ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്ര പ്രതിരോധ ശേഷിയിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് അന്തർവാഹിനിയിൽനിന്ന് വിക്ഷേപിക്കാവുന്ന കെ-5 മിസൈലിന്റെ പരീക്ഷണം ഉടനെ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. സബ്മറൈൻ ലോഞ്ച്ഡ് ബാലസ്റ്റിക് മിസൈൽ (SLBM) വിഭാഗത്തിൽ വരുന്ന കെ-5ന്റെ പ്രാഥമിക ഘട്ടമായ 'പോപ്പ്-അപ്പ്' ഇജക്ഷൻ ടെസ്റ്റുകൾ വിജയകരമായി ഡിആർഡിഒ പൂർത്തിയാക്കിയിരുന്നു. കെ-5 വരുന്നതോടെ ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷി (Nuclear Triad) കൂടുതൽ കരുത്തുറ്റതാകും. 5,000 മുതൽ 6,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈൽ ചൈനയിലെ ബെയ്ജിങ് ഉൾപ്പെടെയുള്ള ദൂരെയുള്ള തന്ത്രപ്രധാന നഗരങ്ങളെ ലക്ഷ്യം വെക്കാൻ ശേഷിയുള്ളതാണ്.
ഒരേസമയം ഒന്നിലധികം ആണവ പോർമുനകൾ വഹിക്കാനും അവ ഉപയോഗിച്ച് വ്യത്യസ്ത ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കാനും സഹായിക്കുന്ന MIRV (Multiple Independently Targetable Re-entry Vehicles) സാങ്കേതികവിദ്യ ഈ മിസൈലിനുണ്ട്. മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധന എൻജിനാണ് ഇതിൽ ഉപയോഗിക്കുന്നത്. ഏകദേശം 20 ടൺ ഭാരവും 2.4 മീറ്റർ വ്യാസവും ഈ മിസൈലിനുണ്ടാകും. നിലവിൽ ഇന്ത്യയുടെ പക്കലുള്ള കെ-4 മിസൈലുകൾക്ക് 3,500 കിലോമീറ്റർ ദൂരപരിധിയാണുള്ളത്. ഇത് ഉപയോഗിച്ച് ബെയ്ജിങ് പോലുള്ള നഗരങ്ങളെ ലക്ഷ്യം വെക്കണമെങ്കിൽ ഇന്ത്യൻ അന്തർവാഹിനികൾക്ക് മലാക്ക കടലിടുക്കിന് അടുത്തേക്ക് നീങ്ങേണ്ടി വരുമായിരുന്നു.
ഇത് ഇന്ത്യയുടെ അന്തർവാഹിനികളെ ശത്രുക്കളുടെ നിരീക്ഷണ വലയത്തിൽ അകപ്പെടാൻ വഴിയൊരുക്കും. എന്നാൽ കെ-5 വരുന്നതോടെ ബംഗാൾ ഉൾക്കടലിൽ നിന്ന് തന്നെ ബീജിങ്ങിനെ ലക്ഷ്യമിടാൻ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യയുടെ സുരക്ഷിതമായ മേഖലകളിൽ നിന്ന് പുറത്തുപോകാതെ തന്നെ ഏഷ്യയിലെ ഏത് പ്രധാന നഗരത്തെയും ലക്ഷ്യം വെക്കാൻ കെ-5ന് സാധിക്കും.
ഈ ഭീമൻ മിസൈലുകളെ വഹിക്കാനായി ഇന്ത്യയുടെ അടുത്ത തലമുറ അന്തർവാഹിനികളായ എസ്-5 ക്ലാസ് വികസിപ്പിക്കുന്നുണ്ട്. 13,500 മുതൽ 17,000 ടൺ വരെ ഭാരമുള്ള വലിപ്പമേറിയ ഈ അന്തർവാഹിനികൾക്ക് കരുത്തുപകരുന്നത് 190 മെഗാവാട്ടിന്റെ ആണവ റിയാക്ടറാണ്. ഇതും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതായിരിക്കും. ഇതിന് പുറമെ 8,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള കെ-6 മിസൈലുകൾക്കായുള്ള പ്രാഥമിക പ്രവർത്തനങ്ങളും ഡിആർഡിഒ ആരംഭിച്ചിട്ടുണ്ട്. ഇതോടെ ആഗോളതലത്തിൽ അതിശക്തമായ സമുദ്രാധിഷ്ഠിത ആണവ പ്രതിരോധമുള്ള രാജ്യങ്ങളുടെ മുൻനിരയിലേക്ക് ഇന്ത്യയും എത്തും.
Content Highlights: K-5 missile features a 5,000-6,000 km range, enabling deep-strike capability from the Bay of Bengal., Equipped with MIRV technology for multiple target engagement., Integration with upcoming 17,000-ton S-5 class nuclear submarines., Significant upgrade over existing K-4 missiles, enhancing strategic safety.
Published: 18 May 2026, 06:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented