ഇസ്ലാമാബാദ്: ഭാവിയില്‍ സിന്ധ്, ഇന്ത്യയുടെ ഭാഗമായേക്കുമെന്ന ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശത്തിനെതിരേ പാകിസ്താന്‍. പരാമര്‍ശം മിഥ്യാപൂര്‍ണവും അപകടകരവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ ആയിരുന്നു അതിര്‍ത്തികള്‍ സ്ഥിരമല്ലെന്നും ഭാവിയില്‍ സിന്ധ്, ഇന്ത്യയിലേക്ക് മടങ്ങിവന്നേക്കാമെന്നും രാജ്‌നാഥ് സിങ് പറഞ്ഞത്.

To advertise here,

നിലവിലുള്ള യാഥാര്‍ഥ്യങ്ങളെ വെല്ലുവിളിക്കുന്ന, അതിർത്തി വിസ്തൃതമാക്കാനുള്ള ഹിന്ദുത്വ മനഃസ്ഥിതിയെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന്‌ പാകിസ്താന്‍ ആരോപിക്കുന്നു. മാത്രമല്ല, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും അംഗീകരിക്കപ്പെട്ട അതിരുകളുടെ അലംഘനീയതെയും രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും ലംഘിക്കുന്നതാണ്. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന പ്രകോപനപരമായ പ്രസ്താവനകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ രാജ്‌നാഥ് സിങ്ങിനോടും മറ്റ് ഇന്ത്യന്‍ നേതാക്കളോടും അഭ്യര്‍ഥിക്കുകയാണ്. സ്വന്തം പൗരന്മാരുടെ പ്രത്യേകിച്ച് അരക്ഷിതരായ ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതായിരിക്കുമെന്നും പ്രസ്താവനയിലുണ്ട്.

 

ഇന്ന് സിന്ധ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. എന്നാല്‍, സാംസ്‌കാരികമായി സിന്ധ് എല്ലാക്കാലവും ഇന്ത്യയുടെ ഭാഗമായിരിക്കും. മാത്രമല്ല, ഭൂമിയെ സംബന്ധിച്ചിടത്തോളം അതിര്‍ത്തികള്‍ വ്യത്യാസം വരാം. ആര്‍ക്കറിയാം. നാളെ സിന്ധ് ഇന്ത്യയിലേക്ക് തിരികെ വീണ്ടും വന്നേക്കാം. സിന്ധുനദിയെ പവിത്രമായി കരുതുന്ന നമ്മുടെ സിന്ധിലെ ജനങ്ങള്‍ എല്ലായ്‌പ്പോഴും നമ്മുടേത് തന്നെയായിരിക്കും. അവര്‍ എവിടെയായിരുന്നാലും എല്ലായ്‌പ്പോഴും അവര്‍ നമ്മുടേതായിരിക്കും, എന്നായിരുന്നു രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്.