റഫ: ഒരുവര്‍ഷത്തിലേറെക്കാലമായി ബന്ദികളാക്കിയ നാല് ഇസ്രയേല്‍ വനിത സൈനികരെ മോചിപ്പിച്ച് ഹമാസ്. സൈനികരെ റെഡ് ക്രോസ് പ്രവര്‍ത്തകര്‍ക്ക് കൈമാറി. സൈനികരേയും വഹിച്ച് റെഡ് ക്രോസ് വാഹനം ഗാസയില്‍ നിന്ന് പുറപ്പെട്ടു. മിലിട്ടറി യൂണിഫോമില്‍ പുറത്തെത്തി ആളുകളെ അഭിവാദ്യം ചെയ്യുന്ന സൈനികരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ തടവിലായിരുന്ന നാല് ഇസ്രയേല്‍ സൈനികരെ വിട്ടയക്കുമെന്ന് വെള്ളിയാഴ്ചയാണ് ഹമാസ് അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള രണ്ടാമത്തെ തടവുകാരുടെ കൈമാറ്റമാണ് ഇത്. ഗാസ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള നഹാല്‍ ഓസ് സൈനിക താവളത്തില്‍ നിന്നാണ് നാലുപേരെയും ബന്ദികളാക്കിയത്.
ധാരണ പ്രകാരം നാല് സൈനികരെ ഹമാസ് വിട്ടയക്കുമ്പോള്‍ ഇസ്രയേല്‍ തടവിലുള്ള ഒരു പലസംഘം പാലസ്തീനികളേയും വിട്ടയക്കേണ്ടതുണ്ട്. എന്നാല്‍ എത്ര പേരാണ് തടവില്‍ നിന്ന് മോചിതരാവുകയെന്നത് സംബന്ധിച്ച വിവരം ഹമാസോ ഇസ്രയേലോ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ കരാര്‍ ഗാസ യുദ്ധത്തിന്റെ അന്ത്യത്തിന് അടിത്തറ പാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയില്‍ നിന്ന് രക്ഷപ്പെട്ടുപോയ നിരവധി പേര് ജന്മദേശത്തേക്ക് തിരിച്ചെത്താനാരംഭിച്ചിട്ടുണ്ട്. എന്നാല്‍ വീടുകളും കൃഷിസ്ഥലങ്ങളും കെട്ടിടങ്ങളും സ്ഥിതി ചെയ്തിരുന്നിടത്ത് വെറും കല്ലും മണലും നിറഞ്ഞ കൂമ്പാരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഗാസയിലേക്ക് തിരിച്ചെത്തിയ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്നാണ് ഒരു സ്ത്രീ പ്രതികരിച്ചത്.
ഖത്തറിന്റേയും ഈജിപ്തിന്റേയും അമേരിക്കയുടേയും നിരന്തരമായ ഇടപെടലുകള്‍ക്ക് ശേഷമാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് വഴിതുറന്നത്. ഇത് അമേരിക്കയുടെ വിജയമാണെന്നായിരുന്നു ട്രംപ് ഇതിനോട് പ്രതികരിച്ചത്.
42 ദിവസം നീളുന്ന വെടിനിര്‍ത്തല്‍ കാലയളവിനുള്ളില്‍ ഹമാസിന്റെ അധീനതയില്‍ ജീവനോടെ കഴിയുന്നുണ്ടെന്ന് കരുതുന്ന 33 തടവുകാരെ വിട്ടയക്കണമെന്നാണ് നിബന്ധന. 1900 പാലസ്തീനികളെയാണ് ഇസ്രയേല്‍ തടവിലാക്കിയിരിക്കുന്നത്.
Content Highlights: Original The four Israeli hostages released by hamas
Published: 25 Jan 2025, 04:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented