ടെൽ അവീവ്: ഫ്‌ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങൾ ഓർത്തെടുത്ത് വിമാനത്തിലെ യാത്രക്കാരിലൊരാളായിരുന്ന ദന്തഡോക്ടർ. പരിക്കേറ്റ പൈലറ്റ് സ്മിത് മച്ചാറിന് താനാണ് അടിയന്തര ചികിത്സ നൽകിയതെന്ന് യാത്രക്കാരനും ഡോക്ടറുമായ മൂസേവ് ഷോട്ട പറഞ്ഞു. പൈലറ്റിന്റെ തലയിലും കൈകളിലുംനിന്നുള്ള രക്തസ്രാവം നിയന്ത്രിച്ചത് താനായിരുന്നു.  വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്ടർ താനായിരുന്നെന്നും ഇദ്ദേഹം അവകാശപ്പെട്ടു. ഇസ്രായേൽ മാധ്യമമായ Ynet-നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'എന്തോ കുഴപ്പമുണ്ടെന്നറിഞ്ഞതോടെ ഉടൻ കോക്ക്പിറ്റിലേക്ക് ഓടിയെത്തി. പൈലറ്റ് വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു. തലയിൽനിന്നും കൈകളിൽനിന്നും വലിയതോതിൽ രക്തം വാർന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഏക ഡോക്ടർ ഞാനായിരുന്നു. രക്തസ്രാവം നിർത്താൻ കഴിഞ്ഞു. ലാൻഡിങ്ങിന് തൊട്ടുമുൻപ് നില അല്പം വഷളാകുന്നതുവരെ പൈലറ്റ് താരതമ്യേന സ്ഥിരതയിലായിരുന്നു', മൂസേവ് ഷോട്ട പറഞ്ഞു.

തലയും കൈകളും മുറിവുകളാൽ നിറഞ്ഞിരുന്നെന്നും രക്തം നഷ്ടപ്പെട്ടതാണ് ഗുരുതരാവസ്ഥയിലാവാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും മച്ചാർ യാത്രക്കാരുമായി സംസാരിച്ചിരുന്നു. തനിക്ക് 39 വയസ്സാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ സമയവും പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അക്രമിച്ചയാൾ തന്നെ കുത്തുകയും ശപിക്കുകയും ചെയ്തകാര്യവും സ്മിത് പറഞ്ഞു. അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു തനിക്കെന്നും ഷോട്ട പറഞ്ഞു.

വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ലാൻഡ് ചെയ്തതിനു പിന്നാലെ സൗദി മെഡിക്കൽ സംഘം പൈലറ്റിന്റെ ചികിത്സ ഏറ്റെടുത്തു. പിന്നീട് പൈലറ്റ് രക്ഷപ്പെട്ടെന്നും അപകടനില തരണം ചെയ്‌തെന്നും അറിയാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ സ്മിത് മച്ചാറിന്റെ ധീരതയെ പുകഴ്ത്തി.

ശരീരത്തിൽനിന്ന് രക്തം വാർന്നുകൊണ്ടിരുന്നപ്പോഴും വിമാനം താഴേക്ക് പറന്നുകൊണ്ടിരിക്കേ, മച്ചാർ കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ കാണിച്ച ധീരതയെ നെതന്യാഹു ഫോക്‌സ് ന്യൂസിന് നൽകിയ ഒരഭിമുഖത്തിൽ പുകഴ്ത്തി. ഇതോടെയാണ് യാത്രക്കാർക്ക് കോക്ക്പിറ്റിലേക്ക് പ്രവേശനം സാധ്യമായത്. യാത്രക്കാരനായ ഇസ്രയേൽ സ്വദേശി യാനിവ് യാഹൂൺ എന്നയാൾ ഉടൻ കോക്ക്പിറ്റിലെത്തി അക്രമിയായ കോ-പൈലറ്റിനെ മാറ്റുകയും വിമാനം നിയന്ത്രണവിധേയമാക്കാൻ മച്ചാറിനെ സഹായിക്കുകയുമായിരുന്നു. തുടർന്ന് മറ്റു ജീവനക്കാരും യാത്രക്കാരും കൂടെയെത്തി കോ-പൈലറ്റിനെ കീഴ്‌പ്പെടുത്തി. ഇതോടെയാണ് വിമാനം സുരക്ഷിതമായി ഇറക്കാനായത്. 

അതിനിടെ മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി സൗദി അറേബ്യയിൽനിന്ന് യു.എ.ഇ.യിലേക്ക് മാറ്റി. സൗദിയിലെ ഒരു സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ ദുബായിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.

വിമാനം ഇസ്രയേലിലേക്ക് പറന്നുകൊണ്ടിരിക്കെയാണ് ഒമാൻ പൗരനായ സഹപൈലറ്റ് ക്യാപ്റ്റനായ മുംബൈ സ്വദേശി സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് കോക്ക്പിറ്റിലെ നിയന്ത്രണ സംവിധാനങ്ങൾ തടസ്സപ്പെടുത്താൻ അക്രമി ശ്രമിച്ചതോടെ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചു. 29 സെക്കൻഡിനുള്ളിൽ വിമാനം 14,000 അടിയോളം താഴേക്ക് പതിച്ചതായും രണ്ടുമിനിറ്റിനുള്ളിൽ 17,000 അടി താഴ്ന്നതായും റിപ്പോർട്ടുകളുണ്ട്. 174 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്.

ആക്രമണത്തിൽ പരിക്കേറ്റ സഹപൈലറ്റിനെയും ലാൻഡിങ്ങിനുശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇയാളെ സൗദി പോലീസിന് കൈമാറി. സൗദി അധികൃതർ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറഞ്ഞു.