സ്റ്റോക്ക്‌ഹോം: നാനോടെക്‌നോളജിയിൽ മുന്നേറ്റം നടത്തിയ മൂന്നു യു.എസ്. ഗവേഷകർ 2023 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹരായി. ക്വാണ്ടം ഡോട്ടുകൾ കണ്ടെത്തി വികസിപ്പിച്ച മൗംഗി ജി. ബവേൻഡി, ലൂയിസ് ഇ. ബ്രുസ്, അലെക്‌സി ഐ. ഇക്കിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. 

To advertise here,

ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലോടെ, ഈ ശാസ്ത്രജ്ഞർ നാനോടെക്‌നോളജിയിൽ പുതിയ വിത്തു വിതയ്ക്കുകയാണ് ചെയ്തതെന്ന്, സ്വീഡിഷ് അക്കാദമിയുടെ വാർത്താക്കുറിപ്പ് പറയുന്നു. ടെലിവിഷനും എൽ.ഇ.ഡി. വിളക്കുകളും മുതൽ സർജറിയുടെ രംഗത്ത് വരെ നാനോ ഡോട്ടുകളുടെ കണ്ടെത്തൽ ഇന്ന് പ്രയോഗിക്കപ്പെടുന്നു.

ആറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം അനുസരിച്ചാണ് ഒരു മൂലകത്തിന്റെ സവിശേഷതകൾ കണക്കാക്കുന്നതെന്ന് രസതന്ത്രം പഠിക്കുന്നവർക്കറിയാം. എന്നാൽ, പദാർഥങ്ങൾ തീരെച്ചെറിയ നാനോതലത്തിലെത്തുമ്പോൾ കാര്യങ്ങൾ അടിമുടി മാറും. നാനോതലത്തിൽ കാര്യങ്ങളുടെ നിയന്ത്രണം ക്വാണ്ടം പ്രതിഭാസങ്ങൾക്കാണ്. പദാർഥത്തിന്റെ വലുപ്പത്തിന് അല്ലെങ്കിൽ വലുപ്പക്കുറവിനാണ് പ്രാധാന്യം എന്നുവരുന്നു. 

ഇങ്ങനെ, ക്വാണ്ടം പ്രതിഭാസം കാര്യങ്ങളെ നിയന്ത്രിക്കാൻ പാകത്തിലുള്ള സൂക്ഷ്മകണങ്ങളെ രൂപപ്പെടുത്തുന്നതിൽ വിജയിച്ചവരാണ്, ഇത്തവണത്തെ നൊബേൽ ജേതാക്കളായത്. ക്വാണ്ടം ഡോട്ടുകളെന്ന് പദാർഥത്തിന്റെ സൂക്ഷ്ണകണങ്ങളെ വിളിക്കുന്നു. നാനോടെക്‌നോളജി രംഗത്തെ വൻമുന്നേറ്റമെന്ന് ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നു. 

വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ, നാനോകണങ്ങളിൽ വ്യത്യസ്ത ക്വാണ്ടംസവിശേഷതകൾ സാധ്യമാകുമെന്ന് സൈദ്ധാന്തികമായി ഏറെക്കാലമായി അറിയാവുന്ന സംഗതിയാണ്. എന്നാൽ, നാനോമാനങ്ങളിലേക്ക് പദാർഥകണങ്ങളെ എത്തിക്കുക അസാധ്യമെന്ന് മിക്കവരും കരുതി.

അസാധ്യമെന്ന് കരുതിയത് യാഥാർഥ്യമാക്കിയവരാണ് ഇത്തവണത്തെ കെമിസ്ട്രി നൊബേൽ ജേതാക്കൾ. ന്യൂയോർക്കിൽ നാനോക്രിസ്റ്റൽസ് ടെക്‌നോളജി ഇൻകോർപ്പറേറ്റഡിലെ അലെക്‌സി ഇക്കിമോവ് 1980 കളുടെ തുടക്കത്തിൽ ആരംഭിച്ച ഗവേഷണമാണ് പുതിയ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. 

ഇക്കിമോവ് തുടക്കമിട്ട പഠനം, ഏതാനും വർഷത്തിന് ശേഷം ന്യൂയോർക്കിലെ തന്നെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ലൂയിസ് ബ്രുസ് മുന്നോട്ട് നയിച്ചു. തുടർന്ന് രംഗത്തെത്തിയത് മസാച്യൂസെറ്റ്‌സ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ മൗംഗി ബവേൻഡിയാണ്. അദ്ദേഹം ക്വാണ്ടം ഡോട്ടുകളുടെ രാസപരമായ നിർമാണം വിപ്ലവകരമായി നവീകരിച്ചു. അതോടെ, വിവിധ ഉപയോഗങ്ങൾക്ക് പദാർഥത്തിന്റെ ആ സൂക്ഷ്മകണങ്ങളെ ഉപയോഗിക്കാൻ വഴിതുറന്നു.