വാഷിങ്ടണ്‍: റഷ്യയുടെ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വെദേവിന്റെ 'പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കുള്ള' മറുടിയായി രണ്ട് ആണവ അന്തർവാഹിനികൾ ഉചിതമായ മേഖലകളില്‍ വിന്യസിക്കാന്‍ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഥവാ മെദ്‌വെദേവിന്റെ പ്രസ്താവന, ബുദ്ധിശൂന്യവും തീവ്രവികാരമുണര്‍ത്തുന്നതിനും അപ്പുറമാണെങ്കില്‍ അതിനുള്ള മറുപടി എന്ന നിലയ്ക്കാണ് തന്റെ നടപടിയെന്നും ട്രംപ് കൂറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

To advertise here,

വാക്കുകള്‍ ഏറെ പ്രാധാന്യമുള്ളവയാണ്. അവ പലപ്പോഴും പ്രതീക്ഷിക്കാത്ത പരിണിതഫലങ്ങളിലേക്ക് നയിക്കാനിടയുണ്ട്. ഇത് അത്തരമൊരു സന്ദര്‍ഭമാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ആണവ അന്തർവാഹിനികൾ എന്ന് ട്രംപ് പറയുമ്പോഴും അത്, ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തർവാഹിനികളാണോ അതോ ആണവായുധം പേറുന്ന അന്തർവാഹിനികളാണോ  എന്ന് വ്യക്തമാക്കിയിട്ടില്ല. 

ട്രംപും മെദ്‌വെദേവും തമ്മില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വാക്‌പോരിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. മുന്‍ പ്രസിഡന്റ് ആയിരുന്ന മെദ്‌വെദേവ്, നിലവില്‍ റഷ്യയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനാണ്. യുക്രൈനില്‍ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിച്ചേരാന്‍ റഷ്യയ്ക്ക് മുന്നിലുള്ളത് വെറും പത്തു ദിവസം മാത്രമാണെന്നും അല്ലാത്തപക്ഷം തീരുവനടപടികള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞതാണ് വാക്‌പോരിന് തുടക്കമിട്ടത്. എന്നാല്‍, റഷ്യക്ക് സോവിയറ്റ് കാലം മുതലുള്ള ആണവശേഷിയുണ്ടെന്നും അത് ട്രംപ് മറക്കരുതെന്നുമായിരുന്നു മെദ്‌വെദേവിന്റെ പ്രതികരണം. ഇതോടെ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്ന് പ്രതികരണവുമായി ട്രംപ് രംഗത്തെത്തി.