ന്യൂഡൽഹി: പാകിസ്താനിൽ ചെന്നപ്പോൾ സ്വന്തം വീട്ടിലെത്തിയതുപോലെ തോന്നിയെന്ന പരാമർശത്തിന് വിശദീകരണവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ. പങ്കുവെക്കപ്പെട്ട ചരിത്രത്തിനും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനും ഊന്നൽ നൽകാനാണ് താൻ ഉദ്ദേശിച്ചതെന്നും ഭീകരവാദത്തിൽനിന്ന് ഇന്ത്യ നേരിടുന്ന വേദനയോ സംഘർഷങ്ങളോ വെല്ലുവിളികളോ അവഗണിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ആരുടെയും ദുരിതങ്ങളെ ചെറുതാക്കാനോ ന്യായമായ ആശങ്കകളെ ദുർബലപ്പെടുത്താനോ ആയിരുന്നില്ല ഉദ്ദേശ്യം. സത്യസന്ധമായ സംഭാഷണം, സഹാനുഭൂതി, ഇന്ത്യ സ്വയം എങ്ങനെ കാണുന്നു, ഇന്ത്യയെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് കൂടുതൽ യാഥാർഥ്യബോധമുള്ളതും ഉത്തരവാദിത്തമുള്ളതുമായ  സമീപനം വളർത്തുക എന്നതായിരുന്നുവെന്നു താൻ ഉദ്ദേശിച്ചതെന്നും പിത്രോദ പറഞ്ഞു.

'ഞാൻ പാകിസ്താനിൽ പോയി, എനിക്ക് സ്വന്തം വീട്ടിലെത്തിയതുപോലെ തോന്നി. ഞാൻ ബംഗ്ലാദേശിൽ പോയിട്ടുണ്ട്, ഞാൻ നേപ്പാളിൽ പോയിട്ടുണ്ട്, എനിക്ക് സ്വന്തം വീട്ടിലെത്തിയതുപോലെ തോന്നുന്നു. ഞാനൊരു വിദേശ രാജ്യത്താണെന്ന് എനിക്ക് തോന്നുന്നില്ല.' സാം പിത്രോദയുടെ ഈ പ്രസ്താവനയാണ് വിവാദമായത്. പിത്രോദയുടെ പാകിസ്താൻ പരാമർശം 'രാജ്യവിരുദ്ധമാണെന്നന്ന് വിശേഷിപ്പിച്ച ബിജെപി രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

'നാം നേരിടുന്ന യാഥാർഥ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള ആശങ്കകൾ, പൗരസമൂഹത്തിന്റെയും യുവാക്കളുടെയും പ്രാധാന്യം, അയൽപക്കത്തും ആഗോളതലത്തിലും ഇന്ത്യയുടെ പങ്ക് എന്നിവ. തീർച്ചയായും അക്രമത്തിന്റെ പ്രശ്‌നമുണ്ട്, ഭീകരവാദത്തിന്റെ പ്രശ്‌നമുണ്ട്, ഇതെല്ലാമുണ്ട്.

'അയൽരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ എനിക്ക് പലപ്പോഴും സ്വന്തം വീട്ടിലെത്തിയതുപോലെ തോന്നിയെന്നോ സാംസ്‌കാരികമായും സാമൂഹികമായും നമുക്ക് പൊതുവായ വേരുകളുണ്ടെന്നോ  പറഞ്ഞപ്പോൾ ഞാൻ ഉദ്ദേശിച്ചത് പങ്കുവെക്കപ്പെട്ട ചരിത്രത്തിനും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനും ഊന്നൽ നൽകാനാണ് - വേദനയോ, സംഘർഷങ്ങളോ, ഭീകരവാദത്തിൽനിന്നും ഭൂരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ നിന്നും നാം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളോ അവഗണിക്കാനല്ല,' എക്‌സ് പോസ്റ്റിൽ പിത്രോദ പറഞ്ഞു.

'വിശ്വഗുരു' എന്ന ആഖ്യാനത്തെ താൻ വെല്ലുവിളിക്കുകയും ഇന്ത്യ എപ്പോഴും എല്ലാവരുടെയും മനസ്സിലുണ്ടെന്നത് ഒരു മിഥ്യയാണെന്ന് പറയുകയും ചെയ്തപ്പോൾ, ഉള്ളടക്കത്തേക്കാൾ പ്രതിച്ഛായയിലുള്ള അമിത ആത്മവിശ്വാസത്തിനെതിരെ മുന്നറിയിപ്പ് നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'നാം ജനാധിപത്യത്തെ പ്രതിരോധിക്കേണ്ടതുണ്ട്: സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക; സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക; യുവാക്കളെ ശാക്തീകരിക്കുക; ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക; ധ്രുവീകരണത്തെ ചെറുക്കുക. ഇവ കക്ഷിരാഷ്ട്രീയ വിഷയങ്ങളല്ല.' പിത്രോദ പറഞ്ഞു.