
ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. പ്രക്ഷോഭം നയിക്കുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ഇതിനകം മുപ്പതോളം പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ജൂലായ് 27-ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവെപ്പിൽ മാത്രം 14 പ്രവർത്തകർ മരിച്ചുവെന്ന് കമ്മിറ്റി ആരോപിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾക്കും രാഷ്ട്രീയ അവകാശങ്ങൾക്കും വേണ്ടി തെരുവിലിറങ്ങിയ ജനങ്ങൾക്ക് നേരെ പാക് സേന ക്രൂരമായ ബലപ്രയോഗം നടത്തുകയാണെന്നാണ് ഉയരുന്ന പ്രധാന പരാതി.
സംഘർഷങ്ങളിൽ ഇരയായവരിൽ ഭൂരിഭാഗവും 15-നും 35-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാൻ പോലും സാധിക്കാത്ത വിധം ആരോഗ്യ സംവിധാനങ്ങൾ തകർന്നിരിക്കുകയാണ്. താൽക്കാലിക ക്ലിനിക്കുകളിൽ സൗകര്യങ്ങൾ പരിമിതമാണെങ്കിലും വെടിയേറ്റ നിരവധിയാളുകളാണ് ചികിത്സ തേടിയെത്തുന്നതെന്ന് റാവൽക്കോട്ടിലെ ഒരു ഡോക്ടറെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഗുരുതര പരിക്കുകളുള്ളവർക്ക് മെച്ചപ്പെട്ട ആശുപത്രി സഹായം ആവശ്യമാണെങ്കിലും, അവിടെ എത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയത്താൽ പലരും താൽക്കാലിക കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ ഭീകരവാദികളല്ലെന്നും പട്ടിണി മാറ്റാൻ ആവശ്യമായ കുറഞ്ഞ നിരക്കിലുള്ള ഗോതമ്പ് പൊടിക്കും വൈദ്യുതിക്കും അടിസ്ഥാന അവകാശങ്ങൾക്കും വേണ്ടിയാണ് പോരാടുന്നതെന്നുമാണ് പ്രക്ഷോഭകാരികൾ പറയുന്നത്. വിലക്കയറ്റത്തിനും അമിതമായ വൈദ്യുതി നിരക്കിനും എതിരെ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ വലിയൊരു ജനകീയ മുന്നേറ്റമായി മാറിയിരിക്കുകയാണ്. "ഞങ്ങൾ ആവശ്യപ്പെട്ടത് ഭക്ഷണവും വൈദ്യുതിയുമാണ്, എന്നാൽ പകരം ഞങ്ങൾക്ക് ലഭിക്കുന്നത് വെടിയുണ്ടകളാണ്" എന്ന് പരിക്കേറ്റ ഒരു യുവാവ് പറയുന്നു.
റീജിയണൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ 12 സീറ്റുകളെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷങ്ങൾ ഇത്രത്തോളം രൂക്ഷമാകാൻ കാരണമായത്. ഈ സീറ്റുകളിൽ കൃത്രിമം കാണിക്കുന്നുവെന്നും തങ്ങൾക്കിഷ്ടപ്പെട്ട ഒരു പ്രധാനമന്ത്രിയെ വാഴിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും പ്രക്ഷോഭകാരികൾ ആരോപിക്കുന്നു. ജമ്മു കശ്മീരിൽ നിന്നുള്ള അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഈ സീറ്റുകൾ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഉപയോഗിക്കുന്നു എന്നാണ് കമ്മിറ്റിയുടെ വാദം.
ജൂലായ് 27-ന് നടന്ന പ്രതിഷേധ മാർച്ചിൽ അയ്യായിരത്തോളം ആളുകളാണ് റാവൽക്കോട്ട് നഗരത്തിലേക്ക് നീങ്ങിയത്. പ്രതിഷേധക്കാരെ നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ അധികൃതർ അവർക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിവെപ്പ് നടത്തിയതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നു. എന്നാൽ നിരോധിക്കപ്പെട്ട ആയുധധാരികളായ സംഘങ്ങൾ സുരക്ഷാ സേനയ്ക്ക് നേരെ ആദ്യം വെടിയുതിർത്തുവെന്നും അതിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസിന്റെ വാദം.
മേഖലയിലെ 45 ലക്ഷം ജനങ്ങളെ ബാധിക്കുന്ന തരത്തിൽ ബാങ്കിങ്, ഗതാഗതം, ഇന്റർനെറ്റ് സേവനങ്ങൾ എന്നിവ നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ജൂണിൽ പ്രാദേശിക സർക്കാർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ നിരോധിച്ചതോടെയാണ് പ്രതിഷേധം കൂടുതൽ അക്രമാസക്തമായത്. സുരക്ഷാ കാരണങ്ങളാൽ മൂന്ന് ഘട്ടങ്ങളായാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്റ്റ് 10-ന് നിശ്ചയിച്ചിട്ടുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് ഈ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എങ്ങനെ നടക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.
പ്രക്ഷോഭകാരികളെ നേരിടാൻ സുരക്ഷാ സേനയ്ക്ക് കടുത്ത നിർദ്ദേശമാണ് നൽകിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ആക്ഷൻ കമ്മിറ്റി പ്രവർത്തകരിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ പോലീസ് വാർത്താ സമ്മേളനങ്ങളിൽ പ്രദർശിപ്പിക്കുകയും ഓരോ പാരാമിലിട്ടറി ഉദ്യോഗസ്ഥനെ കൊല്ലുന്നവർക്കും പത്ത് മില്യൺ രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിനിടെ വിവരം ലഭിച്ചതായും പോലീസ് അവകാശപ്പെടുന്നു. എന്നാൽ തങ്ങൾ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്ന് പ്രക്ഷോഭകർ ആവർത്തിക്കുന്നു.
പാക് അധീന കശ്മീരിലെ ഈ മനുഷ്യത്വരഹിതമായ നടപടികളെ ഇന്ത്യ ശക്തമായി അപലപിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്ന പൗരന്മാർക്ക് നേരെ പാക് അധികൃതർ ക്രൂരമായ ബലപ്രയോഗമാണ് നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. മേഖലയിലെ ജനങ്ങളെ 'ശത്രുക്കൾ' എന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത് അവിടുത്തെ ഭരണകൂടത്തിന് ജനങ്ങളോടുള്ള മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇതിൽ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Content Highlights: Deadly protests in PoK during the July 2026 elections. casualties, JAAC demands, and the current humanitarian crisis.
Published: 04 Aug 2026, 10:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented