ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനും പാകിസ്താനുമിടയിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാകന്നു. ബുധനാഴ്ച പുലര്‍ച്ചെ പാകിസ്താന്‍, അഫ്ഗാന്‍ സൈന്യങ്ങള്‍ അതിര്‍ത്തിയില്‍ രൂക്ഷമായ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടുവെന്നും ഇരുവശത്തുള്ളവർക്കും പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയ്ക്കും പാകിസ്താനിലെ ബലൂചിസ്താന്‍ മേഖലയ്ക്കും ഇടയിലെ പ്രധാന അതിര്‍ത്തി ജില്ലയായ സ്പിന്‍ ബോള്‍ഡാക്കില്‍ പുലര്‍ച്ചെ നാല് മണിയോടെ ശക്തമായ ഏറ്റുമുട്ടല്‍ നടന്നതായാണ് അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.

To advertise here,

പാക് സൈന്യം ജനവാസ കേന്ദ്രങ്ങളില്‍ ഷെല്ലാക്രമണം നടത്തിയെന്നും ആളുകള്‍ വീടുവിട്ട് പലായനം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖോസ്ത് പ്രവിശ്യയിലെ അതിര്‍ത്തിക്കടുത്ത്, പാക്- അഫ്ഗാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയായ ഡ്യൂറന്‍ഡ് ലൈനില്‍ അഫ്ഗാന്‍ സേനയും പാകിസ്താന്‍ അതിര്‍ത്തി രക്ഷാസേനയും തമ്മില്‍ ചൊവ്വാഴ്ച രാത്രി വെടിവെപ്പ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം വീണ്ടും വര്‍ധിച്ചത്.

പ്രകോപനമില്ലാതെ അഫ്ഗാന്‍ സേനയാണ് ആദ്യം വെടിയുതിര്‍ത്തതെന്നും തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരായെന്നും പാക് സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങള്‍ അവകാശപ്പെട്ടു. ഏറ്റുമുട്ടലിനിടെ അഫ്ഗാന്‍ ടാങ്കുകളും അതിര്‍ത്തി പോസ്റ്റുകളും പാക് സൈന്യം തകര്‍ത്തതായും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് കാബൂളിലും കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഒരു മാര്‍ക്കറ്റിലും പാകിസ്താന്‍ വ്യോമാക്രമണം നടത്തിയതോടെയാണ് സംഘര്‍ഷങ്ങള്‍ ഏറ്റുമുട്ടലിലേക്ക് പോയത്. അതിര്‍ത്തിയിലെ ശത്രുത വര്‍ധിക്കുകയും സാഹചര്യം കൂടുതല്‍ വഷളാവുകയും ചെയ്തു. പിന്നാലെ 58 പാക് സൈനികരെ പ്രത്യാക്രമത്തിലൂടെ വധിച്ചുവെന്ന് അഫ്ഗാനിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, 23 സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് പാകിസ്താന്‍ പറഞ്ഞു.