ടെൽഅവീവ്: ഇറാന്റെ മുതിർന്ന രണ്ട് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ക്വോമിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോറിന്റെ (ഐആർജിസി) പലസ്തീൻ വിഭാഗം മേധാവി സയീദ് ഇസാദിയും പടിഞ്ഞാറൻ ഇറാനിൽ യാത്ര ചെയ്യുകയായിരുന്ന ഐആർജിസി ഖുദ്സ് ഫോഴ്സ് കമാൻഡർ ബെഹ്നാം ഷഹരിയാരിയും കൊലപ്പെട്ടതായി ഇസ്രയേൽ എക്സിലൂടെ അറിയിച്ചു. ഒക്ടോബർ ഏഴിന്ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സയീദ് ഇസാദിയും ബെഹ്നാം ഷഹരിയാരിയും ആണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു.
'ഖുദ്സ് ഫോഴ്സിലെ പലസ്തീൻ കോറിന്റെ കമാൻഡറും ഇറാനിയൻ ഭരണകൂടത്തെയും ഹമാസിനെയും തമ്മിൽ ഏകോപിപ്പിക്കുന്ന പ്രധാന കണ്ണിയും ഒക്ടോബർ 7-ലെ കൂട്ടക്കൊലയുടെ പ്രധാന ആസൂത്രകരിലൊരാളുമായിരുന്നു ഇസാദി. ഐആർജിസിയിലെ മുതിർന്ന കമാൻഡർമാരും ഇറാനിയൻ ഭരണകൂടവും ഹമാസിലെ പ്രധാന നേതാക്കളുമായി സൈനിക ഏകോപനം നടത്തുന്നതിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു,' ഐ.ഡി.എഫ് എക്സിൽ പറഞ്ഞു.
ഐആർജിസി ഖുദ്സ് ഫോഴ്സിന്റെ കമാൻഡർ ബെഹ്നാം ഷഹരിയാരിയേയും കൃത്യമായ ടാർഗറ്റ് ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായും ഇസ്രയേൽ അറിയിച്ചു. ഇറാനിൽനിന്നുള്ള ആയുധങ്ങൾ പലസ്തീനിലും ലബനനിലും മറ്റു രാജ്യങ്ങളിലും എത്തിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്നത് ഷഹരിയാരി ആണെന്നാണ് ഇസ്രയേൽ പറയുന്നത്. വാഹനത്തിൽ പോവുന്ന ഷഹരിയാരിയെ വധിക്കുന്നതിന്റെ വീഡിയോയും എഡിഎഫ് പുറത്തുവിട്ടു. പടിഞ്ഞാറൻ ഇറാനിലൂടെ യാത്ര ചെയ്യുകയായിരുന്ന ഷഹരിയാരിയെ ആയിരം കിലോ മീറ്ററുകൾക്കപ്പുറത്ത് ഇസ്രയേലിൽനിന്ന് മിസൈൽ അയച്ച് കൊലപ്പെടുത്തുകയായിരുന്നു.
രണ്ട് വധങ്ങൾക്കും പിന്നാലെ ഞങ്ങൾ വിജയിക്കാൻ പോവുകയാണെന്ന് പറഞ്ഞ് ഇസ്രയേൽ സൈന്യം ട്വീറ്റ് ചെയ്യുകയും ചെയ്തു.
ശനിയാഴ്ച്ച പുലർച്ചെ ക്വോമിൽ കനത്ത ആക്രമണമാണ് ഇസ്രയേൽ അഴിച്ചുവിട്ടത്. ഇസാദിക്കു പുറമെ, രണ്ട് ഐആർജിസി സൈനികരെ കൂടി വധിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേൽ-ഇറാൻ യുദ്ധം രണ്ടാം വാരത്തിലേക്ക് കടന്നപ്പോഴാണ് ഈ സംഭവം.
ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണങ്ങൾക്ക് മുന്നോടിയായി ഇസാദി, ഹമാസിന് ധനസഹായം നൽകുകയും ആയുധം നൽകുകയും ചെയ്തെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇസാദിയുടെ മരണം ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു വലിയ നേട്ടമാണെന്നും കൊല്ലപ്പെട്ട സാധാരണക്കാർക്കും ബന്ദികൾക്കുമുള്ള നീതിയാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ആക്രമണങ്ങൾ ടെഹ്റാന്റെ ആണവായുധ ശേഷി വികസിപ്പിക്കാനുള്ള സാധ്യത രണ്ടോ മൂന്നോ വർഷത്തേക്ക് വൈകിപ്പിച്ചതായി ഇസ്രയേലി വിദേശകാര്യ മന്ത്രി അവകാശപ്പെട്ടു. ഇറാനെതിരെ ഒരു 'ദീർഘകാല സൈനിക നടപടിയിൽ' രാജ്യം ഏർപ്പെട്ടേക്കാമെന്ന് ഇസ്രയേലി സൈനിക മേധാവി മുന്നറിയിപ്പ് നൽകി.
ആരാണ് സയീദ് ഇസാദി?
ഇസ്രയേലി സൈനികരുടെ കണക്കനുസരിച്ച്, ഖുദ്സ് ഫോഴ്സിലെ പലസ്തീൻ കോറിന്റെ കമാൻഡറായിരുന്നു ഇസാദി. ഇറാനിയൻ ഭരണകൂടവും ഹമാസും തമ്മിലുള്ള പ്രധാന ഏകോപന കണ്ണിയും 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളുമായിരുന്നു ഇദ്ദേഹം. ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെട്ടു. ഈ ആക്രമണത്തെ തുടർന്നാണ് ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ഗാസയിൽ ഇതിനകം 54,000-ലധികം പലസ്തീനികളെ ഇസ്രയേൽ കൊലപ്പെടുത്തിയതായാണ് ആരോപണം.
ഐ.ആർ.ജി.സിയിലെ മുതിർന്ന കമാൻഡർമാരും ഇറാനിയൻ ഭരണകൂടവും ഹമാസിലെ പ്രധാന നേതാക്കളുമായി സൈനിക ഏകോപനം നടത്തുന്നതിന്റെ ചുമതല ഇസാദിക്കായിരുന്നു. ഇസ്രയേലിനെതിരായ ഭീകരപ്രവർത്തനങ്ങൾക്കായി ഇറാനിൽനിന്ന് ഹമാസിലേക്കുള്ള സാമ്പത്തിക സഹായം വർധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വവും അദ്ദേഹത്തിനായിരുന്നെന്നും ഇസ്രയേൽ ആരോപിക്കുന്നു.
ലെബനനിൽനിന്ന് പ്രവർത്തിക്കുന്ന ഹമാസ് സേനയെ നയിക്കുന്നതിന്റെ ഉത്തരവാദിത്വവും ഇസാദിക്ക് ഉണ്ടായിരുന്നു. ഹമാസിന്റെ സൈനിക വിഭാഗം പുനർനിർമ്മിക്കുന്നതിനും ഗാസയിലെ നിയന്ത്രണാധികാരം ഹമാസിന് നിലനിർത്തുന്നതിനും വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങൾ.
Content Highlights: IDF says they Eliminated Saeed Izadi, A Key Commander, Orchestrator Of Oct 7 Massacre In Israel
Published: 21 Jun 2025, 02:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented