
കാഠ്മണ്ഡു: രാജ്യത്ത് സമാധാനം കൊണ്ടുവരുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് നേപ്പാളിലെ ഇടക്കാല നേതാവായി നിര്‍ദ്ദേശിക്കപ്പെട്ട മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി. ജെന്‍ സീ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേപ്പാളിലെ യുവജന സംഘടനകളുടെ ചര്‍ച്ചകളില്‍, രാജ്യത്തിന്റെ ഇടക്കാല നേതാവാകാന്‍ സുശീല കര്‍ക്കിയാണ് മുന്‍പന്തിയിലുള്ളത്.
എന്നാല്‍, ഇതുവരെയും വിഷയത്തില്‍ അന്തിമതീരുമാനം വന്നിട്ടില്ല. കാഠ്മണ്ഡു മേയര്‍ ബലേന്‍ ഷാ ഉള്‍പ്പെടെയുള്ള ചിലരുടെ പേരുകളും തല്‍സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും നേപ്പാളിലെ ഇടക്കാല നേതാവെന്ന നിലയില്‍ രാജ്യത്ത് സമാധാനം കൊണ്ടുവരികയും ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുക എന്നതിനായിരിക്കും തന്റെ മുന്‍ഗണനയെന്നും സുശീല കര്‍ക്കി പറഞ്ഞു.
താന്‍ തികച്ചും ഒരു ഇടക്കാല സര്‍ക്കാരിനെയാകും നയിക്കുകയെന്നും തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കള്‍ക്ക് എത്രയും പെട്ടെന്ന് അധികാരം കൈമാറുമെന്നും സുശീല കര്‍ക്കി പറഞ്ഞു. 'പുതിയ തിരഞ്ഞെടുപ്പിന് സമയമെടുക്കും - കുറഞ്ഞത് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ. ഞാനൊരു രാഷ്ട്രീയക്കാരിയല്ല, ഒരു ന്യായാധിപ മാത്രമാണ്. അതിനാല്‍ നീതിയുക്തമായ ഒരു തിരഞ്ഞെടുപ്പാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ എത്രയും പെട്ടെന്ന് ഉത്തരവാദിത്തം കൈമാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' അവര്‍ പറഞ്ഞു.
2008-ല്‍ രാജവാഴ്ച നിര്‍ത്തലാക്കിയതിന് ശേഷം രാജ്യത്ത് സ്ഥിരത കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട നേപ്പാളിലെ നേതാക്കളോടുള്ള ജനങ്ങളുടെ തിരസ്കാരം പ്രതിഫലിപ്പിച്ചുകൊണ്ട്, രാജ്യത്ത് ഒരു പുതിയ സംവിധാനം സ്ഥാപിക്കാന്‍ താന്‍ ശ്രമിക്കുമെന്ന് കര്‍ക്കി പറഞ്ഞു. 'ജെന്‍ സീ' പ്രതിഷേധത്തില്‍നിന്ന് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉയര്‍ന്നുവന്നേക്കാമെന്നും അവര്‍ പറഞ്ഞു. എങ്കിലും, നിലവിലുള്ള ഒരു പാര്‍ട്ടിയേയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് തടയാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'നേപ്പാളിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. രാജ്യത്ത് സമാധാനം കൊണ്ടുവരണം. തകര്‍ന്ന കെട്ടിടങ്ങള്‍ പുനഃസ്ഥാപിക്കണം. എനിക്ക് ഈ ഉത്തരവാദിത്തം തനിച്ച് നിറവേറ്റാന്‍ കഴിയില്ല. ഇത് കൂട്ടായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളാണ്.' നേപ്പാളിലെ ഭക്ഷ്യക്ഷാമത്തെക്കുറിച്ചും കര്‍ക്കി എടുത്തുപറഞ്ഞു. നേപ്പാളിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച്, കാഠ്മണ്ഡുവില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ ഇന്ന് മെച്ചപ്പെട്ടിട്ടുണ്ടെന്നും കര്‍ക്കി പറഞ്ഞു. സൈന്യം സ്ഥിതിഗതികള്‍ നന്നായി നിയന്ത്രിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: sushila karki says in nepal her priority is peace and election will be in one year world news
Published: 10 Sept 2025, 09:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented