സിഡ്‌നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ജൂത മതക്കാരുടെ ആഘോഷത്തിനിടെ വെടിവെപ്പ് നടത്തിയ സാജിദ് അക്രം, പിതാവ് മരിച്ചപ്പോള്‍ പോലും ഇന്ത്യയിലേക്കെത്തിയിരുന്നില്ലെന്ന് തെലങ്കാന പോലീസ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സാജിദിന് ഹൈദരാബാദിലെ തന്റെ കുടുംബവുമായി വളരെ പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ശേഷം ആറു തവണ മാത്രമാണ് സാജിദ് ഇന്ത്യ സന്ദര്‍ശിച്ചതെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

To advertise here,

സാജിദ് അക്രമിന്റെ സ്വദേശം ഹൈദരാബാദാണെന്ന് തെലങ്കാന പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ 1998-ല്‍ ബി.കോം. പൂര്‍ത്തിയാക്കിയ ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടുണ്ട്. അയാള്‍ക്ക് ഇപ്പോഴും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ട്. കഴിഞ്ഞ 27 വര്‍ഷമായി ഹൈദരാബാദിലെ ബന്ധുക്കളുമായി സാജിദിന് വളരെ കുറഞ്ഞതോ അകന്നതോ ആയ ബന്ധമാണുള്ളത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ശേഷം ഇന്ത്യയിലേക്കെത്തിയത് ആകെ ആറുതവണ മാത്രം. അതുതന്നെ സ്വത്ത് സംബന്ധമായ കാര്യങ്ങള്‍ക്കും മാതാപിതാക്കളെ സന്ദര്‍ശിക്കാനും വേണ്ടിയായിരുന്നു. പിതാവ് മരിച്ചപ്പോള്‍ പോലും അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര ചെയ്തിരുന്നില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

ഡിസംബര്‍ 14-നാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂതമതക്കാരുടെ ആഘോഷത്തിനിടെ വെടിവെപ്പുണ്ടായത്. സാജിദ് അക്രം, അയാളുടെ 24 വയസ്സുള്ള മകന്‍ നവീദ് അക്രം എന്നിവര്‍ ചേര്‍ന്ന് നടത്തിയ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സാജിദ് അക്രം കൊല്ലപ്പെട്ടു. പരിക്കേറ്റ നവീദ് പോലീസ് കാവലില്‍ ആശുപത്രിയിലാണ്. സാജിദിന്റെ ഇന്ത്യയിലെ കുടുംബാംഗങ്ങള്‍ക്ക്, അയാളുടെ തീവ്രവാദ ചിന്താഗതിയെക്കുറിച്ചോ വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചോ വിവരമില്ല.