
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഫെബ്രുവരി 28-ന് യുഎസും-ഇസ്രയേലും ഇറാനുനേരെ ആരംഭിച്ച സംയുക്ത ആക്രമണത്തിന്റെ ഭാഗമായി നടന്ന വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്.
ജൂലൈ ആദ്യവാരം ഇറാനിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന വിപുലമായ ചടങ്ങുകൾക്ക് ശേഷം ഖമനേയിയുടെ ജന്മനാടായ മഷാദിൽ മൃതദേഹം സംസ്കരിക്കും. ഔദ്യോഗിക സംസ്കാര ചടങ്ങുകളിലും സംസ്കാര ശുശ്രൂഷകളിലും പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണമാണ് ഇന്ത്യക്കും ലഭിച്ചിരിക്കുന്നത്. ഇന്ത്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ ക്ഷണം.
മരണം നടന്ന് മാസങ്ങൾക്കു ശേഷമാണ് ചടങ്ങുകൾ നടക്കുന്നത്. ആദ്യം, 2026 മാർച്ച് നാലിനും ആറിനും ഇടയിൽ ടെഹ്റാനിലും മഷാദിലും നടത്താനിരുന്ന സംസ്കാര ചടങ്ങുകൾ യുദ്ധം കാരണം മാറ്റിവെക്കുകയായിരുന്നു. ജൂലൈ മാസത്തിൽ ഇറാന്റെ വിവിധ നഗരങ്ങളിലായി ചടങ്ങുകൾ നടക്കും. ജൂലൈ നാലിനാണ് ഔദ്യോഗിക സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. ഖമനേയിയുടെ ഭൗതികശരീരം ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല കോംപ്ലക്സിൽ പൊതുദർശനത്തിന് വെക്കും.
ടെഹ്റാനിലും ഖ്വാമിലും പൊതു വിലാപയാത്രകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും പ്രാർത്ഥനകൾ നടക്കും. അന്തിമ സംസ്കാര ചടങ്ങുകൾ ജൂലൈ ഒമ്പതിന് ഖമനേയിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. നാല് പതിറ്റാണ്ടോളം ഇറാന്റെ രാഷ്ട്രീയ വ്യവസ്ഥയെ രൂപപ്പെടുത്തിയ നേതാവിന് വിടചൊല്ലാൻ ദശലക്ഷക്കണക്കിന് ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഇറാനുമായി കാലങ്ങളായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. ഖമനേയിയുടെ മരണത്തിന് പിന്നാലെ, ഫെബ്രുവരിയിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ന്യൂഡൽഹിയിലെ ഇറാൻ എംബസി സന്ദർശിക്കുകയും ഭാരത സർക്കാരിനുവേണ്ടി അനുശോചന രേഖയിൽ ഒപ്പിടുകയും ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പ്രധാനമന്ത്രി മോദിയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഇറാനിയൻ നേതാക്കളുമായി പലതവണ ചർച്ചകൾ നടത്തിയിട്ടുണ്ട്.
ഖമനേയിയുടെ സംസ്കാര ചടങ്ങുകളിലേക്ക് അയൽരാജ്യങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് നിരവധി രാജ്യങ്ങളെ ഇറാൻ ക്ഷണിച്ചിട്ടുണ്ട്. ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പല രാജ്യങ്ങളും ഇതിനകംതന്നെ പങ്കാളിത്തം സ്ഥിരീകരിക്കുകയോ പ്രതിനിധികളെ അയക്കുമെന്ന് അറിയിക്കുകയോ ചെയ്തിട്ടുണ്ട്.
ഇറാഖ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ലെബനൻ, റഷ്യ, ചൈന കൂടാതെ നിരവധി മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ, ഹെലികോപ്റ്റർ അപകടത്തിൽ മുൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടപ്പോൾ, 2024 മെയ് 22-ന് നടന്ന ഔദ്യോഗിക സംസ്കാര ചടങ്ങിൽ അന്നത്തെ ഉപരാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ടെഹ്റാൻ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് ഇന്ത്യ ഒരു ഉന്നതതല പ്രതിനിധി സംഘത്തെയും ഇറാനിലേക്ക് അയച്ചിരുന്നു.
Content Highlights: President Pezeshkian invites PM Modi to Ayatollah Ali Khamenei's state funeral. Ceremonies rescheduled for July 4-9, 2026, after initial March delay. Events spanning Tehran, Qom, Najaf, Karbala, and Mashhad. India maintains strong civilisational and strategic ties with Iran. International delegations from Russia, China, and regional neighbors expected.
Published: 24 Jun 2026, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented