
ജറുസലേം: ഗാസയില്‍ ചൊവ്വാഴ്ച നടന്ന വ്യോമാക്രമണങ്ങള്‍ ഒരു തുടക്കം മാത്രമാണെന്നും എല്ലാ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ഇതിനിടയില്‍ നടക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികള്‍ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു വരെ ഇസ്രയേല്‍ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും ദേശീയ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മര്‍ദ്ദം അനിവാര്യമാണെന്ന് മുന്‍കാലസംഭവങ്ങള്‍ തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 19-ന് ആരംഭിച്ച 42 ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിച്ചതിനുപിന്നാലെ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായി ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 404 പേര്‍ കൊല്ലപ്പെട്ടിരുന്നു. 562 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലേറെയും കുട്ടികളാണെന്ന് പലസ്തീന്‍ ആരോഗ്യവിഭാഗം അറിയിച്ചു. ഗാസയുടെ വടക്കും തെക്കുമുള്ള വീടുകളും കൂടാരങ്ങളുമുള്‍പ്പെടെയുള്ളവയെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. അതിര്‍ത്തിയില്‍ തമ്പടിച്ച ടാങ്കുകളില്‍നിന്ന് ഷെല്ലാക്രമണവുമുണ്ടായി.
ജനുവരി 19-ന് വെടിനിര്‍ത്തല്‍ നിലവില്‍വന്നശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായത്. മൂന്നുഘട്ടമായി നടപ്പാക്കാന്‍ ധാരണയായ വെടിനിര്‍ത്തലിന്റെ ലംഘനമാണ് ആക്രമണമെന്ന് ഹമാസ് ആരോപിച്ചു. ഗാസയില്‍ ശാശ്വതസമാധാനം കൊണ്ടുവരാനുള്ള മധ്യസ്ഥരുടെ ശ്രമങ്ങളെ തകിടംമറിക്കുകയാണെന്ന് ഇസ്രയേലെന്നും ആരോപിച്ചു.
യുഎസുമായി പൂര്‍ണമായി സഹകരിച്ചാണ് ആക്രമണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിന്റെ വക്താവ് ഡേവിഡ് മെന്‍സെര്‍ പറഞ്ഞു. ഇസ്രയേലിനു നല്‍കുന്ന പിന്തുണയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദിപറഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Strikes in Gaza that killed hundreds are only beginning, says Benjamin Netanyahu
Published: 19 Mar 2025, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented