തിരുവനന്തപുരം: കൃഷിവകുപ്പിന്റെ കേരപദ്ധതിക്ക് ലോകബാങ്ക് അനുവദിച്ച പണം കൈമാറാത്തതിനെപ്പറ്റി വാർത്തവന്നതിനെക്കുറിച്ചുള്ള അന്വേഷണം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നിർദേശമനുസരിച്ച്. സർക്കാരിന് അപമാനമുണ്ടാക്കിയ ഈ വാർത്ത എങ്ങനെ മാധ്യമങ്ങൾക്കുകിട്ടിയെന്ന് അന്വേഷിക്കണമെന്നാണ് നിർദേശിച്ചത്. കൃഷിവകുപ്പിലെത്തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ചോർത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. എന്നാൽ, ഫയൽ കറങ്ങിത്തിരിഞ്ഞ് ഉത്തരവായപ്പോൾ ഉദ്ദേശ്യത്തിന് വഴിതെറ്റി. സർക്കാരിന് നാണക്കേടുമായി.
കൃഷിവകുപ്പിൽനിന്ന് വാർത്ത ചോർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിനെത്തന്നെ ചുമതലപ്പെടുത്തുന്ന സാഹചര്യമുണ്ടായി. മാധ്യമങ്ങൾക്കെതിരായി ഉപയോഗിക്കാവുന്ന അന്വേഷണ ഉത്തരവിറക്കിയത് കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയും.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫയലുകളെല്ലാം വിളിച്ചുവരുത്താൻ മുഖ്യമന്ത്രി തീരുമാനിച്ചു. കൃഷിവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഉപയോഗിക്കുന്ന രണ്ട് ഇ-മെയിൽ വിലാസങ്ങളിൽനിന്ന് വായ്പയെപ്പറ്റിയുള്ള പ്രശ്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുപോയെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നീക്കംതുടങ്ങിയത്.
ലോകബാങ്ക് അനുവദിച്ച പണം വകമാറ്റിയില്ലെന്ന് സാങ്കേതികമായി പറയാമെങ്കിലും അത് കൈമാറാനായില്ലെന്ന് അന്വേഷണ ഉത്തരവിൽ സർക്കാർ സമ്മതിക്കുന്നു. മാർച്ച് 17-നാണ് പണം വന്നത്. സാമ്പത്തികവർഷാവസാനത്തെ ഞെരുക്കംകൊണ്ട് ആ പണം കൃഷിവകുപ്പിന് കൈമാറാനായില്ല.
പദ്ധതികൾ തുടങ്ങിക്കഴിഞ്ഞ് ബില്ലുകൾ മാറുമ്പോൾ പണംനൽകിയാൽ മതിയെന്നാണ് സർക്കാരിന്റെ നിലപാട്. ലോകബാങ്കിൽനിന്നുള്ള ഇ-മെയിൽ മാധ്യമങ്ങൾക്കുനൽകിയത് ചട്ടവിരുദ്ധമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം ബന്ധപ്പെട്ട വ്യക്തികളിലേക്കും
ഉത്തരവിൽ ഒരിടത്തും മാധ്യമങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനോ, മാധ്യമപ്രവർത്തകരിൽനിന്ന് മൊഴിയെടുക്കാനോ നേരിട്ട് പറയുന്നില്ല. ‘അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമായ രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കാം.
ഉദ്യോഗസ്ഥരിൽനിന്നും ബന്ധപ്പെട്ട വ്യക്തികളിൽനിന്നും വാക്കാലോ രേഖാമൂലമോ മൊഴികൾ തേടാനും പരിശോധനനടത്താനും നടപടികൾ രേഖപ്പെടുത്താനും അധികാരമുണ്ടായിരിക്കും’ -ഇതാണ് ഉത്തരവിലെ വാക്കുകൾ. ഇത് മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി മൊഴിയെടുക്കാൻ അധികാരം നൽകുന്നതാണെന്ന് വ്യാഖ്യാനിക്കാം. ഇതിലാണ് പ്രതിഷേധമുയർന്നത്.
മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്താൻ ഉദ്യോഗസ്ഥന് അധികാരമില്ല
വകുപ്പുതല അന്വേഷണംനടത്തി ഉദ്യോഗസ്ഥർക്കെതിരേ ആവശ്യമെങ്കിൽ സർക്കാരിന് നടപടിയെടുക്കാം. അല്ലാതെ, മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്താനോ മൊഴി സ്വീകരിക്കാനോ വാർത്തയുടെ ഉറവിടം വ്യക്തമാക്കാൻ ആവശ്യപ്പെടാനോ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന ഒരു വ്യവസ്ഥയുമില്ല. പോലീസ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്കുതന്നെ ഇതിന് അധികാരമുണ്ടോയെന്നതിൽ നിയമപരമായ തർക്കമുണ്ട്. ഉദ്യോഗസ്ഥൻ വിളിച്ചാൽ ഹാജരാകാൻ മാധ്യമപ്രവർത്തകർക്ക് ബാധ്യതയുമില്ല.
അന്വേഷണം മാധ്യമങ്ങളെപ്പറ്റിയല്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിയും
തിരുവനന്തപുരം: ലോകബാങ്ക് നൽകിയ പണം കൈമാറാത്തതിനെക്കുറിച്ച് വാർത്തകൾ വന്നതിനെപ്പറ്റി പ്രഖ്യാപിച്ച അന്വേഷണം മാധ്യമങ്ങൾക്ക് എതിരേയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൃഷിമന്ത്രി പി. പ്രസാദും. വാർത്ത ചോർന്നതിൽ ഉദ്യോഗസ്ഥരുടെ പങ്കാണ് അന്വേഷിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി തെളിവെടുക്കും എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതും ശരിയല്ല. അന്വേഷണം പ്രഖ്യാപിച്ചത് വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും വിശദീകരണം.
കേരപദ്ധതിക്ക് മാർച്ചിൽ ലോകബാങ്ക് അനുവദിച്ച 139.65 കോടി രൂപ ആ സാമ്പത്തികവർഷം കൈമാറാത്തതിനെക്കുറിച്ചാണ് വാർത്തകൾവന്നത്. വാർത്തകളെത്തുടർന്ന് ലോകബാങ്ക് ഇതേക്കുറിച്ച് അന്വേഷിച്ചുകൊണ്ട് അയച്ച കത്തിലെ വിവരങ്ങളും പുറത്തുവന്നിരുന്നു.
‘‘അതിരഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകൾ ചോരുന്നതും മാധ്യമങ്ങളിൽ അച്ചടിച്ചുവരുന്നതും ഒരു ധനകാര്യസ്ഥാപനത്തിന്റെമുന്നിൽ സർക്കാരിന്റെ വിശ്വാസ്യതാ ചോർച്ചയ്ക്ക് കാരണമാവും. ഈ വീഴ്ച എങ്ങനെ ഉണ്ടായെന്ന് മനസ്സിലാക്കുന്നത് സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്. ഇതിനെ മാധ്യമപ്രവർത്തകർക്ക് എതിരായ ഒന്നായി ചിത്രീകരിക്കുന്നത് വ്യാജവാർത്താ പ്രചാരണമാണ്. മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലേത്. എന്നാൽ, വ്യാജവാർത്തകളെ തുറന്നുകാട്ടും.’’ -മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
സർക്കാരിനെ വിമർശിക്കുന്ന വാർത്തകളുടെ ഉറവിടം അന്വേഷിക്കാറില്ലെന്ന് മന്ത്രി പ്രസാദ് പറഞ്ഞു. തുക വകമാറ്റിച്ചെലവിട്ടിട്ടില്ല. പണം കൈമാറിക്കിട്ടുന്നതിൽ താമസം ഉണ്ടായിട്ടുണ്ട്. ഏത് ഉദ്യോഗസ്ഥനാണ് ഫയൽ താമസിപ്പിച്ചതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights: Kerala CM orders probe into the leak of news regarding delay in transferring World Bank funds
Published: 14 Aug 2025, 08:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented