വാഷിങ്ടണ്‍: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയുടെ സഹായികളില്‍ ഒരാളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിശോധനയ്ക്ക് വിധേയനാക്കേണ്ട ആവശ്യമില്ലെന്ന് വൈറ്റ് ഹൗസ്. ബൊല്‍സൊനാരോയുടെ പ്രസ് സെക്രട്ടറിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്. 

അതിനിടെ, ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വൈറസ് ബാധയില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ബ്രസിലീയന്‍ പ്രസിഡന്റിന്റെ സംഘത്തിലെ ഒരംഗത്തിന് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഫ്‌ളോറിഡയിലെ ഗോള്‍ഫ് ക്ലബ്ബിലേക്ക് ബൊല്‍സൊനാരോ നടത്തിയ യാത്രയ്ക്കിടെ ട്രംപോ വൈസ് പ്രസിഡന്റ് മെക്ക് പെന്‍സോ പിന്നീട് വൈറ്‌സ ബാധ സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി അടുത്ത് ഇടപഴകിയിട്ടില്ല. അതിനാല്‍ ഇപ്പോള്‍ പരിശോധന ആവശ്യമില്ല.

നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ട ആവശ്യമില്ല. വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവര്‍ മാത്രമാണ് ക്വാറന്റൈനില്‍ കഴിയേണ്ടതെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

Content Highlights: No Need For Trump's Coronavirus Test: White House