വാഷിങ്ടൺ: ഇസ്രയേലും ലെബനനും തമ്മിൽ പത്ത് ദിവസത്തെ താൽക്കാലിക യുദ്ധവിരാമത്തിന് ധാരണയാക്കിയത് 'മധ്യസ്ഥതാ' വിജയമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുവരെ ലോകത്താകമാനം ഒമ്പത് യുദ്ധങ്ങൾ തന്റെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇത് പത്താമത്തേത് ആണെന്നും ട്രംപ് അവകാശപ്പെട്ടു.
സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും ഭരണാധികാരികളുമായി ട്രംപ് നേരിട്ട് ചർച്ചകൾ നടത്തുകയും അവരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. പത്തു ദിവസത്തെ കാലാവധിക്കുള്ളിൽ സമാധാനപരമായ ശാശ്വത പരിഹാരം കണ്ടെത്താനാണ് യുഎസ് ലക്ഷ്യമിടുന്നത്.
ലബനനിലെ ഹിസ്ബുള്ളയെ നിശ്ശേഷം ഇല്ലാതാക്കണമെന്ന നിബന്ധന ഇസ്രയേൽ മുന്നോട്ടുവെച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഇസ്രയേൽ സൈന്യം തങ്ങളുടെ മണ്ണിൽ തുടരുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഹിസ്ബുള്ള. മേഖലയിൽ ശാശ്വതമായ സ്ഥിരത ഉറപ്പാക്കാൻ ഈ പത്തു ദിവസം നിർണായകമാകും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ലബനൻ പ്രസിഡന്റ് ജോസഫ് ഔൺ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി നടത്തിയ 'സംഭാഷണങ്ങൾക്ക് പിന്നാലെയാണ് അപൂർവമായ ഈ നയതന്ത്ര നേട്ടം കൈവരിക്കാനായത് എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരിക്കുന്നത്. ഇരുപക്ഷവും തമ്മിലുള്ള സമാധാന പ്രക്രിയയുടെ ആദ്യ ചുവടുവെപ്പായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
'ലോകമെമ്പാടുമുള്ള ഒമ്പത് യുദ്ധങ്ങൾ പരിഹരിക്കാൻ എനിക്ക് സാധിച്ചു എന്നത് ഒരു ബഹുമതിയാണ്. ഇത് എന്റെ പത്താമത്തെ ദൗത്യമായിരിക്കും, അതിനാൽ നമുക്കിത് പൂർത്തിയാക്കാം!' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇസ്രയേലിന്റെയും ലബനന്റെയും പ്രതിനിധികൾ ഈ ആഴ്ച ആദ്യം വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ 34 വർഷത്തിനിടയിലെ ഇത്തരത്തിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ സാന്നിധ്യത്തിലാണ് ചർച്ചകൾ നടന്നത്. 'ബഹുമാന്യനായ പ്രസിഡന്റ് ജോസഫ് ഔണുമായും പ്രധാനമന്ത്രി ബിബി നെതന്യാഹുവുമായും ഞാൻ മികച്ച രീതിയിൽ സംഭാഷണങ്ങൾ നടത്തി. ഈ ചർച്ചകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനം കൈവരിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. സുസ്ഥിരമായ ഒരു കരാർ ഉറപ്പാക്കുന്നതിനായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സെക്രട്ടറി റൂബിയോ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.’ അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.
ട്രംപുമായി സംസാരിച്ചതായി ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ ‘എക്‌സി’ലൂടെ അറിയിച്ചു. ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കാനും മേഖലയിൽ സുസ്ഥിരമായ സമാധാനത്തിനും സ്ഥിരതയ്ക്കുമായി ട്രംപ് നടത്തുന്ന ശ്രമങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. അതേസമയം, സാഹചര്യങ്ങളിൽ വ്യക്തത വരുന്നത് വരെ പൗരന്മാരോട് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നതിന് കാത്തിരിക്കണമെന്ന് ലെബനൻ പാർലമെന്റ് സ്പീക്കർ നബിഹ് ബെറി അഭ്യർത്ഥിച്ചു.
എന്നാൽ, ലെബനൻ മണ്ണിൽ ഇസ്രയേൽ സൈന്യം തുടരുന്നത് പ്രതിരോധിക്കാനുള്ള അവകാശം ലെബനനും അവിടുത്തെ ജനങ്ങൾക്കും ഉണ്ടെന്നാണ് ഹിസ്ബുള്ളയുടെ നിലപാട്. മാത്രമല്ല, രാജ്യത്തിനുള്ളിൽ ഇസ്രയേലിന് സ്വതന്ത്രമായി നീങ്ങാൻ അനുവാദം നൽകുന്നതാകരുത് വെടിനിർത്തലെന്നും അവർ ഊന്നിപ്പറഞ്ഞു. നിർദ്ദിഷ്ട വെടിനിർത്തലിനോടുള്ള തങ്ങളുടെ ആദ്യ പ്രതികരണത്തിൽ, തങ്ങളുടെ സ്വീകാര്യത നിലവിലെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കുന്നത്.
അതേസമയം, നയതന്ത്രത്തിന് അവസരം നൽകുന്നതിനും യുഎസ് പ്രസിഡന്റിന്റെ സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനുമായി ലെബനനുമായി 10 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് താൻ സമ്മതിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. മേഖലയിൽ സുസ്ഥിരമായ സമാധാനത്തിനായി തയ്യാറാക്കുന്ന ഏതൊരു കരാറിലും, ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പിനെ പിരിച്ചുവിടാനുള്ള തീരുമാനവും ഉൾപ്പെട്ടിട്ടുണ്ടാവണം എന്നും വീഡിയോ സന്ദേശത്തിൽ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
പോരാട്ടം നിർത്തിവെച്ചാലും ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ഉപരോധം നിലനിർത്തുന്നതും ഇറാന്റെ ആണവശേഷി ഇല്ലാതാക്കാൻ പ്രവർത്തിക്കുന്നതും ഉൾപ്പെടെ, ഇറാനെതിരെയുള്ള വാഷിങ്ടണിന്റെ കടുത്ത നിലപാട് തുടരുമെന്ന് ട്രംപ് തനിക്ക് ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇരുപക്ഷവും സമ്മതിക്കുകയും പുരോഗതി ഉണ്ടാവുകയും ചെയ്താൽ വെടിനിർത്തൽ കാലാവധി നീട്ടാവുന്നതാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഹിസ്ബുള്ളയും മറ്റ് സായുധ ഗ്രൂപ്പുകളും ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നത് തടയാൻ ലെബനൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ പരമാധികാരവും ദേശീയ പ്രതിരോധവും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ലെബനന്റെ സുരക്ഷാ സേനയ്ക്ക് മാത്രമായിരിക്കുമെന്നും യുഎസ് പ്രസ്താവനയിൽ പറയുന്നു.
പ്രഖ്യാപിച്ചതുപോലെ നടപ്പാക്കുകയാണെങ്കിൽ, ദശാബ്ദങ്ങളായി ശത്രുതയിൽ തുടരുന്ന ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷങ്ങൾക്ക് ഈ വെടിനിർത്തലോടെ വിരാമമാകും. ഈ 10 ദിവസത്തെ കാലാവധി ഇരുരാജ്യങ്ങൾക്കും ഒരു പരീക്ഷണ കാലഘട്ടമായിരിക്കും. ഇരുപക്ഷത്തിനും ലക്ഷ്യങ്ങൾ വിലയിരുത്തുന്നതിനും കൂടുതൽ ചർച്ചകൾക്കുള്ള സാധ്യതകൾ പരിശോധിക്കാനും അവസരം ലഭിക്കും. ഈ സമയത്ത് ഇരുപക്ഷവും കരാർ ലംഘനങ്ങൾ ഒഴിവാക്കുകയും ആശയവിനിമയ മാർഗങ്ങൾ തുറന്നിടുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും സമാധാന ശ്രമങ്ങളുടെ വിജയം.
Content Highlights: President Trump mediates a 10-day temporary ceasefire between Israel and Lebanon. First direct diplomatic meeting between Israel and Lebanon in 34 years held in Washington. Goal is to transition from a temporary truce to a permanent regional peace settlement. US administration remains committed to a hardline stance against Iranian influence. Lebanese government tasked with preventing non-state armed groups from attacking Israel.
Published: 17 Apr 2026, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented