ഒഹായോ: അമേരിക്കയിലെ ഒഹായോയിലുള്ള ടൊലീഡോയിൽ (Toledo) നടന്ന പ്രശസ്തമായ 'ഓൾഡ് വെസ്റ്റ് എൻഡ് ഫെസ്റ്റിവലിനിടെ' (Old West End Festival) ഉണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 5:37-ഓടെയാണ് അജ്ഞാതരായ അക്രമികൾ ആൾകൂട്ടത്തിന് നേർക്ക് നിറയൊഴിച്ചത്. എട്ടുപേർക്കാണ് വെടിയേറ്റത്. വെടിയേറ്റ എട്ടുപേരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

To advertise here,

ഇവർ എല്ലാവരും അപകടനില തരണം ചെയ്തതായി ടോളിഡോ മേയർ വേഡ് കപ്‌സുകീവിച്ച് അറിയിച്ചു. വെടിവെപ്പിനെത്തുടർന്ന് സ്ഥലത്ത് വൻ പരിഭ്രാന്തിയുണ്ടാവുകയും ജനങ്ങൾ ചിതറിയോടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഗീത പരിപാടികളും ഭക്ഷണ വിപണികളും നടക്കുന്ന ഡെലൊവെയർ അവന്യൂ (Delaware Avenue), റോബിൻവുഡ് അവന്യൂ (Robinwood Avenue) എന്നീ തെരുവുകൾക്കിടയിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, എന്നാൽ പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ലെന്നും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ നിലയിൽ നിരവധി പേരെ കണ്ടെത്തുകയും അവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സംഭവസമയത്ത് അവിടെയുണ്ടായിരുന്ന മുൻ യുഎസ് നേവി ഉദ്യോഗസ്ഥൻ കെവിൻ ബെറി പറയുന്നത്, വെടിവെപ്പ് ഉണ്ടായ ഉടൻ ജനങ്ങൾ പരിഭ്രാന്തരായി നിലത്തു കിടന്നുവെന്നാണ്. ഏകദേശം 50 അടി അകലെ അക്രമി തോക്ക് ഉപേക്ഷിക്കുന്നത് കണ്ടതായും അദ്ദേഹം വെളിപ്പെടുത്തി. പരിക്കേറ്റ അഞ്ചോളം പേർക്ക് പ്രാഥമിക മെഡിക്കൽ സഹായം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഒഹായോ ഗവർണർ മൈക്ക് ഡിവിൻ സംഭവത്തിൽ അഗാധമായ ആശങ്ക രേഖപ്പെടുത്തി. കുടുംബങ്ങൾ ഒത്തുചേരുന്ന സ്ഥലങ്ങൾ സുരക്ഷിതമായിരിക്കണമെന്നും ഇത്തരത്തിലുള്ള അക്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

ടോളിഡോയിലെ ഏറ്റവും വലിയ ചരിത്രപ്രസിദ്ധമായ പ്രദേശങ്ങളിൽ ഒന്നാണ് ഓൾഡ് വെസ്റ്റ് എൻഡ്. ഈ പ്രദേശത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം ആഘോഷിക്കുന്നതിനായി വർഷം തോറും സംഘടിപ്പിക്കുന്ന 'ഓൾഡ് വെസ്റ്റ് എൻഡ് ഫെസ്റ്റിവൽ' ഏറെ പ്രശസ്തമാണ്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ഇവിടെ നടക്കാറുള്ളത്.