വാഷിങ്ടൺ: ഇറാന്റെ സൈനിക ശേഷി ഇപ്പോഴും ശക്തമാണെന്ന വിലയിരുത്തലുമായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ ഇന്റലിജൻസ് വിഭാഗം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇറാൻ ദുർബലമായെന്ന അവകാശവാദങ്ങൾ ആവർത്തിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള രഹസ്യാന്വേഷണ വിലയിരുത്തൽ. ഇറാൻ ഇനിയൊരിക്കലും തിരിച്ച് കയറാനാകാത്ത ആഘാതം സൃഷ്ടിച്ചുവെന്നും അവർ സൈനിക ശേഷി തകർന്നുവെന്നുമായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദം.
എന്നാൽ ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ഗണ്യമായ സൈനിക ശേഷി ഇറാൻ ഭരണകൂടം നിലനിർത്തുന്നുവെന്ന് പെന്റഗണിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി അറിയിച്ചുവെന്ന സിഎൻബിസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറാനിയൻ സായുധ സേന ശക്തമായ ഒരു പ്രാദേശിക ശക്തിയായി തുടരുന്നു എന്ന് ഇന്റലിജൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ ആഭ്യന്തര ഇന്റലിജൻസ് വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽകൂടിയാണ് ട്രംപ് വെടിനിർത്തൽ കരാർ നീട്ടിയതെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചർച്ചകൾക്ക് മധ്യസ്ഥം വഹിക്കുന്ന പാകിസ്താന്റ അഭ്യർത്ഥന മാനിച്ചാണ് വെടിനിർത്തൽ നീട്ടുന്നതെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
വെടിനിർത്തൽ നീട്ടാൻ തങ്ങൾ അഭ്യർത്ഥിച്ചിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്. ഏത് ഭീഷണികൾക്കും ശത്രുതാപരമായ നടപടികൾക്കും നിർണ്ണായകമായും, ഉടനടിയും പ്രതികരിക്കാൻ തങ്ങൾ സജ്ജമാണെന്നും ഇറാൻ സായുധസേനയും അറിയിച്ചു.
ഇതിനിടെ ചൊവ്വാഴ്ച രാത്രി ടെഹ്റാനിൽ നടന്ന റാലിക്കിടെ ബാലിസ്റ്റിക് മിസൈൽ പ്രദർശനവും ഇറാൻ നടത്തി. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി തീരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള സ്‌ക്വയറിൽ വൻ ജനക്കൂട്ടം സംഘടിച്ചത്.
ഖോറാംഷഹർ 4 മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് പ്രദർശിപ്പിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ച മറ്റ് നഗരങ്ങളിലെ റാലികളിലും റോക്കറ്റുകൾ പ്രദർശിപ്പിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Content Highlights: Pentagon internal intelligence contradicts Trump's claims of a weakened Iran., Iran retains significant stockpiles of missiles and drones.
Published: 22 Apr 2026, 04:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented