
മുസഫറാബാദ്: പാക് അധീന കശ്മീരിൽ ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. ബുധനാഴ്ച മുസഫറാബാദിലേക്ക് നടത്താനിരിക്കുന്ന ലോംഗ് മാർച്ചുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. മേഖലയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായതിനെത്തുടർന്ന് പാകിസ്താൻ 4,000-ത്തോളം റേഞ്ചേഴ്‌സിനെയും പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലുകളിൽ 10 സാധാരണക്കാരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും (ഒരു റേഞ്ചർ, ഒരു പോലീസ് ഉദ്യോഗസ്ഥൻ) കൊല്ലപ്പെട്ടു. പൂഞ്ച് ഡിവിഷനിലാണ് പ്രധാനമായും അക്രമാസക്തമായ ഏറ്റുമുട്ടലുകൾ നടന്നത്. പ്രതിഷേധങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ ഭരണകൂടം റാവലകോട്ടിൽ മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രക്ഷോഭകർ മുസഫറാബാദിലേക്ക് കടക്കുന്നത് തടയാൻ നഗരങ്ങൾ പൂർണ്ണമായും അടച്ചുപൂട്ടിയ നിലയിലാണ്.
പണപ്പെരുപ്പം, രാഷ്ട്രീയ വിവേചനം എന്നിവയ്ക്കെതിരെ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഭരണവർഗത്തിന്റെ ആനുകൂല്യങ്ങൾ നിർത്തലാക്കുക, കുറഞ്ഞ വേതനം ഉറപ്പാക്കുക, പ്രകൃതിവിഭവങ്ങൾക്ക് മേൽ പ്രാദേശിക നിയന്ത്രണം നൽകുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. മുസാഫറാബാദിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന മാർച്ചിൽ ഏകദേശം 40,000 പേർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതിഷേധക്കാർ ആയുധധാരികളാണെന്ന് പാക് സൈന്യം ആരോപിക്കുമ്പോൾ, തങ്ങൾ സമാധാനപരമായാണ് സമരം ചെയ്യുന്നതെന്നും സൈന്യം നുഴഞ്ഞുകയറ്റക്കാരെ വിട്ട് വെടിവെപ്പ് നടത്തി പ്രക്ഷോഭത്തെ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്നും ആക്ഷൻ കമ്മിറ്റി തിരിച്ചടിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് പാക് ഭരണകൂടത്തിന്റെ നീക്കം. ഇത് മേഖലയിൽ കൂടുതൽ സംഘർഷത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്.
പ്രക്ഷോഭം ശക്തമായതോടെ മേഖലയിലേക്കുള്ള ഭക്ഷണവും മരുന്നു വിതരണവും പാക് ഭരണകൂടം തടഞ്ഞതായി പ്രതിഷേധക്കാർ ആരോപിച്ചു. തങ്ങളെ സഹായിക്കണമെന്ന് ഇവർ ഇന്ത്യയോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. പാക് അധീന കശ്മീരിലെ ജനങ്ങൾ നേരിടുന്ന ദശാബ്ദങ്ങൾ നീണ്ട ചൂഷണത്തിന്റെയും അവകാശ നിഷേധത്തിന്റെയും പ്രതിഫലനമാണ് ഈ പ്രക്ഷോഭമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പാകിസ്താൻ അമിതമായ ബലപ്രയോഗം നടത്തുകയാണെന്നും ഇതിന് അന്താരാഷ്ട്ര സമൂഹം അവരെ ഉത്തരവാദികളാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: 12 individuals killed during clashes between protesters and security forces., 4,000 rangers deployed to contain the unrest in Muzaffarabad., Joint Awami Action Committee (JAAC) demanding economic reforms and local control., Media restrictions imposed in Rawalakot to suppress information flow., India calls out Pakistan's excessive use of force and long-standing exploitation.
Published: 15 Jul 2026, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented