മോസ്കോ: റഷ്യൻ അധിനിവേശ ക്രൈമിയയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ ഉന്നത നാവികസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റഷ്യയുടെ ബ്ലാക്ക് സീ ഫ്ലീറ്റിലെ ഉദ്യോഗസ്ഥനായ റോബർട്ട് ഷാഗീവാണ് (49) കൊല്ലപ്പെട്ടത്. സംഭവത്തിൽ യുക്രൈൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 32 വയസുകാരി മാർഗരിറ്റ റൂട്ടിനെ റഷ്യൻ അധികൃതർ അറസ്റ്റ് ചെയ്തു.
ചവറ്റുകുട്ടയിൽ ഒളിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ഷാഗീവ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം പടിക്കെട്ടുകൾ ഇറങ്ങി വരുമ്പോഴായിരുന്നു സ്ഫോടനം. ശക്തമായ സ്ഫോടനത്തിൽ ഷാഗീവ് സംഭവസ്ഥലത്തുതന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
യുക്രൈൻ നാവികസേനയിൽ നിന്ന് റഷ്യൻ പക്ഷത്തെത്തിയ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട റോബർട്ട് ഷാഗീവ്. 2014-ൽ ക്രൈമിയ റഷ്യ പിടിച്ചടക്കിയ സമയത്ത് യുക്രൈന്റെ ഏക അന്തർവാഹിനിയായിരുന്ന 'സപ്പോറീഷ്യയുടെ' കമാൻഡറായിരുന്നു അദ്ദേഹം. റഷ്യൻ പക്ഷത്തേക്ക് മാറിയതിനെത്തുടർന്ന് യുക്രൈൻ ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
സ്ഫോടനത്തിന് തൊട്ടുപിന്നാലെ സെവാസ്റ്റോപോളിൽ നിന്നാണ് മാർഗരിറ്റ റൂട്ടിനെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം റഷ്യ വിടാൻ ഇവർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സ്ഫോടനത്തിൽ തനിക്കുള്ള പങ്ക് ഇവർ സമ്മതിച്ചതായും തന്റെ പ്രവർത്തിയിൽ ഒട്ടും ഖേദമില്ലെന്ന് വ്യക്തമാക്കിയതായും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചില എസ്‌കോർട്ട് വെബ്‌സൈറ്റുകളിൽ മാർഗരിറ്റ റൂട്ടിന്റെ വിവരങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവർ എങ്ങനെയാണ് യുക്രൈൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. യുക്രൈന്റെ നിർദ്ദേശപ്രകാരം നടന്ന ഓപ്പറേഷന്റെ ഭാഗമാണ് ഈ കൊലപാതകമെന്നാണ് നിഗമനം. ഭീകരപ്രവർത്തനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 30 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
Published: 16 Aug 2026, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented