ഡമാസ്‌കസ്: 2011 മുതല്‍ ആഭ്യന്തരകലാപത്തിന്റെ പിടിയിലുള്ള സിറിയയില്‍ ഏതാനും ദിവസമായി സൈന്യവും വിമതരും തമ്മില്‍ നടക്കുന്ന രക്തരൂക്ഷിതപോരാട്ടത്തില്‍ 242 പേര്‍ കൊല്ലപ്പെട്ടു. അതില്‍ 24 പേര്‍ സാധാരണക്കാരാണ്. ടര്‍ക്കിഷ് സായുധസംഘങ്ങളുടെ പിന്തുണയോടെ സുന്നി സായുധസംഘമായ ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തിലാണ് ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരേയുള്ള സായുധകലാപം. 

To advertise here,

സര്‍ക്കാര്‍ അധീനതയിലുള്ള വടക്കു-പടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്ലിബില്‍ ദിവസങ്ങളായി സിറിയന്‍ സൈന്യവും സായുധസംഘാംഗങ്ങളും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. വെള്ളിയാഴ്ചയോടെ ആയിരക്കണക്കിന് കലാപകാരികള്‍ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ വടക്കുള്ള അലെപ്പോയിലെത്തി. 2016-ല്‍ സൈന്യം നഗരം തിരിച്ചുപിടിച്ചശേഷം ആദ്യമായാണ് എച്ച്ടിഎസിന്റെ  നേതൃത്വത്തിലുള്ള വിമതര്‍ അലെപ്പോ നഗരത്തില്‍ പ്രവേശിക്കുന്നത്. 

അലെപ്പോയുടെ അഞ്ച് സമീപപ്രദേശങ്ങളുടെ നിയന്ത്രണം ഇവര്‍ ഏറ്റെടുത്തു. ഇഡ്‌ലിബിലും അലെപ്പോയിലുമായി തന്ത്രപ്രധാനമായ 50 പട്ടണങ്ങളും ഗ്രാമങ്ങളും അവര്‍ പിടിച്ചു. അലെപ്പോ സര്‍വകലാശാലയ്ക്കുനേരേ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികളടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. അലെപ്പോ വിമാനത്താവളം അടച്ചിട്ട് ശനിയാഴ്ച്ചത്തെ എല്ലാ വിമാനങ്ങളും റദ്ദാക്കി. 

സംഘര്‍ഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള 2019-ലെ സമാധാനക്കരാര്‍ കലാപകാരികള്‍ ലംഘിച്ചെന്ന് സിറിയന്‍ സൈന്യം ആരോപിച്ചു. അതേസമയം, റഷ്യയുമായിച്ചേര്‍ന്ന് സിറിയന്‍ സൈന്യം ഇഡ്ലിബില്‍ പ്രത്യാക്രമണം ശക്തമാക്കി. 2020-നുശേഷം മേഖലയില്‍ നടക്കുന്ന വലിയ സായുധകലാപമാണിത്.