ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് ഉന്നത യുഎസ് നേതാക്കളെയും വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ ഇറാനാണെന്ന് കേസിൽ വിചാരണ നേരിടുന്ന പാക് പൗരന്റെ മൊഴി. മുൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ ഗവർണർ നിക്കി ഹെയ്‌ലി എന്നിവരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വിചാരണ നേരിടുന്ന ആസിഫ് മെർച്ചന്റാണ് ഇതിന്  തന്നെ നിർബന്ധിച്ചത് ഇറാനാണെന്ന് ജൂറിമാരോട് വെളിപ്പെടുത്തിയിരിക്കുന്നത്. 

To advertise here,

ട്രംപിനെയും മറ്റ് പ്രമുഖ രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ട് രാജ്യത്ത് ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചുവെന്നാണ് യുഎസ് നീതിന്യായ വകുപ്പ് ആസിഫ് മെർച്ചന്റിനെതിരെ ആരോപിച്ചത്. 2020 ൽ അന്നത്തെ ഐആർജിസി കമാൻഡർ ഖാസെം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായാണ് ഇതെന്നും ആരോപണമുണ്ട്. അക്കാലത്ത് ട്രംപും ബൈഡനും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുന്നിട്ടു നിന്നിരുന്ന സ്ഥാനാർഥികളായിരുന്നു. ഹെയ്‌ലി തിരഞ്ഞെടുപ്പിൽ നിന്ന് ഒരു മാസം മുമ്പ് പിന്മാറിയിരുന്നു.

മെർച്ചന്റിന്റെ മൊഴിയനുസരിച്ച്, 2022 അവസാനത്തോടെയോ 2023 ന്റെ തുടക്കത്തോടെയോ ആണ് ഇറാന്റെ ചാരന്മാരുമായി സഹകരിക്കാൻ തുടങ്ങിയത്. യുഎസ് ഉപരോധങ്ങൾ ഒഴിവാക്കാൻ പണം വെളുപ്പിക്കാൻ അവരെ സഹായിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇറാനിയൻ ചാരന്റെ ചുമതലക്കാരനായിരുന്ന മെർദ്ദാദ് യൂസഫ് (IRGC അംഗം) 2024 ൽ തന്നോട് യുഎസിലേക്ക് ചെന്ന് വധം നടപ്പാക്കാനും രേഖകൾ മോഷ്ടിക്കാനും ആവശ്യപ്പെട്ടുവെന്ന് മെർച്ചന്റ് മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്.

ബിസിനസിൽ പരാജയം നേരിട്ട മുൻ ബാങ്കറായിരുന്നു താനെന്നും തന്റെ കുടുംബത്തെ രക്ഷിക്കാൻ ഗൂഢാലോചനയിൽ പങ്കുചേരേണ്ടി വന്നുവെന്നും മെർച്ചന്റ് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഗൂഢാലോചന നടപ്പിലാക്കാൻ രണ്ട് പുരുഷന്മാരെ വാടകയ്ക്കെടുക്കാൻ ശ്രമിച്ചുവെന്ന് മെർച്ചന്റ് ആരോപിച്ചു. ഇവർ രഹസ്യ ഓപ്പറേഷനിൽ ഏർപ്പെട്ടിരുന്ന എഫ്ബിഐ ഏജന്റുമാരായിരുന്നുവെന്നും ഈ വധ ഗൂഢാലോചന നടത്തുന്നതിനായി അവർക്ക് 5,000 യുഎസ് ഡോളർ (ഏകദേശം 4.6 ലക്ഷം രൂപ) വാഗ്ദാനം ചെയ്തുവെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

2024 ൽ എഫ്ബിഐയുടെ രഹസ്യ സുരക്ഷാ ക്യാമറകൾ ഒരു രാഷ്ട്രീയക്കാരനെ കൊല്ലാനുള്ള പദ്ധതികൾ വിവരിക്കുന്നതിനിടയിൽ ഒരു ഹോട്ടലിൽ നിന്ന് മെർച്ചന്റ് അറസ്റ്റിലാവുകയായിരുന്നു. ശിക്ഷിക്കപ്പെട്ടാൽ, മെർച്ചന്റിന് ജീവപര്യന്തം തടവ് ലഭിച്ചേക്കാം.