ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി സൂചന നല്‍കി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ട്വീറ്റ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മൂന്ന് ആഴ്ചയായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് ട്വീറ്റില്‍ പറയുന്നു. മുഷറഫിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന അഭ്യൂഹങ്ങളും കുടുംബം തള്ളിക്കളഞ്ഞു. 

To advertise here,

'അദ്ദേഹം വെന്റിലേറ്ററിലല്ല, അമുലോയിഡോസിസ് എന്ന രോഗാവസ്ഥയെ തുടര്‍ന്ന് മൂന്ന് ആഴ്ചയായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഗുരുതരാവസ്ഥയിലാണ് ഇപ്പോള്‍. ഏറെ ദുര്‍ഘടമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക', ട്വീറ്റില്‍ പറയുന്നു.

2001 മുതല്‍ 2008 വരെ പാകിസ്താന്‍ പ്രസിഡന്റായിരുന്നു പര്‍വേസ് മുഷറഫ്. 2007-ല്‍ നടന്ന ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുഷറഫ് ആറ് വര്‍ഷമായി ദുബായിലാണ് താമസിച്ചുവരുന്നത്. കൂടാതെ ശരീരകലകളുടേയും അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന അമുലോയിഡോസിസ് എന്ന രോഗത്തിന് ചികിത്സയിലുമാണ്. 

1999-ല്‍ നവാസ് ഷെരീഫില്‍ നിന്ന് പര്‍വേസിന്റെ നേതൃത്വത്തിലാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. അതേകൊല്ലം പാകിസ്താന്‍ സൈന്യവും ഭീകരരും ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പര്‍വതഭാഗങ്ങളില്‍ നുഴഞ്ഞുകയറുകയും കാര്‍ഗില്‍ യുദ്ധത്തിന് വഴിതെളിക്കുകയും ചെയ്തു. മൂന്ന് മാസത്തെ ഏറ്റുമുട്ടലിനൊടുവില്‍ പാകിസ്താന്‍ ഇന്ത്യയോട് പരാജയപ്പെട്ടു.