മോസ്‌കോ: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ സമാധാനമുണ്ടാക്കാൻ ശ്രമം നടത്തിയതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് രാഷ്ട്രത്തലവന്മാര്‍ക്കും നന്ദിയറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. യുക്രൈനുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന് യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശം തത്ത്വത്തില്‍ അംഗീകരിക്കുന്നതായി അറിയിച്ചതിനു പിന്നാലെയാണ് പുതിന്റെ പ്രതികരണം.

To advertise here,

'യുക്രൈന്‍ വിഷയം ഒത്തുതീര്‍പ്പാക്കുന്നതില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തിയതിന് അമേരിക്കന്‍ പ്രസിഡന്റ് മിസ്റ്റര്‍ ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വിഷയത്തില്‍ ഇടപെട്ട ചൈനീസ് പ്രസിഡന്റ്, ഇന്ത്യന്‍ പ്രധാനമന്ത്രി, ബ്രസീല്‍ പ്രസിഡന്റ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് എന്നിവരടക്കമുള്ള ലോകനേതാക്കള്‍ക്കെല്ലാം നന്ദി. ശത്രുത അവസാനിപ്പിക്കുന്നതിനും മനുഷ്യരുടെ നാശനഷ്ടങ്ങള്‍ തടയുന്നതിനുമുള്ള മഹത്തായ ലക്ഷ്യത്തോടെയാണ് ഇതെല്ലാം', പുതിന്‍ പറഞ്ഞു.

അതേസമയം, യുദ്ധം തുടങ്ങാന്‍ കാരണമായ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കപ്പെടണമെന്നും വെടിനിര്‍ത്തല്‍ നിബന്ധനകളില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാറിലെ വ്യവസ്ഥകള്‍ പരിശോധിക്കേണ്ടതുണ്ട്. ദീര്‍ഘകാല സമാധാനത്തിനു വഴിതുറക്കുന്നതാകണം കരാര്‍. അമേരിക്കന്‍ സംഘവുമായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംവിധാനം വേണം. മുപ്പതുദിന വെടിനിര്‍ത്തല്‍ സൈന്യത്തെ കരുത്തുറ്റതാക്കാന്‍ യുക്രൈന്‍ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയും ഇതോടൊപ്പം പുതിന്‍ പങ്കിട്ടു. വെടിനിര്‍ത്തല്‍ കാലയളവില്‍ നാറ്റോ രാജ്യങ്ങളില്‍നിന്നുള്ള സമാധാനസേനയെ അംഗീകരിക്കില്ലെന്നും പുതിൻ വ്യക്തമാക്കി.