ഇസ്താംബൂൾ: അതിർത്തിയിലെ ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാൻ പാകിസ്താനും അഫ്ഗാനിസ്ഥാനും തുർക്കിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച സ്തംഭിച്ചു. ചർച്ചകൾ വഴിമുട്ടിയെന്ന് പാകിസ്താൻ വാർത്താവിനിമയ മന്ത്രി അത്താവുല്ല തരാർ അറിയിച്ചെങ്കിലും അഫ്ഗാനിസ്ഥാൻ ഔദ്യോഗികമായി ഇതു സ്ഥിരീകരിച്ചിട്ടില്ല.

To advertise here,

പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും ചർച്ചകളെല്ലാം അവസാനിച്ചുവെന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ട്. അഫ്ഗാൻ ഭാഗത്തുനിന്ന് ലംഘനങ്ങൾ ഉണ്ടാകാത്തിടത്തോളം കാലം മാത്രമേ നിലവിലുള്ള വെടിനിർത്തൽ തുടരുകയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

'നമ്മൾ സംസാരിക്കുമ്പോൾ തന്നെ, ചർച്ചകളെല്ലാം അവസാനിച്ചു കഴിഞ്ഞു' എന്ന് പാകിസ്താനിലെ വാർത്താ ചാനലായ ജിയോ ന്യൂസിനോട് ആസിഫ് പറഞ്ഞു. പാക്-അഫ്ഗാൻ സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ ഉദ്യോഗസ്ഥൻ ആരോപിച്ചതിന് പിന്നാലെയാണ് പാകിസ്താൻ വാർത്താവിനിമയ മന്ത്രിയുടെ പ്രഖ്യാപനം വന്നത്.

വെടിനിർത്തൽ തുടരാൻ പാകിസിതാനും അഫ്ഗാനിസ്ഥാനും സമ്മതിച്ചതായി തുർക്കി അറിയിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ചർച്ചകളിൽ പുതിയ സ്തംഭനാവസ്ഥ ഉണ്ടായിരിക്കുന്നത്. സമാധാനം നിലനിർത്തുമെന്ന് ഉറപ്പാക്കുകയും, നിയമ ലംഘിക്കുന്ന കക്ഷിക്ക് പിഴ ചുമത്തുകയും ചെയ്യുന്ന ഒരു നിരീക്ഷണ, സ്ഥിരീകരണ സംവിധാനം ഏർപ്പെടുത്താൻ എല്ലാ കക്ഷികളും സമ്മതിച്ചതായിരുന്നുവെന്ന് തുർക്കി പറയുന്നു.

എന്നാൽ 2021-ലെ ദോഹ സമാധാന ഉടമ്പടി പ്രകാരം തീവ്രവാദം തടയുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ താലിബാൻ പരാജയപ്പെട്ടുവെന്നാണ് പാകിസ്താൻ ഇപ്പോൾ പറയുന്നത്.

ഒക്ടോബറിൽ താലിബാൻ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിക്കുന്ന സമയത്താണ് പാക്-അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായത്. കാബൂളിലുണ്ടായ സ്‌ഫോടനങ്ങളോടെയാണ് ഇതിന് തുടക്കമായത്, ഇതിന് പിന്നിൽ പാകിസ്താനാണെന്ന് താലിബാൻ ആരോപിക്കുന്നു. ഇതിന് പ്രതികാരമായി താലിബാൻ പിന്നീട് പാകിസ്താൻ സൈനിക പോസ്റ്റുകൾ ആക്രമിക്കുകയും 58 പാക് സൈനികരെ വധിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ, 23 സൈനികർ മരിച്ചതായാണ് ഇസ്ലാമാബാദ് സ്ഥിരീകരിച്ചത്.

ഏറ്റവും ഒടുവിൽ വെടിനിർത്തൽ ലംഘനം നടന്നത് വ്യാഴാഴ്ച രാത്രിയാണ്. തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ചമൻ അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ വെടിവയ്പ്പ് നടന്നു.