ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു എന്ന കാര്യം സ്ഥിരീകരിച്ച് പാകിസ്താൻ. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ അത്തരത്തിൽ ഒരു കുറ്റവാളിക്കൈമാറ്റ ഉടമ്പടി ഇല്ലെന്ന് പാക് വിദേശകാര്യ ഓഫീസ് വക്താവ് മുംതാസ് സഹ്റ ബലോചിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

To advertise here,

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച അപേക്ഷ പാകിസ്താന് കൈമാറിയതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് ഇപ്പോൾ പാക് അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.

ഹാഫിസ് സയീദിനെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യയുടെ അപേക്ഷ ലഭിച്ചിരുന്നു. എന്നാൽ പാകിസ്താനും ഇന്ത്യയും തമ്മിൽ അത്തരത്തിൽ ഒരു കുറ്റവാളിക്കൈമാറ്റ ഉടമ്പടി നിലനിൽക്കുന്നില്ല, പാക് വക്താവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 

77 കാരനായ ഹാഫിസ് സയീദ് നിലവില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പണം സ്വരൂപിച്ച കേസില്‍ പാക് ജയിലില്‍ 33 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. പാകിസ്താന്‍ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെതിരെ കേസ് ഫയല്‍ ചെയ്തത്.

ഹാഫിസ് സയീദിന്റെ മകനും ലഷ്‌കറെ തൊയ്ബ നേതാവുമായ ഹാഫിസ് തല്‍ഹ സയീദ് പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് ഹാഫിസിനെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ. ഹാഫിസ് സെയ്ദ് കഴിഞ്ഞാല്‍ ലഷ്‌കറെ തൊയ്ബയിലെ രണ്ടാമന്‍ മകനായ തല്‍ഹയാണ്. കഴിഞ്ഞ വര്‍ഷം ഇയാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യു.എ.പി.എ ചുമത്തി തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

2008 നവംബര്‍ മാസത്തിലാണ് രാജ്യത്തെ ഭീതിയിലാഴ്ത്തിയ ഭീകരാക്രമണം നടന്നത്. നവംബര്‍ 26-ന് തുടങ്ങിയ ഈ ആക്രമണം നവംബര്‍ 29-ന് ഇന്ത്യന്‍ സൈന്യം അക്രമികളെ വധിക്കുന്നതുവരെ നീണ്ടുനിന്നു. 22 വിദേശികളടക്കം 166 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. മലയാളി ദേശീയ സുരക്ഷാസേന കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെ ഒട്ടേറെ പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.