ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ സേനയുടെ ഭാഗമാകാനൊരുങ്ങുന്നു. ഇന്ത്യ വികസിപ്പിച്ച മൂന്നാമത്തെ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയാണ് അരിധമൻ. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയാണ് അരിധമൻ ഉടൻ കമ്മീഷൻ ചെയ്യുമെന്ന് അറിയിച്ചത്. നിലവിൽ അന്തർവാഹിനി സേനയുടെ ഭാഗമാകുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങളിലാണ്. ശത്രുവിനെ നശിപ്പിക്കുന്നത് എന്നതാണ് അരിധമൻ എന്ന വാക്കിന്റെ അർഥം.
ഇന്ത്യയുടെ ആണവ പ്രതിരോധത്തിൽ നിർണായക പ്രാധാന്യമാകുന്ന അന്തർവാഹിനിയാണ് അരിധമൻ. ദീർഘദൂരത്തേക്ക് സഞ്ചരിക്കാൻ സാധിക്കുന്നതും, ദീർഘനാൾ സമുദ്രത്തിനടിയിൽ കഴിയാനും സാധിക്കുന്നവയാണ് ആണവ അന്തർവാഹിനികൾ. ഇവയ്ക്ക് ശബ്ദം കുറവാണെന്നതിനാൽ കണ്ടെത്താനും പ്രയാസമാണ്. മാത്രമല്ല ദീർഘദൂര മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതാണ് ഇന്ത്യ വികസിപ്പിച്ച അരിധമൻ എന്ന അന്തർവാഹിനി.
ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘാത്, എന്നിവയാണ് ഇതിന് മുമ്പ് സേനയുടെ ഭാഗമായ ആണവ അന്തർവാഹിനികൾ. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള കെ-15 സാഗരിക, കെ-4 സബ്മറൈൻ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈൽ എന്നിവയാണ് അരിധമനിലെ പ്രധാന ആയുധങ്ങൾ. ശത്രുവിന്റെ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും തകർക്കാൻ 533 എംഎം ടോർപ്പിഡോകളും അരിധമനിലുണ്ടാകും.
700 കിലോമീറ്റർ ആണ് കെ-15 സാഗരിക മിസൈലിന്റെ പ്രഹര പരിധി. കെ-4 ന് 3500 കിലോമീറ്റർ ആക്രമണ പരിധിയുണ്ട്. മുൻഗാമികളായ അരിഹന്ത്, അരിഘാത് എന്നിവയെ അപേക്ഷിച്ച് കൂടുതൽ മിസൈലുകൾ വഹിക്കാൻ അരിധമന് സാധിക്കും. 24 സാഗരിക മിസൈലുകൾ, എട്ട് കെ-4 മിസൈലുകൾ എന്നവയാകും അരിധമനിലുണ്ടാകുക. മിസൈലുകൾ വിക്ഷേപിക്കാൻ എട്ട് വെർട്ടിക്കൽ ലോഞ്ച് സംവിധാനങ്ങളാണ് ഇതിലുള്ളത്. മുൻഗാമികളിൽ നാലെണ്ണം മാത്രമേയുള്ളു.
7000 ടൺ ആണ് അന്തർവാഹിനിയുടെ ഭാരം. മണിക്കൂറിൽ 28 കിലോമീറ്ററാണ് സമുദ്രോപരിതലത്തിലൂടെടെ സഞ്ചരിക്കുമ്പോഴുള്ള പരമാവധി വേഗം. 44 കിലോമീറ്റർ വേഗതയിൽ സമുദ്രാന്തർഭാഗത്തിലൂടെ സഞ്ചരിക്കും. 2021ലാണ് അരിധമൻ നീറ്റിലിറക്കിയത്. അന്നുമുതൽ കഠിനമായ സമുദ്ര പരീക്ഷണങ്ങളിലൂടെയാണ് അന്തർവാഹനി കടന്നുപോകുന്നത്.
Content Highlights: India`s indigenously developed INS Aridhaman nuclear submarine, third of its kind, is set to join the naval fleet. Learn about its advanced capabilities and role in India`s defense.
Published: 02 Dec 2025, 05:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented