വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം 12-ാം ദിവസത്തിലേക്ക് കടന്നപ്പോൾ, ഇറാൻ പൗരരോട് അവരുടെ വീടുകളിൽ തന്നെ കഴിയാനുൾപ്പെടെയുള്ള ജാഗ്രതാനിർദേശങ്ങളുമായി ഇറാന്റെ മുൻ കിരീടാവകാശിയായ റെസ പഹ്‌ലവി രംഗത്ത്.  ഭരണകൂടത്തിനെതിരായ അന്തിമ പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലാണ് തങ്ങളെന്നും പഹ്‌ലവി പറഞ്ഞു. എത്രയും പെട്ടെന്ന് ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും തയ്യാറാക്കണം, രാജ്യമിപ്പോൾ രാഷ്ട്രീയ പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും രാജ്യവ്യാപകമായ സമരം തുടരണമെന്നും യുഎസിൽ കഴിയുന്ന പഹ്‌ലവി കൂട്ടിച്ചേർത്തു.

To advertise here,

അടിച്ചമർത്തൽ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ പൗരന്മാരോടൊപ്പം ചേരാൻ ഇറാനിയൻ സൈന്യത്തോടും പഹ്‌ലവി അഭ്യർത്ഥിച്ചു. തന്റെ സന്ദേശം അവസാനിപ്പിച്ചുകൊണ്ട്, തന്റെ അന്തിമ ആഹ്വാനത്തിനായി കാത്തിരിക്കാനും പഹ്‌ലവി വീഡിയോസന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

റെസ പഹ്‌ലവിയുടെ സന്ദേശമിങ്ങനെ

"പ്രിയ സഹപൗരന്മാരേ, നമ്മൾ ഇപ്പോൾ നമ്മുടെ അന്തിമ പോരാട്ടത്തിന്റെ വളരെ നിർണായക ഘട്ടത്തിലാണ്.  അവശ്യവസ്തുക്കൾ എത്രയും പെട്ടെന്ന് തയ്യാറാക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സുരക്ഷയെ മുൻനിർത്തി തെരുവുകൾ ഉപേക്ഷിച്ച് വീടുകളിൽ കഴിയുക. സമരം തുടരുക, ജോലിക്ക് പോകരുത്. നിങ്ങളുടെ ഐക്യം പ്രകടിപ്പിക്കാൻ, രാത്രിയിലെ മുദ്രാവാക്യം വിളി പൂർവാധികം ശക്തിയോടെ തുടരുക," പഹ്‌ലവി പറഞ്ഞു. "സൈന്യത്തോടും സുരക്ഷാസേനയോടും- അടിച്ചമർത്തൽ ശക്തികളിൽ നിന്ന് സ്വയം വേർതിരിഞ്ഞ് ജനങ്ങളോടൊപ്പം ചേരാനുള്ള അവസാന അവസരമാണിത്. എന്റെ അന്തിമ ആഹ്വാനത്തിനായി കാത്തിരിക്കുക," പഹ്‌ലവി കൂട്ടിച്ചേർത്തു.

പഹ്‌ലവിയുടെ വീഡിയോ സന്ദേശത്തോട് പ്രതികരിച്ചുകൊണ്ട്, ചില ഇറാനികൾ ഭരണകൂടത്തിനെതിരായ രാഷ്ട്രീയ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ സംഭാവനയെ ചോദ്യം ചെയ്ത് രംഗത്ത് വന്നു. ഇറാനിൽ ഇന്റർനെറ്റ് ലഭ്യമല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ സന്ദേശം വ്യർഥമാണ് എന്ന് ചിലർ പറഞ്ഞു. ഇറാന് പുറത്ത് താമസിക്കുന്നതിനെയും രാഷ്ട്രീയ പോരാട്ടത്തിൽ പങ്കുചേരാത്തതിനെയും പലരും വിമർശിച്ചു.

"ഇറാനിൽ ആളുകൾക്ക് ഇന്റർനെറ്റ് ഇല്ലെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ, അതായത് 60-70 ദശലക്ഷം അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾക്ക് നിങ്ങളുടെ വാക്കുകൾ കേൾക്കാൻ കഴിയില്ല, അതോ നിങ്ങൾക്ക് അത് ഗ്രഹിക്കാൻ പ്രയാസമാണോ?" ഒരു ഇറാനിയൻ എക്സ് ഉപയോക്താവ് എഴുതി. "ഇന്റർനെറ്റിന് വേണ്ടി നിങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?! തടവുകാർക്ക് വേണ്ടി? മാസങ്ങളായി വരുമാനം ലഭിക്കാത്ത ആളുകൾക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോ! ഒരു പ്രസ്ഥാനത്തിന്റെ നേതാവായി നിങ്ങളെ എങ്ങനെ പരിഗണിക്കാനാകും? " മറ്റൊരാൾ കുറിച്ചു.

ചിലർ മുൻ കിരീടാവകാശിയെ പിന്തുണച്ചും രംഗത്തെത്തി. "ഇറാനിലെ സിംഹത്തിന്റെയും സൂര്യന്റെയും ഉദയത്തോടെ, നമ്മൾ എല്ലാവരും ഒരുമിച്ച് നമ്മുടെ നഗരങ്ങളിലെ വലിയ ചത്വരങ്ങളിൽ ആഘോഷിക്കുകയും നൃത്തം ചെയ്യുകയും ചെയ്യും. അന്ന്, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ദുഷ്ടന്മാരുടെയും കൂലിപ്പടയാളികളുടെയും സ്ഥാനം അവർ കഴിഞ്ഞ 47 വർഷമായി നിർമ്മിച്ച ജയിലുകളിലായിരിക്കും," ഒരു ഇറാൻ പൗരൻ അഭിപ്രായപ്പെട്ടു.

ഇറാനിലെ മുൻ കിരീടാവകാശിയായ റെസ പഹ്‌ലവി നിലവിൽ പ്രവാസത്തിലാണ്.1960 ഒക്ടോബർ 31-ന് ഇറാനിലെ ടെഹ്‌റാനിൽ ജനിച്ച അദ്ദേഹം ഇറാന്റെ അവസാന ഷായായിരുന്ന മുഹമ്മദ് റെസ ഷാ ഇറാന്റെയും രാജ്ഞി ഫറാ പഹ്‌ലവിയുടെയും മകനാണ്. 1967-ൽ തന്റെ പിതാവിന്റെ കിരീടധാരണ സമയത്ത് ഔദ്യോഗികമായി കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടു. 1978-ൽ, 17-ാം വയസ്സിൽ, ടെക്സസിലെ ലുക്ക്ബോക്കിലുള്ള റീസ് എയർഫോഴ്സ് ബേസിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് ജെറ്റ് ഫൈറ്റർ പരിശീലനത്തിനായി അദ്ദേഹം ഇറാനിൽനിന്ന് പുറപ്പെട്ടു.

റെസ പഹ്‌ലവി യുഎസിൽ എയർഫോഴ്സ് പരിശീലന പരിപാടി പൂർത്തിയാക്കി. തന്റെ ആദ്യകാല പ്രവാസത്തിൽ അദ്ദേഹം തന്റെ ഉന്നത വിദ്യാഭ്യാസം തുടർന്നു. കാലിഫോർണിയ സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രീയശാസ്ത്രത്തിൽ ബിരുദം നേടി. പ്രവാസത്തിൽ കഴിയാൻ നിർബന്ധിതനായെങ്കിലും, റെസ പഹ്‌ലവി ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുകയും മതേതര ജനാധിപത്യം സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്നു.