
ബെയ്റുത്ത്: സിറിയയുടെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ തിരശ്ശീല വീണത് ആഭ്യന്തര യുദ്ധത്തിനിടെ ഛിന്നഭിന്നമായിക്കഴിഞ്ഞ രാജ്യത്തിന്റെ അധികാരം കൈവിട്ടുപോകാതിരിക്കാൻ പ്രസിഡന്റ് ബഷർ അൽ അസദ് 14 വർഷമായി നടത്തിവന്ന ശ്രമങ്ങൾക്കുകൂടിയാണ്. പിതാവ് ഹാഫിസ് അൽ അസദിന്റെ പിന്തുടർച്ചാവകാശിയായി 2000-ലാണ് നേത്രരോഗവിദഗ്ധൻ കൂടിയായ ബഷർ അൽ അസദ് സിറിയൻ പ്രസിഡണ്ടായി സ്ഥാനാരോപിതനാവുന്നത്. സിറിയയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനാവുന്ന ഭരണാധികാരി എന്ന് ജനങ്ങൾ കരുതിയ അദ്ദേഹത്തിനെതിരെ പിന്നീട് വലിയ പ്രക്ഷോഭങ്ങൾതന്നെ നടന്നു.
2011-മാർച്ചിലാണ് പ്രക്ഷോഭങ്ങളുടെയെല്ലാം പൊട്ടിപ്പുറപ്പെടൽ. ഇവയെ സ്വന്തം പിതാവിന്റെ പാത പിന്തുടർന്ന് നിഷ്കരുണം അടിച്ചമർത്താൻ ശ്രമിച്ചതോടെ പ്രതിഷേധങ്ങളുടെ രീതി മാറി. കലാപം ആഭ്യന്തര യുദ്ധമായി മാറിയതോടെ സഖ്യകക്ഷികളായ ഇറാന്റെയും റഷ്യയുടേയും പിന്തുണയോടെ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങൾ തകർത്ത് കീഴ്പ്പെടുത്താൻ ബഷർ തന്റെ സൈന്യത്തെ അഴിച്ചുവിട്ടു. ഇതിനുപിന്നാലെ സിറിയയിലെ സർക്കാർ തടങ്കൽ കേന്ദ്രങ്ങളിൽ വ്യാപകമായ പീഡനങ്ങളും നിയമവിരുദ്ധമായ വധശിക്ഷകളും നടക്കുന്നതായി അന്താരാഷ്ട്ര അവകാശ സംഘടനകളും പ്രോസിക്യൂട്ടർമാരും ആരോപിച്ചുകൊണ്ട് രംഗത്തെത്തി.
അഞ്ചുലക്ഷത്തോളം പേരാണ് സിറിയൻ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടത്. സിറിയയിൽ യുദ്ധത്തിന് മുൻപുണ്ടായിരുന്നത് 23 ദശലക്ഷം പേരായിരുന്നെങ്കിൽ യുദ്ധം തുടങ്ങി ഇതുവരെയുള്ള കണക്കനുസരിച്ച് ജനസംഖ്യയിലെ പകുതിയിലേറെ പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. പതിയെ തുടങ്ങിയ കലാപം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയപ്പോൾ, ദശലക്ഷക്കണക്കിന് സിറിയക്കാരാണ് അതിർത്തികൾ കടന്ന് ജോർദാൻ, തുർക്കി, ഇറാഖ്, ലെബനൻ എന്നിവിടങ്ങളിലേക്കും യൂറോപ്പിലേക്കും പലായനം ചെയ്തത്.
ഈയടുത്ത കാലം വരെയും അസദ് ഭരണകൂടത്തിന് പേടിക്കേണ്ട യാതൊരാവശ്യവും ഇല്ലായിരുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗം പ്രതിപക്ഷ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലും വടക്കുകിഴക്ക് കുർദിഷ് നിയന്ത്രണത്തിലുമായിരുന്നു. അതേസമയം തന്നെ സിറിയയുടെ പ്രധാനഭാഗങ്ങൾ സർക്കാർ അധീനതയിൽ തുടരുകയും ചെയ്തു. അതേസമയം ഡമാസ്കസ് പാശ്ചാത്യ ഉപരോധത്തിൽ തുടരുകയായിരുന്നു. ഇതിനിടെ അറബ് ലീഗ് കഴിഞ്ഞ വർഷം സിറിയയുടെ അംഗത്വം പുനഃസ്ഥാപിച്ചു. 12 വർഷം മുമ്പ് ഡമാസ്കസുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം സിറിയയിലെ ആദ്യത്തെ അംബാസഡറെ നിയമിച്ചതായി സൗദി അറേബ്യ മെയ് മാസത്തിലാണ് പ്രഖ്യാപിച്ചത്.
എന്നാൽ, നവംബർ അവസാനത്തോടെ വടക്കുപടിഞ്ഞാറൻ സിറിയ ആസ്ഥാനമായുള്ള പ്രതിപക്ഷ ഗ്രൂപ്പുകൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെയാണ് സിറിയയിൽ കാറ്റ് മാറി വീശാൻ തുടങ്ങിയത്. ഔദ്യോഗിക സേനാവിഭാഗം പെട്ടെന്ന് തകർന്നു. അസദിൻ്റെ സഖ്യകക്ഷികളായ റഷ്യയും ഇറാനും യുദ്ധത്തിൽ വ്യാപൃതരായി. ഇക്കാരണത്താൽ സിറിയയുടെ വിഷയത്തിൽ ശക്തമായി ഇടപെടാൻ ഇവർ വിമുഖത കാണിക്കുകയും ചെയ്തു.
വിമതർ സിറിയൻ തലസ്ഥാനം പിടിച്ചടക്കിയതോടെ അസദ് രാജ്യം വിട്ടുവെന്നാണ് റിപ്പോർട്ടുകൾ. അസദ് എവിടെയാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ബഷർ അൽ അസദ് രാജ്യംവിട്ടതോടെ അവരുടെ 54 വർഷത്തെ കുടുംബവാഴ്ച കൂടിയാണ് സിറിയയിൽ അവസാനിച്ചത്. രാജ്യം ഭരിക്കുന്നത് ഇനിയാര് എന്ന ചോദ്യവും ഇതിനൊപ്പം അവശേഷിക്കുന്നു.
In Short | The fall of Syrian President Bashar Assad’s government has brought to a dramatic close his nearly 14-year struggle to hold onto power as his country fragmented amid a brutal civil war that became a proxy battlefield for regional and international powers
Content Highlights: The fall of Bashar Assad after 14 years of war in Syria brings to an end a decades-long dynasty
Published: 08 Dec 2024, 01:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented