സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടുപേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അപകടത്തിന്റെ തൊട്ടുമുമ്പ് വിമാനത്തിലെ ഒരു യാത്രക്കാരന്‍ ബന്ധുവിന് അയച്ച സന്ദേശം പുറത്തുവന്നിരിക്കുകയാണ്.

To advertise here,

വിമാനത്തിന്റെ ചിറകില്‍ ഒരു പക്ഷി കുടുങ്ങിയിട്ടുണ്ടെന്ന് ഒരു യാത്രക്കാരന്‍ ബന്ധുവിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസ് 1 ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 'അവസാനമായി ഞാനൊന്നു പറയട്ടെ ?' എന്ന് യാത്രക്കാരന്‍ സന്ദേശമയച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു.

അതേസമയം മരിച്ചവരെ തിരിച്ചറിയുകയെന്നത് പ്രയാസമാണെന്നാണ് അഗ്നിരക്ഷാസേനാ അധികൃതര്‍ പറയുന്നത്. വിമാനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയുക എന്നത് പ്രയാസകരമാണ്. ശരീരഭാഗങ്ങള്‍ കണ്ടെത്തുന്ന നടപടി പുരോഗമിക്കുകയാണെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.  

സംഭവത്തില്‍ വിമാനകമ്പനിയായ ജെജു മാപ്പ് പറഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങള്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ദാരുണമായ സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സാധ്യമായതെന്തും ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ജെജു എയര്‍വേസ് സമൂഹമാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റിലൂടെയും അറിയിച്ചു. 

ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ വിമാനം ലാന്‍ഡിങ് ഗിയറില്ലാതെ റണ്‍വേയിലൂടെ തെന്നി നീങ്ങുന്നതും മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ച് തീഗോളമാകുന്നതും കാണാം. അപകടത്തിനു പിന്നാലെ മുവാന്‍ വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാര്‍ കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം. ലാന്‍ഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം ബെല്ലി ലാന്‍ഡിങ്ങിനുള്ള ശ്രമത്തിലാണ് വിമാനം അപകടത്തില്‍പ്പെടുന്നത്. ഈ ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ വേഗത കുറയ്ക്കുന്നതില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് റണ്‍വേയുടെ അറ്റംവരെ വിമാനം സഞ്ചരിക്കുകയും മതിലില്‍ ഇടിക്കുകയും ചെയ്തത്.