ബാങ്കോക്ക്: കംബോഡിയയുടെ മുന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നുമായുള്ള ഫോണ്‍സംഭാഷണം ചോര്‍ന്നതിനുപിന്നാലെ പ്രധാനമന്ത്രി പെയ്തോങ്തരണ്‍ ഷിനവത്രയുടെ രാജിയാവശ്യപ്പെട്ട് തായ്‌ലാന്‍ഡില്‍ പ്രതിഷേധം ശക്തം. തലസ്ഥാനമായ ബാങ്കോക്കില്‍ ശനിയാഴ്ചനടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
കംബോഡിയയുമായുള്ള അതിര്‍ത്തിത്തര്‍ക്കം മോശമായി കൈകാര്യം ചെയ്തതിന്റെപേരില്‍ ഷിനവത്രയ്‌ക്കെതിരേ ജനരോഷം കനക്കവേയാണ് കോളിളക്കം സൃഷ്ടിച്ച് ഹുന്‍ സെന്നുമായുള്ള ഫോണ്‍സംഭാഷണം പുറത്തുവന്നത്. ഹുന്‍ സെന്‍ തന്നെയാണ് 17 മിനിറ്റുള്ള സ്വകാര്യസംഭാഷണം ഈമാസം 18-ന് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. തായ് സൈന്യത്തോട് തികഞ്ഞ അനാദരവും കംബോഡിയയോട് വലിയ ആഭിമുഖ്യവും കാണിക്കുന്നതാണ് ഷിനവത്രയുടെ പരാമര്‍ശങ്ങളെന്നാണ് ആരോപണം.
അതിര്‍ത്തിസംഘര്‍ഷം ലഘൂകരിക്കാന്‍ വ്യക്തിപരമായി നയതന്ത്രശ്രമം നടത്തിയതാണെന്നാണ് സംഭാഷണത്തെക്കുറിച്ച് ഷിനവത്ര പറയുന്നത്. ജനരോഷമുടലെടുത്തതോടെ ഷിനവത്ര പരസ്യമായി മാപ്പുപറയുകയും സായുധസേനകള്‍ക്ക് അചഞ്ചലമായ പിന്തുണപ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫോണ്‍വിളി ചോര്‍ന്നതുമായി ബന്ധപ്പെട്ട് കംബോഡിയയുടെ സ്ഥാനപതിയെ വിളിച്ചുവരുത്തുകയും ചെയ്തു. സംഭാഷണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ ഷിനവത്രയ്ക്ക് പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കാം. സംഭവത്തിനുപിന്നാലെ 69 എംപിമാരുള്ള ഭുംജൈതൈ പാര്‍ട്ടി ഷിനവത്രയുടെ ഭരണസഖ്യം വിട്ടു.
അതിനിടെ, കംബോഡിയയുടെ ഭൂപ്രദേശങ്ങള്‍ അധിനിവേശശക്തികളില്‍നിന്ന് സംരക്ഷിക്കുമെന്ന് നിലവില്‍ കംബോഡിയന്‍ സെനറ്റിന്റെ പ്രസിഡന്റുകൂടിയായ ഹുന്‍ സെന്‍ ശനിയാഴ്ച പറഞ്ഞു. തായ് സൈന്യം കംബോഡിയയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കുംമേല്‍ ഗുരുതര ലംഘനം നടത്തിയെന്നും ആരോപിച്ചു. മേയ് 28-ന് അതിര്‍ത്തിത്തര്‍ക്കം സായുധസംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഒരു കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു.
വിനയായത് 'അങ്കിള്‍' വിളി
സംഭാഷണത്തിനിടെ തികച്ചും അനൗദ്യോഗികമായി 'അങ്കിള്‍' എന്നാണ് ഷിനവത്ര ഹുന്‍ സെന്നിനെ വിളിച്ചത്. അനന്തരവളായിക്കരുതി തന്നോട് അല്പം അനുകമ്പ കാണിക്കണമെന്നും രാജ്യത്തെ വിമര്‍ശകര്‍ തന്നോട് രാജിവെച്ച് കംബോഡിയയുടെ പ്രധാനമന്ത്രിയായിക്കോയെന്ന് പറയുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും അവര്‍ പറഞ്ഞു. കംബോഡിയന്‍ അതിര്‍ത്തിയുടെ ചുമതലയുള്ള കമാന്‍ഡര്‍ ബൂന്‍സിന്‍ പദ്ക്ലാങ്ങിനെക്കുറിച്ചും ഷിനവത്ര മോശമായിപ്പറഞ്ഞു. അയാള്‍ എതിര്‍ചേരിയില്‍നിന്നുള്ളതാണെന്നും മാധ്യമങ്ങളോട് വീമ്പുപറയാനാണ് താത്പര്യമെന്നും ഈ കാട്ടിക്കൂട്ടലുകള്‍ തനിക്കിഷ്ടമല്ലെന്നുമാണ് പറഞ്ഞത്. തായ്ലാന്‍ഡിന് ബലഹീനതയുണ്ടെന്നതരത്തിലാണ് ഷിനവത്രയുടെ നിലപാടെന്നും അത് പ്രധാനമന്ത്രിക്ക് ചേരാത്തതാണെന്നും വിമര്‍ശകര്‍ പറയുന്നു.
യെല്ലോ ഷര്‍ട്ട് പ്രതിഷേധം
തായ് രാജകുടുംബത്തിന്റെ അനുയായികളായ 'മഞ്ഞക്കുപ്പായ'ക്കാരാണ് (യെല്ലോ ഷര്‍ട്ട് ഗ്രൂപ്പ്) പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഷിനവത്രയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ തക്സിന്‍ ഷിനവത്രയെ ശക്തമായി എതിര്‍ത്തിരുന്നവരാണിവര്‍. തക്സിന് ഹുന്‍ സെന്നുമായി അടുത്തബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. 2006-ലും 2014-ലും രാജ്യത്ത് പട്ടാള അട്ടിമറിയുണ്ടായത് 'യെല്ലോ ഷര്‍ട്ടി'ന്റെ ഭരണവിരുദ്ധറാലികള്‍ അക്രമാസക്തമായതിനെത്തുടര്‍ന്നാണ്. അതിലൂടെയാണ് തക്സിനും പെയ്തോങ്തരണിന്റെ പിതൃസഹോദരി യിങ്ലക് ഷിനവത്രയും അധികാരത്തില്‍നിന്ന് പുറത്തായത്.
Content Highlights: thailand prime minister paetongtarn shinawatra phone call controversy and protest for her resign
Published: 29 Jun 2025, 04:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented