സെന്റ് പീറ്റേഴ്സ്ബർഗ്: റഷ്യക്ക് നേരെ ആയിരത്തിലധികം ഡ്രോണുകൾ അയച്ച് യുക്രൈൻ നടത്തിയ വൻ വ്യോമാക്രമണത്തിൽ സെന്റ് പീറ്റേഴ്സ്ബർഗിലെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളിൽ വൻ തീപ്പിടിത്തം. റഷ്യയ്ക്കെതിരെ യുക്രൈൻ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നായിരുന്നു ഇത്.
ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് പറഞ്ഞു. പീറ്റേഴ്സ്ബർഗ് ഓയിൽ ടെർമിനൽ, റൂച്ചി ഓയിൽ ഡിപ്പോ എന്നിവയ്ക്ക് പുറമെ റഷ്യൻ റീട്ടെയിലറായ ഒസോണിന്റെ (Ozon) ലോജിസ്റ്റിക്സ് സെന്റർ, വികെ (VK) ഡാറ്റാ സെന്റർ എന്നിവയ്ക്ക് നേരെയും ആക്രമണമുണ്ടായി.
15 റഷ്യൻ മേഖലകളിലും ക്രിമിയയിലും കരിങ്കടലിലുമായി യുക്രൈൻ അയച്ച 1,015 ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. യുക്രൈൻ അധിനിവേശത്തെ ചെറുക്കുന്നുണ്ടെങ്കിലും സംഭവവികാസങ്ങളുടെ ഗതി മാറ്റാൻ അവർക്കാവില്ലെന്ന് ക്രംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യൻ എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെ യുക്രെെൻ നടത്തുന്ന ആക്രമണങ്ങളെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചതിന് പിന്നാലെയാണ് ഈ വൻ ആക്രമണം ഉണ്ടായിരിക്കുന്നത്. ഒക്ടോബർ 11-ന് ഊർജ്ജ മേഖലയിൽ വെടിനിർത്തൽ നിലവിൽ വന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുവിഭാഗവും ആക്രമണങ്ങൾ തുടരുകയായിരുന്നു.
അതേസമയം, ദക്ഷിണ യുക്രൈൻ നഗരമായ സപ്പോറീഷ്യയിൽ റഷ്യ നടത്തിയ രണ്ട് ആക്രമണങ്ങളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ആറ് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ രണ്ട് അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾക്കും 18 കാറുകൾക്കും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും കേടുപാടുകൾ സംഭവിച്ചു. ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ഒരാഴ്ചയ്ക്കുള്ളിൽ റഷ്യൻ സൈന്യം യുക്രൈനിലെ ഊർജ്ജ, എണ്ണ, ഗ്യാസ് മേഖലകളിൽ 76 തവണ ആക്രമണം നടത്തിയതായി യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി ആരോപിച്ചു.
Content Highlights: Ukraine launched over a thousand drones targeting Russia's oil export centers, causing fires and casualties in St. Petersburg, marking a significant escalation.
Published: 18 Oct 2026, 06:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented