ഡമാസ്‌കസ്: ബാഷര്‍ അസദ് സര്‍ക്കാരിനെ അട്ടിമറിച്ച് വിമതര്‍ ഭരണംപിടിച്ച സിറിയയില്‍നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നു. അസദ് ഭരണകാലത്ത് സിറിയന്‍ തടവറയില്‍ കഴിയേണ്ടിവന്ന പിഞ്ചുബാലനെ വിമതര്‍ മോചിപ്പിച്ചതിന്റെ ദൃശ്യമടക്കമാണ് പുറത്തുവന്നിട്ടുള്ളത്. 'മനുഷ്യരുടെ കശാപ്പുശാല' എന്നറിയപ്പെടുന്ന സെദ്നായ ജയിലില്‍ നിന്നാണ് വിമതര്‍ ബാലനേയും ഒട്ടേറെ സ്ത്രീകളേയും മോചിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ജയിലിലേക്ക് ഇരച്ചുകയറിയ വിമതര്‍ കുട്ടിയെ സെല്ലില്‍ നിന്ന് മോചിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
നിരവധി സ്ത്രീകളെ വിമതര്‍ ജയിലില്‍ നിന്ന് തുറന്നുവിടുന്നതും ദൃശ്യങ്ങളില്‍ കാണാം. മോചിപ്പിക്കപ്പെട്ട കുട്ടിയുടെ വധശിക്ഷ ഞായറാഴ്ച നടപ്പാക്കേണ്ടതായിരുന്നുവെന്ന് ഒരാള്‍ അല്‍ ജസീറയോട് പറഞ്ഞു. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. തടവുകാര്‍ക്കെതിരെ നടക്കുന്ന ക്രൂര പീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധമാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള സെദ്നായ ജയില്‍. 2011-ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 5000-ത്തിനും 13000-ത്തിനും ഇടയില്‍ തടവുകാരെ ഇവിടെ തൂക്കിലേറ്റിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
മരണം തൊടാനിരിക്കെ ജീവനിലേക്ക്
ജീവിച്ചിരിക്കുന്നു എന്നു സ്വയം വിശ്വസിപ്പിക്കാനെന്നോണം ഡമാസ്‌കസിലെ തെരുവിലൂടെ പലവട്ടം നടന്നു ബാഷര്‍ ബര്‍ഹൂം. മരണത്തിന്റെ വിളിയുമായെത്തേണ്ട ദിനത്തിനു തലേന്ന് ജീവിതത്തിന്റെ വാതില്‍ തുറന്നുകിട്ടിയതിന്റെ അതിശയം മാറിയിട്ടില്ല അദ്ദേഹത്തിന്. സിറിയന്‍ എഴുത്തുകാരനാണ് ബര്‍ഹൂം. വയസ്സ് 63. ഏഴുമാസമായി സൂര്യപ്രകാശം കാണാതെ ഡമാസ്‌കസിനടുത്തുള്ള സെയ്ദ്‌നയ തടവറയില്‍ കഴിയുകയായിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ ഒരുദിനം മാത്രമുള്ളപ്പോള്‍ വിമതര്‍ സിറിയയുടെ അധികാരികളായി. 'മനുഷ്യരുടെ കശാപ്പുശാല'യെന്നു പേരുവീണ സെയ്ദ്‌നയയുടെ പൂട്ടുകള്‍ അവര്‍ തുറന്നു. ആയിരക്കണക്കിനു തടവുകാര്‍ പുറത്തേക്കൊഴുകി. അവരിലൊരാളായി ബര്‍ഹൂമും.
ക്രൂരപീഡനങ്ങളും പുറംലോകമറിയാതെ വധശിക്ഷയും നടന്നിരുന്നു സെയ്ദ്‌നയയിലെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശസംഘടനകള്‍. ആഭ്യന്തരയുദ്ധം ആരംഭിച്ച 2011 മുതല്‍ 2016 വരെ ഇവിടെ വധശിക്ഷയ്ക്കിരയായത് 13,000 പേരെന്ന് കണക്ക്. ഈ തടവറ മാത്രമല്ല, അലെപ്പോ, ഹോംസ്, ഹമ എന്നിവിടങ്ങളിലെ ജിയിലുകളിലുള്ളവരെയെല്ലാം വിമതര്‍ സ്വതന്ത്രരാക്കി.
ഇടക്കാല പ്രധാനമന്ത്രിയെ നിയമിച്ച് വിമതര്‍
സിറിയയുടെ ഭരണം പിടിച്ച വിമതര്‍, മുഹമ്മദ് അല്‍ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 2025 മാര്‍ച്ച് ഒന്നുവരെയാണ് കാലാവധി. വിമതര്‍ക്കു നേതൃത്വം നല്‍കുന്ന ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നിയന്ത്രണത്തില്‍ ഇഡ്ലിബ് ഭരിക്കുന്ന സാല്‍വേഷന്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാണ് 41-കാരനായ അല്‍ ബഷീര്‍. എന്‍ജിനീയറായ ഇദ്ദേഹത്തിന് ഇഡ്ലിബ് സര്‍വകലാശാലയില്‍നിന്ന് ശരിയത്ത് നിയമത്തില്‍ ബിരുദമുണ്ട്.
അതിനിടെ, വിമതര്‍ കൈയടക്കാതിരിക്കാന്‍ എന്നുപറഞ്ഞ് സിറിയന്‍ സൈനികത്താവളങ്ങളില്‍ ഇസ്രയേല്‍ ചൊവ്വാഴ്ചയും വ്യോമാക്രമണം തുടര്‍ന്നു. ഡമാസ്‌കസിനടുത്തുവരെയെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രയേല്‍സൈന്യം നിഷേധിച്ചു. സിറിയയ്ക്കുള്ളില്‍ 400 ചതുരശ്രകിലോമീറ്റര്‍വരുന്ന കരുതല്‍മേഖലയ്ക്കപ്പുറം കടന്നിട്ടില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. 1973-ലെ യുദ്ധത്തിലാണ് ഇസ്രയേല്‍ ഈ പ്രദേശം പിടിച്ചെടുത്തത്. എന്നാല്‍, കരുതല്‍മേഖലയ്ക്ക് കിഴക്ക് കിലോമീറ്ററുകള്‍ അകലെ ഖതാനയില്‍ ഇസ്രയേല്‍സൈന്യമെത്തിയെന്ന് സിറിയന്‍കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു. ഇവിടെനിന്ന് ഏതാനും കിലോമീറ്റര്‍മാത്രം അകലെയാണ് ഡമാസ്‌കസ്.
ഡമാസ്‌കസിനു വടക്ക് ബര്‍സേഹിലുള്ള പ്രതിരോധമന്ത്രാലയത്തിന്റെ ഗവേഷണകേന്ദ്രം വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ തകര്‍ത്തു. ലടാക്കിയ തീരത്ത് നങ്കൂരമിട്ടിരുന്ന 10 നാവികസേനാകപ്പലുകളും തകര്‍ത്തെന്ന് യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. രാസായുധനിര്‍മാണശാലയെന്നുപറഞ്ഞ് 2018-ല്‍ യു.എസുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ബര്‍സേഹ് കേന്ദ്രം ആക്രമിച്ചിട്ടുണ്ട്.
അതേസമയം, സിറിയയിലെ പുതിയ അധികാരികളുമായി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. പക്ഷേ, ഞായറാഴ്ച അസദ് സര്‍ക്കാര്‍ വീണുകഴിഞ്ഞുള്ള ദിവസങ്ങളിലായി ഇസ്രയേല്‍ സിറിയയില്‍ 310 വ്യോമാക്രമണം നടത്തി. സിറിയന്‍ സംഘര്‍ഷത്തില്‍ ഇടപെടുകയല്ല, ആത്മരക്ഷയ്ക്കാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേല്‍ യു.എന്‍. രക്ഷാസമിതിയില്‍ പറഞ്ഞു.
Content Highlights: Syrian Toddler Freed By Rebels From Assad’s Prison Known As ‘Human Slaughterhouse’ | Video
Published: 11 Dec 2024, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented