റോം: ജി-7 ഉച്ചകോടിക്കിടെ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി എന്നിവരുമായി മോദി ചർച്ച നടത്തി. വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. 

To advertise here,

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന്  ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോദി പ്രതികരിച്ചു. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കും. പ്രതിരോധം, ബഹിരാകാശം, വിദ്യാഭ്യാസം, കാലാവസ്ഥ, നിർമിതബുദ്ധി, കായികം തുടങ്ങിയ മേഖലകളിൽ ചേർന്ന് പ്രവർത്തിക്കാനും ഇരുവരും തമ്മിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ. പാരീസ് ഒളിമ്പിക്‌സിനും മോദി ആശംസ അറിയിച്ചു.

പ്രതിരോധം, വ്യാപാരം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വിഭാവനം ചെയ്യുന്ന റോഡ്മാപ്പ് 2030 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ മോദിയും  ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ചർച്ച ചെയ്തു. ബ്രിട്ടനുമായുള്ള സഹകരണം മൂന്നാം എൻ.ഡി.എ സർക്കാരിന്റെ കാലത്ത് കൂടതൽ ശക്തിപ്പെടുത്തുമെന്ന് മോദി എക്സിൽ കുറിച്ചു. സെമികണ്ടക്ടർ, വ്യാപാരം, നിർമിതബുദ്ധി തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജി-7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ, ബ്രിട്ടൻ, യു.എസ്. എന്നിവയുടെ ഭരണാധികാരികളും യൂറോപ്യൻ യൂണിയന്‍റെ സാരഥികളുമാണ് രണ്ടുദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യ, ബ്രസീൽ, തുർക്കി, അൾജീരിയ, കെനിയ, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കളെ ആതിഥേയരായ ഇറ്റലി ഉച്ചകോടിയിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്.