സോള്‍: 'രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലേ?' മുവാന്‍ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ച മുഴങ്ങികേട്ട ചോദ്യങ്ങളിലൊന്നാണിത്. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനം ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന്(ഞായർ) രാവിലെ ഒന്‍പതിനാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടുപേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളുടെ നിലവിളികളായിരുന്നു വിമാനത്താവളത്തിൽ നിറഞ്ഞുനിന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

ബന്ധുക്കളെ അഭിസംബോധന ചെയ്ത് മുന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ലീ ജിയോങ് ഹൈയോണ്‍ സംസാരിക്കുമ്പോഴായിരുന്നു ബന്ധുക്കള്‍ വികാരധീനരായത്. വിമാനത്തിലുണ്ടായിരുന്ന 181 പേര്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത കുടുംബാംഗങ്ങളെ തകര്‍ത്തു കളഞ്ഞു. ചിലര്‍ പൊട്ടികരഞ്ഞു, ചിലരാകട്ടെ കരഞ്ഞു തളര്‍ന്നു വീണു. ചിലർ രക്ഷപ്പെടാനായി ഒരു സാധ്യയുമില്ലേയെന്ന് കരഞ്ഞുകൊണ്ട് ചോദിച്ചു. സാധ്യതയില്ലെന്ന് മേധാവി തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു

എന്റെ സഹോദരി വിമാനത്തിലുണ്ടായിരുന്നു. അവള്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ഇപ്പോഴാണ് അവള്‍ സന്തോഷമുള്ള ജീവിതത്തിലേക്ക് കടന്നത്.- 33കാരിയായ യുവതി ഒരു സ്വകാര്യ മാധ്യമത്തോട് കണ്ണീരോടെ പറഞ്ഞു.

വിമാനം തകര്‍ന്നയിടത്തേക്ക് പോവാനുള്ള അനുമതി കുടുംബാംഗങ്ങള്‍ ചോദിച്ചെങ്കിലും സുരക്ഷ കാരണങ്ങളാൽ അധികൃതര്‍ നിഷേധിച്ചു.

തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 181 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്‌ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ വിമാനം ലാന്‍ഡിങ് ഗിയറില്ലാതെ റണ്‍വേയിലൂടെ തെന്നി നീങ്ങുന്നതും മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ച് തീഗോളമാകുന്നതും കാണാം. അപകടത്തിനു പിന്നാലെ മുവാന്‍ വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാര്‍ കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം. ലാന്‍ഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം ബെല്ലി ലാന്‍ഡിങ്ങിനുള്ള ശ്രമത്തിലാണ് വിമാനം അപകടത്തില്‍പ്പെടുന്നത്. ഈ ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ വേഗത കുറയ്ക്കുന്നതില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് റണ്‍വേയുടെ അറ്റംവരെ വിമാനം സഞ്ചരിക്കുകയും മതിലില്‍ ഇടിക്കുകയും ചെയ്തത്.

ലാന്‍ഡിങ്ങിനിടെ പക്ഷി വന്നിടിച്ചതാകാം ലാന്‍ഡിങ് ഗിയര്‍ തകരാറിലാകാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്. പ്രതികൂല കാലാവസ്ഥയും കാരണമായതായി പറയുന്നുണ്ട്.