
കാബൂൾ/ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനെതിരെ പാകിസ്താൻ തുറന്നയുദ്ധത്തിലേക്ക്. 'ഓപ്പറേഷൻ ഗസബ് ലിൽ-ഹഖ്' (നീതിക്കായുള്ള ക്രോധം) എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ ഭാഗമായി വെള്ളിയാഴ്ച പുലർച്ചെ മുതൽ അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളിൽ പാകിസ്താൻ ബോംബാക്രമണം നടത്തി. ഇരു രാജ്യങ്ങളും ഇപ്പോൾ തുറന്ന യുദ്ധത്തിലേക്ക് എത്തിയിരിക്കുകയാണ്. ഏറ്റുമുട്ടലിൽ 133 അഫ്ഗാൻ താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടതായും രണ്ട് പാക് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അതിർത്തിയിൽ 55 പാക് സൈനികരെ വധിച്ചതായി അഫ്ഗാനിസ്ഥാൻ നേരത്തെ അവകാശപ്പെട്ടിരുന്നു.
കാബൂൾ, കാണ്ഡഹാർ, പക്തിയ തുടങ്ങിയ പ്രധാന നഗരങ്ങളിലെ അഫ്ഗാൻ താലിബാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്താൻ വലിയ വ്യോമാക്രമണമാണ് നടത്തിയത്. നംഗർഹാർ പ്രവിശ്യയിലെ ഒരു വെടിക്കോപ്പ് ശാല പാക് ആക്രമണത്തിൽ തകർന്നതായും റിപ്പോർട്ടുകളുണ്ട്. രണ്ട് സൈനിക ബ്രിഗേഡ് താവളങ്ങൾ പാകിസ്താൻ തകർത്തതായി റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനുമായി യുദ്ധത്തിലാണെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പ്രഖ്യാപിച്ചു. തങ്ങളുടെ ക്ഷമ നശിച്ചെന്നും ഇനി വിട്ടുവീഴ്ചയില്ലെന്നും പ്രതിരോധ മന്ത്രി ഖവാജ ആസിഫ് വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരം ചിത്രാൽ, ഖൈബർ, മോമന്ദ്, കുറം, ബജൗർ സെക്ടറുകളിൽ അതിർത്തിക്കപ്പുറത്ത് നിന്ന് അഫ്ഗാൻ താലിബാൻ നടത്തിയ വെടിവെപ്പിനെ തുടർന്നാണ് പാകിസ്താൻ 'ഓപ്പറേഷൻ ഗസബ് ലിൽ-ഹഖ് എന്ന സൈനിക നടപടി ആരംഭിച്ചത്. പ്രകോപനമില്ലാത്ത വെടിവെച്ചെന്നും തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്നുമാണ് പാകിസ്താൻ ആരോപിക്കുന്നത്. അഫ്ഗാനിസ്ഥാൻ ഈ ആരോപണങ്ങൾ നിഷേധിക്കുകയും പാകിസ്താൻ തങ്ങളുടെ പരമാധികാരം ലംഘിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്.
പാക് വ്യോമാക്രമണത്തിന് പിന്നാലെ അതിർത്തി മേഖലകളിൽ താലിബാൻ തിരിച്ചടി നൽകുന്നതായും റിപ്പോർട്ടുകളുണ്ട്. ടോർഖാം അതിർത്തിയിൽ പുതിയ ഏറ്റുമുട്ടലുകൾ നടന്നതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പ്രധാന അതിർത്തി കവാടമായ ടോർഖാമിൽ വെള്ളിയാഴ്ച രാവിലെ മുതൽ കനത്ത വെടിവെപ്പും ഷെല്ലാക്രമണവും തുടരുകയാണ്. അതിർത്തിയിലേക്ക് കൂടുതൽ അഫ്ഗാൻ സൈനികർ നീങ്ങുന്നതായും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതിർത്തിക്കടുത്തുള്ള ഒമാരി അഭയാർത്ഥി ക്യാമ്പിന് നേരെ രാത്രിയിലുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു. അതേസമയം, മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അറിയിച്ചിട്ടുണ്ട്.
Content Highlights: Pakistan launches military operation 'Operation Gazab lil-Haq' against Afghanistan., Airstrikes conducted on major Afghan cities including Kabul and Kandahar., Pakistan's Defense Minister has officially declared a state of war., Heavy fighting and shelling reported at the Torkham border crossing., Significant casualties reported on both sides amid escalating tensions.
Published: 27 Feb 2026, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented