
കീവ്: കീവിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഗോഡൗണിൽ റഷ്യയുടെ മിസൈല്‍ പതിച്ചതായി യുക്രൈന്‍ ആരോപണം. കുസും എന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഗോഡൗണിന് നേരെ റഷ്യ 'മനഃപൂർവം' ആക്രമണം നടത്തിയതാണെന്ന് യുക്രൈന്‍ ആരോപിച്ചു.
ഇന്ത്യയുമായി പ്രത്യേക സൗഹാർദം അവകാശപ്പെടുമ്പോഴും മോസ്കോ മനഃപൂർവ്വം ഇന്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുകയാണെന്നും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകൾ നശിപ്പിക്കുകയാണെന്നും യുക്രൈൻ എംബസി ആരോപിച്ചു. 'റഷ്യ ഒരു ഭീകരവാദ രാഷ്ട്രമാണ്' എന്ന ഹാഷ്ടാഗോടെ ഇന്ത്യയിലെ യുക്രൈൻ എംബസി ശനിയാഴ്ച ഈ വിവരം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു.
കീവിന്റെ ഔദ്യോഗിക പോസ്റ്റിന് മുമ്പുതന്നെ ആക്രമണം സംബന്ധിച്ച വിവരം യുക്രൈനിലെ ബ്രിട്ടീഷ് അംബാസഡർ മാർട്ടിൻ ഹാരിസ് എക്സിലൂടെ അറിയിച്ചിരുന്നു. ഡ്രോൺ ആക്രമണമാണ് ഉണ്ടായതെന്നാണ് അദ്ദേഹം അറിയിച്ചത്. ഈ പോസ്റ്റാണ് യുക്രൈൻ എംബസി റീ പോസ്റ്റ് ചെയ്തിരിക്കുന്നത്.
"ഇന്ന് രാവിലെ റഷ്യൻ ഡ്രോണുകൾ കീവിലെ ഒരു പ്രധാന ഫാർമസ്യൂട്ടിക്കൽ വെയർഹൗസ് പൂർണ്ണമായും നശിപ്പിച്ചു. പ്രായമായവർക്കും കുട്ടികൾക്കും ആവശ്യമായ മരുന്നുകളുടെ ശേഖരം കത്തിച്ചു. യുക്രൈൻ ജനതയ്ക്ക് നേരെയുള്ള റഷ്യൻ ഭീകരാക്രമണം തുടരുന്നു", മാർട്ടിൻ ഹാരിസ് എക്സിൽ കുറിച്ചു.
ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും യുക്രൈനിലെ ഏറ്റവും വലിയ ഫാർമസി സ്ഥാപനങ്ങളിൽ ഒന്നാണ്. അടിസ്ഥാന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്ന കമ്പനി രാജ്യത്ത് നിർണായക സാന്നിധ്യമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Ukraine accuses Russia of missile strike on an Indian pharmaceutical warehouse in Kyiv
Published: 13 Apr 2025, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented