
ദുബായ്: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള യാത്രയ്ക്കിടെ ഫ്ലൈദുബായ് വിമാനത്തിൽ 30,000 അടി ഉയരത്തിൽവെച്ച് കോക്ക്പിറ്റിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ വിമാനത്തിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വീഡിയോയിൽ ഗുരുതരമായി പരിക്കേറ്റ സ്മിത് മച്ചാറിന് വിമാനത്തിനുള്ളിൽവെച്ച് അടിയന്തര പരിചരണം നൽകുന്നത് കാണാം. ശരീരത്തിലെ മുറിവുകളിൽനിന്ന് രക്തം വാർന്നുപോകുന്ന അദ്ദേഹത്തിന് ചുറ്റുമുള്ള ആളുകൾ ഓക്സിജൻ നൽകാനും സഹായിക്കാനും ശ്രമിക്കുന്നുണ്ട്. പുറത്തുവന്ന പുതിയ ദൃശ്യങ്ങളിൽ, ഒമാൻ പൗരനായ സഹപൈലറ്റ് കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ കോക്ക്പിറ്റിലെ തറയിൽ കിടക്കുന്നതും, ജീവനക്കാർ പരിക്കേറ്റ സ്മിത് മച്ചാറിനെ ശുശ്രൂഷിക്കുന്നതും കാണാം.
‘അവൻ എന്നെ പലതവണ അടിച്ചു’ എന്ന് ക്യാപ്റ്റൻ പറയുന്നത് ദൃശ്യങ്ങളിലുണ്ട്. കൂടാതെ തന്റെ കൈയുടെ അവസ്ഥയെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ‘എന്റെ കൈ അനക്കാൻ സാധിക്കുന്നുണ്ട്, എന്നാൽ ഇതൊന്നും ചെയ്യാൻ പറ്റുന്നില്ല. കൈ മുറുക്കിപ്പിടിക്കാൻ എനിക്ക് സാധിക്കുന്നില്ല’, എന്നും അദ്ദേഹം പറയുന്നു.
സെപ്റ്റംബർ 30-നാണ് 174 യാത്രക്കാരുമായി ദുബായിൽനിന്ന് ടെൽ അവീവിലേക്ക് ഫ്ലൈ ദുബായ് വിമാനം പുറപ്പെട്ടത്. വിമാനം പറക്കുന്നതിനിടെ സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ തുടങ്ങി. ഒരു മിനിറ്റിൽ താഴെ സമയംകൊണ്ട് വിമാനം ഏതാണ്ട് 14,000 അടിയോളം താഴേക്ക് പതിച്ചതായി ഇസ്രായേലി ഉദ്യോഗസ്ഥർ അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ കോക്ക്പിറ്റിന്റെ വാതിൽ തുറക്കുന്നതിനുള്ള സംവിധാനം പ്രവർത്തിപ്പിച്ചു. ഇതോടെ യാത്രക്കാർക്കും വിമാനത്തിലെ ജീവനക്കാർക്കും കോക്ക്പിറ്റിനുള്ളിലേക്ക് കടക്കാനും അക്രമിയെ നേരിടാനും സാധിച്ചു. വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങളിൽ അക്രമി തടസ്സം സൃഷ്ടിക്കുകയും വിമാനം ആയിരക്കണക്കിന് അടി താഴേക്ക് പതിക്കുകയും ചെയ്ത ഘട്ടത്തിലാണ് യാത്രക്കാർ ധീരമായി ഇടപെട്ടത്.
സംഭവത്തെത്തുടർന്ന് 174 പേരുമായി സഞ്ചരിച്ച വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിട്ടു. തുടർന്ന് രണ്ട് പൈലറ്റുമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയായ ഒമാനി സഹപൈലറ്റിനെ സൗദി അധികൃതർ അറസ്റ്റ് ചെയ്തു. കോക്ക്പിറ്റിലെ ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് കണ്ടെത്താൻ ഇയാളെ ചോദ്യംചെയ്തുവരികയാണ്. അന്വേഷണത്തിൽ ഇസ്രായേൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പങ്കാളികളായിട്ടുണ്ട്.
Content Highlights: New video footage has emerged showing injured Indian captain Smith Machar receiving medical treatment inside the Fly Dubai flight cabin after bravely thwarting a violent cockpit attack.
Published: 01 Oct 2026, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented