മറ്റു ചിലരിൽ സംശയം ജനിപ്പിച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡന്റിന് വേണ്ടി കാലാകാലങ്ങളിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന നിരവധി അപരന്മാർ ഉണ്ടെന്ന തരത്തിലേക്കും ചർച്ചകൾ വ്യാപിച്ചിട്ടുണ്ട്.
ഇത് പുതിന്റെ അഞ്ചാമത്തെ അപരനാണെന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്. കവിളുകൾ കൂടുതൽ ഉരുണ്ടതാണെന്നും വലതുകൈ അധികം ചലിപ്പിക്കാതെയുള്ള പുതിന്റെ പതിവ് നടത്തമല്ല കാണാൻ കഴിയുന്നതെന്നും കമന്റിൽ പറയുന്നു. അദ്ദേഹം ഒരുപാട് ചിരിക്കുന്നു. എപ്പോഴും ചിരിയടക്കാൻ ശ്രമിക്കുന്നതുപോലെ തോന്നുന്നു. എന്നതാണ് മറ്റൊരാളുടെ കണ്ടെത്തൽ.
പുതിൻ തനിക്ക് പകരമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ അപരന്മാരെ ഉപയോഗിക്കുന്നു എന്ന ഊഹാപോഹങ്ങൾ പുതിയതല്ല. പല അവസരങ്ങളിലും, റഷ്യൻ പ്രസിഡന്റിനെ നിരീക്ഷിക്കുന്നവർ അദ്ദേഹത്തിന് ഒന്നിലധികം അപരന്മാരുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. പുതിന്റെ അപരന്മാർ അദ്ദേഹവുമായി പരമാവധി സാമ്യം തോന്നിക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്ന് പോലും പ്രചരണങ്ങളുണ്ട്.
ഒരു കൈ (സാധാരണയായി വലതുകൈ) അസ്വാഭാവികമായി ശരീരത്തോട് ചേർത്ത് നിശ്ചലമായി വെക്കുകയും മറ്റേ കൈ സാധാരണപോലെ വീശിയുമാണ് പുതിൻ നടക്കുന്നത്. ഇത് അനുകരിക്കാൻ പ്രയാസമാണെന്നും ഇത്തരത്തിൽ അപരൻമാരെ തിരിച്ചറിയാൻ കഴിയുമെന്ന വാദവും സജീവമാണ്.
Content Highlights: Twitter erupts with claims Putin sent a body double to meet Trump in Alaska
Published: 16 Aug 2025, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented